
പ്രവചനങ്ങൾ ഏറക്കുറെ ശരിവച്ച് കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇന്ത്യക്ക് 6.5% ജിഡിപി വളർച്ച (India’s GDP Growth). ഇന്ത്യ 6.5% മൊത്ത ആഭ്യന്തര ഉൽപാദന (GDP) വളർച്ചനിരക്ക് രേഖപ്പെടുത്തുമെന്നായിരുന്നു കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രതീക്ഷിച്ചിരുന്നത്.
2023-24ൽ വളർച്ച 9.2 ശതമാനമായിരുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ആദ്യ പുനർനിർണയ അനുമാനക്കണക്ക് (FRE) വ്യക്തമാക്കി.
ഇന്ത്യ 2022-23ൽ 7.6 ശതമാനവും 2021-22ൽ 9.7 ശതമാനവും വളർന്നിരുന്നു. കോവിഡ് പ്രതിസന്ധി നിറഞ്ഞുനിന്ന 2020-21ലെ നെഗറ്റീവ് 5.8 ശതമാനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളർച്ചനിരക്കുമാണ് കഴിഞ്ഞവർഷത്തേത്.
ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് മുൻവർഷങ്ങളിൽ (ചിത്രം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)
ആദ്യപാദങ്ങളിൽ, പ്രത്യേകിച്ച് രണ്ടാംപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ഉപഭോക്തൃച്ചെലവുകൾ കുറഞ്ഞതും മധ്യവർഗ കുടുംബങ്ങൾ നേരിട്ട സാമ്പത്തിക ഞെരുക്കവുമാണ് പ്രധാനമായും കഴിഞ്ഞവർഷത്തെ ജിഡിപി വളർച്ചയെ താഴേക്കുനയിച്ചത്.
എന്നാൽ, തുടർന്നുള്ള പാദങ്ങളിൽ സ്ഥിതിമെച്ചപ്പെട്ടു. ഡിസംബർപാദത്തിൽ ഗ്രാമീണ ഉപഭോഗം ഉയർന്നതും പ്രതീക്ഷിച്ച മഴ ലഭിച്ചതും നേട്ടമായപ്പോൾ കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ച്) ഗുണം ചെയ്തത് പലിശനിരക്കും (റീപ്പോനിരക്ക്) നികുതിഭാരവും (ഇൻകംടാക്സ്) കുറഞ്ഞതാണ്.
കഴിഞ്ഞ പാദങ്ങളിലെ വളർച്ച (ചിത്രം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)
കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ച്) ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ 4 പാദങ്ങളിലെ ഏറ്റവും ഉയരമായ 7.4 ശതമാനമായും മെച്ചപ്പെട്ടു. പണപ്പെരുപ്പം മികച്ച തോതിൽ (നിലവിൽ 6 വർഷത്തെ താഴ്ച) കുറഞ്ഞതും ഗ്രാമീണ മേഖലകളിൽ ഉപഭോക്തൃച്ചെലവുകൾ മെച്ചപ്പെട്ടതും വർഷത്തെ അവസാനപാദങ്ങളിൽ ജിഡിപിയുടെ കരകയറ്റത്തിനു സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
അതേസമയം, മുൻവർഷത്തെ സമാനപാദത്തിൽ (2023-24 ജനുവരി-മാർച്ച്) വളർച്ച 8.4 ശതമാനമായിരുന്നു. പിടിച്ചുനിന്നത് കൃഷി മാത്രം കാർഷിക മേഖല മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ചയിൽ മികവുകാട്ടിയതെന്ന നിരാശയുണ്ട്.
കഴിഞ്ഞവർഷം ഈ മേഖലയുടെ വളർച്ചനിരക്ക് മുൻവർഷത്തെ 2.7 ശതമാനത്തിൽ നിന്നുയർന്ന് 4.6 ശതമാനമായി. ഖനനമേഖല 3.2ൽ നിന്ന് 2.7 ശതമാനത്തിലേക്ക് ഇടിഞ്ഞു.
സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ മാനുഫാക്ചറിങ് 12.3ൽ നിന്ന് 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് ഉപഭോക്തൃവിപണി നേരിട്ട തളർച്ചയുടെ ആഴം വ്യക്തമാക്കുന്നു.
നിർമാണമേഖലയുടെ വളർച്ച 10.4ൽ നിന്ന് 9.4 ശതമാനമായി. വിവിധ മേഖലകളുടെ കഴിഞ്ഞവർഷ വളർച്ച (ചിത്രം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)
വൈദ്യുതി, ഗ്യാസ്, കുടിവെള്ളം തുടങ്ങിയ യൂട്ടിലിറ്റി മേഖലയുടെ വളർച്ചനിരക്ക് 8.6ൽ നിന്ന് കുറഞ്ഞ് 5.9 ശതമാനത്തിലെത്തി.
വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ എന്നിവ ഉൾപ്പെട്ട മേഖലയുടെ വളർച്ചനിരക്ക് 7.5ൽ നിന്ന് 6.1 ശതമാനമായി കുറഞ്ഞു.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷനൽ സർവീസസ് എന്നിവയുടെ വളർച്ച 7.2%. മുൻവർഷം 10.3 ശതമാനമായിരുന്നു.
പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെട്ട മേഖല 8.8ൽ നിന്ന് 8.9 ശതമാനത്തിലേക്ക് നില നേരിയതോതിൽ മാത്രം മെച്ചപ്പെടുത്തി.
വിവിധ മേഖലകളുടെ കഴിഞ്ഞപാദ വളർച്ച (ചിത്രം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)
കഴിഞ്ഞപാദത്തിൽ കാർഷികമേഖല 0.9ൽ നിന്ന് 5.4 ശതമാനത്തിലേക്ക് മികവോടെ വളർന്നു. ഖനന മേഖല 0.8ൽ നിന്ന് 2.5 ശതമാനത്തിലേക്കും ഉയർന്നു.
പക്ഷേ, മാനുഫാക്ചറിങ് 11.3ൽ നിന്ന് 4.8 ശതമാനത്തിലേക്ക് വീണു. വൈദ്യുതി ഉൾപ്പെട്ട
മേഖല 8.8ൽ നിന്ന് 5.4 ശതമാനത്തിലേക്കും വ്യാപാരം ഉൾപ്പെടുന്ന മേഖല 6.2ൽ നിന്ന് 6 ശതമാനത്തിലേക്കും ധനകാര്യം, റിയൽ എസ്റ്റേറ്റ് മേഖല 9ൽ നിന്ന് 7.8 ശതമാനത്തിലേക്കും തളർന്നു. നിർമാണമേഖല 8.7ൽ നിന്ന് 10.8 ശതമാനത്തിലേക്ക് ഉയർന്നത് ആശ്വാസമായി.
പൊതുഭരണ മേഖലയുടെ വളർച്ചനിരക്ക് മാറിയില്ല; 8.7%. ജിഡിപി മൂല്യം 187.97 ലക്ഷം കോടി കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി മൂല്യം 187.97 ലക്ഷം കോടി രൂപയാണ്.
മുൻവർഷത്തെ 176.51 ലക്ഷം കോടി രൂപയിൽ നിന്ന് 6.5% വളർന്നു. ഇതാണ് ജിഡിപി വളർച്ച.
ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ആ വർഷത്തെ ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) മൂല്യം. സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും ചെയ്യുന്നതുവഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുക.
representative image (Shutterstock/AJP)
ജനുവരി-മാർച്ചിലെ ജിഡിപി മൂല്യം 51.35 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിലെ 47.82 ലക്ഷം കോടി രൂപയേക്കാൾ 7.4% വളർച്ച.
കഴിഞ്ഞവർഷം ആളോഹരി വരുമാനം അഥവാ പെർ ക്യാപിറ്റ നെറ്റ് നാഷണൽ ഇൻകം (Per Capita NNI) മുൻവർഷത്തെ 1.88 ലക്ഷം രൂപയിൽ നിന്നുയർന്ന് 2.05 ലക്ഷം രൂപയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു; 8.6 ശതമാനമാണ് വളർച്ച. തിളക്കം മായാതെ ഇന്ത്യ ജിഡിപിയിൽ ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന (Fastest growing major economy) നേട്ടം കഴിഞ്ഞപാദത്തിലും ഇന്ത്യ തന്നെ നിലനിർത്തി.
സാമ്പത്തികരംഗത്തെ ബദ്ധവൈരിയായ ചൈനയുടെ വളർച്ച പ്രതീക്ഷകളെ മറികടന്ന് 5.4 ശതമാനമായെങ്കിലും ഇന്ത്യയുടെ ഒപ്പമെത്താനായില്ല. യുഎസ് നെഗറ്റീവ് 0.2 ശതമാനവും ജപ്പാൻ നെഗറ്റീവ് 0.7 ശതമാനവുമാണ് വളർന്നത്.
ജർമനി 0.4 ശതമാനം മാത്രം. 0.7 ശതമാനമാണ് യുകെയുടെ വളർച്ച.
ഫ്രാൻസിന്റേത് 0.1 ശതമാനം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]