
കൊച്ചി ∙ ‘ഭാവിയിലേക്ക് തയാറാകുന്ന’തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസിൽ (ടിസിഎസ്) കൂട്ട പിരിച്ചുവിടൽ നടത്തിയതിൽ ആശങ്കയോടെ ഐടി ലോകം.
ഈ വർഷം ടിസിഎസിന്റെ ലോകത്തെമ്പാടുമുള്ള ശാഖകളിൽ ജോലിചെയ്യുന്ന 12,000 പേർക്കായിക്കും ജോലി നഷ്ടപ്പെടുക. ഇത് കമ്പനിയുടെ ആകെയുള്ള ജോലിക്കാരുടെ 2% വരും.
ടിസിഎസിന്റെ ഈ നീക്കത്തെത്തുടർന്ന് 28,000 കോടി ഡോളർ വാർഷിക വിറ്റുവരവുള്ള ഐടി മേഖലയാകെ ഭീതിയിലാണ്.
അമേരിക്കൻ ഐടി കമ്പനികളുടെ പാത പിന്തുടർന്ന്, കൂടുതൽ കമ്പനികൾ ഇന്ത്യയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുമോ എന്നാണ് ജീവനക്കാർ ഭയക്കുന്നത്. നാസ്കോം (നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കമ്പനീസ്) കണക്കനുസരിച്ചു 2024-25 സാമ്പത്തിക വർഷം ഐടി മേഖലയിൽ നേരിട്ട് ജോലി ചെയ്തിരുന്നത് 5 കോടി 80 ലക്ഷം പേരാണ്.
സമൂഹമാധ്യമങ്ങളിലും വിഷയം വലിയ ചർച്ചയായിട്ടുണ്ട്.
ഐടി കമ്പനികൾ എഐയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ മനുഷ്യശേഷിയുടെ ആവശ്യം കുറയുമെന്നും ഇതു മുന്നിൽക്കണ്ടാണ് പിരിച്ചുവിടലെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ഇന്ത്യൻ ഐടി കമ്പനികൾ പ്രത്യക്ഷത്തിൽ ഇതിനോട് യോജിക്കുന്നില്ല.
വർഷം 3000 കോടി ഡോളർ വിറ്റുവരവുള്ള ടിസിഎസിൽ 6 ലക്ഷം പേരാണ് ജോലിചെയ്യുന്നത്.
ഇതിൽ മുൻനിരയിലും മധ്യനിരയിലും ജോലിചെയ്യുന്ന 12,000 പേരെയാണ് വിടുതൽ ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി മെയിലിലൂടെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
ഭാവിയിലേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണു പുനഃക്രമീകരണം ആവശ്യമായി വന്നതെന്നാണ് ടിസിഎസിന്റെ ഭാഷ്യം.
ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കൃതിവാസൻ, കമ്പനി നിർമിത ബുദ്ധിയെ കൂടുതൽ ആശ്രയിക്കുന്നതുകൊണ്ടാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നതെന്ന ആരോപണം നിഷേധിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ആവശ്യവും ജോലിക്കാരുടെ നൈപുണ്യവും തമ്മിലുള്ള ചേർച്ചക്കുറവാണ് 12,000 പേരുടെ സേവനം അവസാനിപ്പിക്കാൻ കമ്പനിയെ നിർബന്ധിതമാക്കിയതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഗുണമേൻമയുള്ള പ്രതിഭകളെ കമ്പനി തുടർന്നും സ്വാഗതം ചെയ്യുമെന്നും കൃതിവാസൻ പറഞ്ഞു.
സാമ്പത്തിക മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും നിർമിത ബുദ്ധിയുടെ കടന്നുകയറ്റവും മൂലം ഐടി മേഖലയിൽ ജോലി സാധ്യത കുറഞ്ഞു വരുന്നുണ്ട്. ടിസിഎസിൽ കഴിഞ്ഞ മൂന്ന് പാദങ്ങളിൽ ജോലിക്കാരുടെ എണ്ണം താഴേക്കായിരുന്നു.സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ടുവെന്നും ഐടി മന്ത്രാലയം അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]