ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനിയുടെ ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വാഴുന്ന ‘സാറ്റലൈറ്റ് ഇന്റർനെറ്റ്’ മേഖലയിലേക്ക് ഇനി ജെഫ് ബെസോസിന്റെ ആമസോണും. കയ്പെർ എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹ ഇന്റർനെറ്റ് പ്രോജക്ടിലെ ആദ്യ ബാച്ചിലെ 27 സാറ്റലൈറ്റുകൾ കമ്പനി ഇന്നലെ വിക്ഷേപിച്ചു. 2023ൽ ആമസോൺ രണ്ട് പരീക്ഷണ സാറ്റലൈറ്റുകളും വിക്ഷേപിച്ചിരുന്നു. 

ഇതിൽ കാര്യമായ അപ്ഡേഷനുകൾ വരുത്തിയാണ് പുതിയ ബാച്ച് വിക്ഷേപിച്ചിരിക്കുന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി റോക്കറ്റിലാണ് വിക്ഷേപണം. ബ്ലൂ ഒറിജിൻ എന്ന സ്പേസ് ടെക് കമ്പനി സ്വന്തമായുള്ള ജെഫ് ബെസോസ്, കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റ് ലോകം മുഴുവൻ എത്തിക്കുന്നതിന്റെ ഭാഗമായി 3236 സാറ്റലൈറ്റുകൾ കൂടി ഉടൻ ഭ്രമണപഥത്തിലെത്തിക്കും. ഈ വർഷം 5 വിക്ഷേപണ ദൗത്യങ്ങൾകൂടി കമ്പനി ലക്ഷ്യം വയ്ക്കുന്നുണ്ട്. 

വിക്ഷേപണം നേരത്തെ നിശ്ചയിച്ചിരുന്നത് ഈ മാസം ആദ്യമാണെങ്കിലും മോശം കാലാവസ്ഥയെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. 10 ബില്യൻ ഡോളറിന്റേതാണ് ആമസോണിന്റെ ഉപഗ്രഹ അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സംരംഭമായ പ്രോജക്ട് കയ്പെർ. 2019ലാണ് മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതി ആരംഭിച്ചത്. ഇതിനോടകം 7000 സാറ്റലൈറ്റുകൾ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ചിട്ടുണ്ട്. 

English Summary:

Amazon’s Project Kuiper launches its first batch of satellites, challenging SpaceX’s Starlink dominance in the global satellite internet market. This ambitious project aims to deliver affordable, high-speed internet access worldwide.