അമേരിക്കയിൽ നിന്ന് വീശിയെത്തിയ ഊർജം മുതലെടുത്ത് കേരളത്തിൽ ഇന്നു സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം. സാധാരണ ദിവസവും രാവിലെ 9.24ഓടെയാണ് കേരളത്തിൽ സ്വർണവില നിർണയം.
എന്നാൽ, രാജ്യാന്തര വില വീണ്ടും കുതിപ്പുതുടങ്ങിയതോടെ കേരളത്തിൽ ഇന്നു രാവിലെ എട്ടരയോടെ തന്നെ വില കൂടി. ആഭരണപ്രിയർക്ക് വീണ്ടും നിരാശ സമ്മാനിച്ച് ഗ്രാമിന് 60 രൂപ വർധിച്ച് വില 9,210 രൂപയും പവന് 480 രൂപ ഉയർന്ന് 73,680 രൂപയുമായി.
അമേരിക്കയിലെ അടിസ്ഥാന പിലശനിരക്കിന്റെ ‘ഭാവി’ സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വർണവിലയ്ക്ക് പുത്തനൂർജം പകർന്നത്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.16% താഴ്ന്ന് 98.73ൽ എത്തിയതും സ്വർണത്തിന് കരുത്തായി. 15 ഡോളർ വർധിച്ച് 3,327 ഡോളറിലാണ് നിലവിൽ രാജ്യാന്തര വിലയുള്ളത്.
സ്വർണത്തിനു പുത്തനാവേശം
കഴിഞ്ഞ 5 ദിവസങ്ങൾക്കിടെ പവന് 1,840 രൂപയും ഗ്രാമിന് 235 രൂപയും ഇടിഞ്ഞശേഷമാണ് ഇന്നു കേരളത്തിൽ സ്വർണത്തിന്റെ ‘പുലർകാല’ ഉയിർത്തെണീക്കൽ.
എന്തുകൊണ്ട് സ്വർണവില വീണ്ടും തിരിച്ചുകയറി? കാരണങ്ങൾ നോക്കാം:
1) യുഎസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയ പ്രഖ്യാപനം ഇന്നാണ്. പലിശ കുറയ്ക്കാൻ സാധ്യതയില്ല.
2) യുഎസ് ഫെഡ് പലിശ കുറച്ചില്ലെങ്കിൽ അമേരിക്കയിൽ അതു വൻ കോലാഹലങ്ങൾക്ക് വഴിവയ്ക്കും.
യുഎസ് പ്രസിഡന്റ് ട്രംപും യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത അതിരൂക്ഷമാകും.
3) പവലിനെ പുറത്താക്കാൻ ട്രംപ് ശ്രമിച്ചേക്കും. ഇത് യുഎസ് സാമ്പത്തികമേഖലയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
ഈ ഭീതി അവസരമായി എടുത്താണ് സ്വർണത്തിന്റെ തിരിച്ചുകയറ്റം.
4) ഇനി ട്രംപിനു വഴങ്ങി പവൽ പലിശ കുറച്ചാലും സ്വർണവില കുതിക്കും. കാരണം, പലിശ കുറഞ്ഞാൽ ബാങ്ക് നിക്ഷേപം, ഡോളർ, യുഎസ് ബോണ്ട് യീൽഡ് എന്നിവ തളരും.
ഇതു സ്വർണത്തിന് നേട്ടമാകും.
കേരളത്തിലെ ആവേശക്കാറ്റ്
കേരളത്തിൽ സ്വർണവില നിർണയിക്കുന്നതിന്റെ ഘടകങ്ങളായ മുംബൈ വിപണിയിലെ വില ഇന്നു രാവിലെ ഗ്രാമിന് 67 രൂപയും ബാങ്ക് റേറ്റ് 65 രൂപയും വർധിച്ചു. ഇതാണ് കേരളത്തിൽ വില കുതിക്കാൻ വഴിയൊരുക്കിയത്.
ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ അത് സ്വർണ വ്യാപാരികൾക്ക് നൽകുന്ന നിരക്കാണ് ബാങ്ക് റേറ്റ്.
∙ സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഇന്നു ഗ്രാമിന് 50 രൂപ ഉയർന്ന് 7,595 രൂപയായി.
∙ മറ്റു ചില ജ്വല്ലറികൾ നിശ്ചയിച്ച വില 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ ഉയർത്തി 7,555 രൂപ.
∙ വെള്ളി വില മാറിയില്ല. എങ്കിലും, വില വ്യത്യസ്തമാണ്.
ചില ജ്വല്ലറികളിൽ ഗ്രാമിന് 125 രൂപ. മറ്റ് ജ്വല്ലറികളിൽ 123 രൂപ.
∙ 14 കാരറ്റ് സ്വർണവില മാറ്റമില്ലാതെ 5,855 രൂപ.
9 കാരറ്റിന് ഗ്രാമിന് 20 രൂപ ഉയർന്ന് 3,795 രൂപ.
ശ്രദ്ധിക്കാം ഇക്കാര്യം
സ്വർണം വാങ്ങുമ്പോൾ അടിസ്ഥാന വിലയ്ക്ക് പുറമെ ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവയും നൽകണം. 3 ശതമാനമാണ് ജിഎസ്ടി.
ഹോൾമാർക്ക് ചാർജ് 53.10 രൂപ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും.
ബ്രാൻഡഡ് ജ്വല്ലറികൾക്ക് ഇതു 35 ശതമാനം വരെയൊക്കെയാകാം. ശരാശരി 10% പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]