
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ അമേരിക്കയും ചൈനയും തമ്മിലെ മാരത്തൺ വ്യാപാരക്കരാർ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞത് രാജ്യാന്തര സാമ്പത്തികരംഗത്ത് വീണ്ടും നിരാശയുടെ കരിനിഴൽ വീഴ്ത്തുന്നു. സ്വീഡനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎസ്-ചൈന പ്രതിനിധികൾ മണിക്കൂറുകൾ നീണ്ട
ചർച്ചകൾ നടത്തിയെങ്കിലും സമവായമായില്ല.
എന്നാൽ, ഇരു രാജ്യങ്ങളും തമ്മിൽ നേരത്തേ പ്രഖ്യാപിച്ച 90-ദിവസത്തേക്ക് താരിഫുകൾ മരവിപ്പിച്ച തീരുമാനം തുടരാൻ ധാരണയായെന്ന് ചർച്ചയിൽ സംബന്ധിച്ച ചൈനീസ് പ്രതിനിധി ലി ചെങ്ഗാങ് പറഞ്ഞു. അതേസമയം, ധാരണയൊന്നുമായില്ലെന്നും അന്തിമതീരുമാനം വൈകാതെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുമെന്നുമാണ് യുഎസ് പ്രതിനിധി ജേമിസൺ ഗ്രീർ പ്രതികരിച്ചത്.
ഇരു രാജ്യങ്ങളും കഴിഞ്ഞ മേയിലാണ് ചർച്ച നടത്തുകയും പരസ്പരം പ്രഖ്യാപിച്ച പകരംതീരുവ ഈടാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിക്കാനും തീരുമാനിച്ചത്.
ഈ സമയപരിധി ഓഗസ്റ്റ് 12 വരെയാണ്. നിലവിൽ ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ യുഎസ് 30 ശതമാനവും യുഎസ് ഉൽപന്നങ്ങൾക്കുമേൽ ചൈന 10 ശതമാനവും തീരുവയാണ് ഈടാക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ട്രംപ് ചൈനയ്ക്കുമേൽ 34% തീരുവ ചുമത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തൊട്ടടുത്ത ആഴ്ചയിൽ അത് 145 ശതമാനത്തിലേക്ക് കുത്തനെ കൂട്ടിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധം കലുഷിതമായത്.
തുടർന്നായിരുന്നു മേയിലെ ചർച്ചയും തൽക്കാലം 90 ദിവസത്തേക്ക് തീരുവ മരവിപ്പിക്കാൻ തീരുമാനിച്ചതും.
വിലങ്ങുതടിയായി ‘പ്രേതക്കപ്പൽ’
ഓഗസ്റ്റ് 12നകം യുഎസുമായി ധാരണയിലെത്താൻ ചൈനയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഏപ്രിലിൽ പ്രഖ്യാപിച്ച നിരക്കിലേക്ക് ചൈനയ്ക്കുമേലുള്ള തീരുവ ഉയർത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. ചൈനയിൽ നിന്ന് യുഎസിലേക്കുള്ള ഫെന്റനിൽ (കരുത്തേറിയ വേദനസംഹാരി) ഇറക്കുമതിയാണ് യുഎസ് ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയം.
കുറഞ്ഞ തീരുവയുടെ പിൻബലത്തിൽ ഇതു യുഎസിലേക്ക് വ്യാപകമായി എത്തുന്നത് മയക്കുമരുന്ന് ഉപയോഗമെന്നോണം വർധിക്കാൻ ഇടയാക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
∙ അമേരിക്കയുടെ കടുത്ത ഉപരോധമുള്ള റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ചൈന വൻതോതിൽ എണ്ണ (ക്രൂഡ് ഓയിൽ) വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്ന മറ്റൊരുകാര്യം.
∙ നിലവിൽ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളാണ് ചൈന. റഷ്യയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവും.
∙ ഇരു രാജ്യങ്ങളിൽ നിന്നും ‘പ്രേതക്കപ്പൽ’ അഥവാ ‘ഗോസ്റ്റ് ഷിപ്പ്’ എന്ന് വിളിപ്പേരുള്ള എണ്ണക്കപ്പലുകൾ ഉപയോഗിച്ച് ചൈന എണ്ണ ഇറക്കുമതി ചെയ്യുന്നതാണ് യുഎസിനെ അലോസരപ്പെടുത്തുന്നത്.
∙ വാണിജ്യ ട്രാക്കിങ് സംവിധാനങ്ങൾക്ക് പിടികൊടുക്കാതെ ചരക്കുനീക്കം നടത്തുന്നതുകൊണ്ടാണ് ഈ കപ്പലുകൾക്ക് ‘പ്രേതക്കപ്പൽ’ എന്ന വിളിപ്പേര് വന്നത്.
∙ റഷ്യൻ എണ്ണയ്ക്കുമേൽ 47 ഡോളർ എന്ന പരമാവധി പരിധി യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിരുന്നു.
ഇതു ലംഘിച്ചാണ് ചൈനയുടെ എണ്ണവാങ്ങലെന്നും സംശയിക്കുന്നു.
∙ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണവാങ്ങുന്ന ചൈന, യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി പിന്തുണയ്ക്കുകയാണെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ആരോപിക്കുന്നു. ഇന്ത്യയ്ക്കുമേലും സമാന ആരോപണമുണ്ട്.
ഇന്ത്യയെ നോവിക്കാൻ ട്രംപ്
ഇന്ത്യ, യുഎസ് പ്രതിനിധികൾ തമ്മിലെ അടുത്ത വ്യാപാര ചർച്ച ഇന്ത്യയിൽ ഓഗസറ്റ് 12നാണ്.
ഏപ്രിലിലെ പകരംതീരുവ പ്രഖ്യാപനപ്രകാരം ഇന്ത്യയ്ക്കുമേൽ 10% അടിസ്ഥാന തീരുവയടക്കം 36% തീരുവയാണ് ട്രംപ് ചുമത്തിയത്. ഇതു പിന്നീട് മൂന്നുമാസത്തേക്ക് മരവിപ്പിച്ചു.
ഇപ്പോൾ ചർച്ച പുരോഗമിക്കവേ, ട്രംപ് ഇന്നലെ വ്യക്തമാക്കിയത് ഇന്ത്യയ്ക്കുമേൽ 20-25% തീരുവ ചുമത്തിയേക്കുമെന്നാണ്. അങ്ങനെയായാൽ, ഇന്ത്യയ്ക്കത് കനത്ത ആഘാതമാകും.
കാരണങ്ങൾ നോക്കാം:
∙ വ്യാപാര രംഗത്തെ എതിരാളികളേക്കാൾ കുറഞ്ഞ തീരുവയേ ചുമത്താവൂ എന്നാണ് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെടുന്നത്.
∙ ഫിലിപ്പീൻസിന് 19%, ഇന്തൊനീഷ്യയ്ക്ക് 19%, ജപ്പാന് 15%, യൂറോപ്യൻ യൂണിയന് 15%, വിയറ്റ്നാമിന് 20% എന്നിങ്ങനെയാണ് ട്രംപ് പ്രഖ്യാപിച്ച തീരുവ.
∙ ഇതിലും കുറവായിരിക്കണം ഇന്ത്യയ്ക്കുമേലുള്ളത് എന്നാണ് ഇന്ത്യൻ പ്രതിനിധികൾ ആവശ്യപ്പെടുന്നത്.
∙ ചൈനയിൽ നിന്ന് നിരവധി കമ്പനികൾ പ്രവർത്തനം ചുരുക്കി മറ്റു രാജ്യങ്ങളിലേക്ക് മാറുകയാണ്.
∙ ഇത്തരം കമ്പനികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ട്രംപ് വലിയ തീരുവ പ്രഖ്യാപിച്ചാൽ ഇന്ത്യയ്ക്കത് വൻ തിരിച്ചടിയാകും.
∙ ഇന്ത്യയുടെ ക്ഷീര, കാർഷിക വിപണികൾ തുറന്നുകിട്ടണമെന്ന ട്രംപിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ല.
ഓഹരി വിപണികളിൽ നിരാശ വിതച്ച് പലിശപ്പേടിയും
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പലിശനയം പ്രഖ്യാപിക്കും.
പലിശ കൂട്ടുമെന്ന ഭയം വിപണിക്കില്ല. പക്ഷേ, ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത് പലിശ കുത്തനെ വെട്ടിക്കുറയ്ക്കണം എന്നുതന്നെയാണ്.
അതിനു ഫെഡറൽ റിസർവ് തയാറാകാതെ, പലിശനിലനിർത്താനാണ് തീരുമാനമെങ്കിൽ ട്രംപും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത ‘കത്തും’. അത്തരമൊരു സാഹചര്യം അമേരിക്കയ്ക്കു മാത്രമല്ല, ലോക സമ്പദ്മേഖലയെയാകെ ഉലയ്ക്കും.
പവലിനെ കാലാവധി പൂർത്തിയാക്കുംമുൻപ് ട്രംപ് പുറത്താക്കിയാൽ യുഎസ് ഓഹരി വിപണികൾ കനത്ത തകർച്ച നേരിടുമെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്. അത്, ഇന്ത്യൻ വിപണിയെ ഉൾപ്പെടെ പിടിച്ചുലയ്ക്കും.
∙ യുഎസ് ഓഹരി വിപണികളായ എസ് ആൻഡ് പി500 സൂചിക 0.30%, ഡൗ ജോൺസ് 0.46%, നാസ്ഡാക് 0.38% എന്നിങ്ങനെ ഇടിഞ്ഞു.
∙ മെറ്റ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ, ഫോഡ് തുടങ്ങിയവ വൈകാതെ ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടുമെന്നതും ആശങ്കപ്പെടുത്തുന്നു.
കണക്കുകൾ നിരാശപ്പെടുത്തിയാൽ ഓഹരികളെ അതു തളർത്തും.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ സൂചിക 0.60% നേട്ടത്തിലായി.
∙ ജാപ്പനീസ് നിക്കേയ് 0.11%, ഹോങ്കോങ് വിപണി 0.46% എന്നിങ്ങനെ നഷ്ടത്തിലാണുള്ളത്. ഷാങ്ഹായ് വിപണി 0.49% ഉയർന്നു.
∙ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.52% നേട്ടം കൈവരിച്ചു.
ഓസ്ട്രേലിയയിൽ ജൂൺപാദ പണപ്പെരുപ്പം 2021നുശേഷമുള്ള താഴ്ചയിലെത്തിയത് ഓഹരികളെ ആവേശത്തിലാക്കി.
ഗിഫ്റ്റ് നിഫ്റ്റി നിർജീവം
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ കാര്യമായ ഉഷാറില്ലാതെയാണ് വ്യാപാരം ചെയ്തത്. രാവിലെ 6.34 പ്രകാരം 1.50 പോയിന്റ് നഷ്ടത്തിലായിരുന്നു സൂചിക.
ഏതാനും ദിവസത്തെ നഷ്ടയാത്രയ്ക്കു ശേഷം സെൻസെക്സും നിഫ്റ്റിയും ഇന്നലെ 0.5% നേട്ടം കൈവരിച്ചിരുന്നു. ഇന്നു സൂചികകൾ സമ്മർദത്തിലായേക്കാം.
∙ പവർഗ്രിഡ്, ഇൻഡിഗോ, ടാറ്റാ സ്റ്റീൽ, ഹ്യുണ്ടായ്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഇന്നു ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടും.
∙ ജിയോ ഫിനാൻഷ്യൽ ബോർഡ് യോഗം ഇന്നു നടക്കും; ഫണ്ട് സമാഹരണം തീരുമാനിക്കുകയാണ് ഉദ്ദേശ്യം.
∙ എൽ ആൻഡ് ടി, എൻടിപിസി എന്നിവ ഇന്നലെ ഭേദപ്പെട്ട
പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 12 പൈസ താഴ്ന്ന് 86.82ൽ എത്തി. യുഎസ് ഡോളർ ഇൻഡക്സിന്റെ കരകയറ്റം, ക്രൂഡ് ഓയിൽ വില വർധന, ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപ നഷ്ടം എന്നിവയാണ് രൂപയെ തളർത്തുന്നത്.
∙ ഇന്നലെയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) 4,637 കോടി രൂപ ഇന്ത്യയിൽ നിന്ന് പിൻവലിച്ചു.
എണ്ണയും സ്വർണവും
യുഎസ്-യൂറോപ്യൻ യൂണിയൻ ഡീൽ, ഉൽപാദനത്തിൽ തൽസ്ഥിതി തുടരാനുള്ള ഒപെക്കിന്റെ തീരുമാനം എന്നിവ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയ്ക്ക് കുതിപ്പേകി.
ബ്രെന്റ് വില ബാരലിന് 72 ഡോളർ ഭേദിച്ചു. ഡബ്ല്യുടിഐ ക്രൂഡ് വില 69 ഡോളറും.
∙ യുഎസ്-ചൈന ചർച്ച തീരുമാനമാകാതെ പിരിഞ്ഞതും യുഎസിലെ പലിശനിരക്കിന്റെ ദിശ സംബന്ധിച്ച അനിശ്ചിതത്വവും സ്വർണത്തിന് നേരിയ ഉണർവ് നൽകി.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 19 ഡോളർ ഉയർന്ന് 3,332 ഡോളറിലെത്തി.
∙ കേരളത്തിൽ ഇന്നു സ്വർണവില കൂടിയേക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.
എൻഎസ്ഡിഎൽ ഐപിഒ ഇന്ന്
നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്ഡിഎൽ) പ്രാരംഭ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കമാകും.
ഓഹരി, കടപ്പത്രം തുടങ്ങിയവ ഡിജിറ്റൽ (ഡിമെറ്റീരിയലൈസ്ഡ്) രൂപത്തിൽ സൂക്ഷിക്കുന്ന കമ്പനിയാണ് എൻഎസ്ഡിഎൽ. 4,100 കോടി രൂപയാണ് ഐപിഒയുടെ ലക്ഷ്യം.
ഇഷ്യൂ വില 760-800 രൂപ. ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) ഉൾപ്പെടെ ഐപിഒയുടെ വിശേഷങ്ങൾ
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]