
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി/US GDP Shrinks) വളർച്ച 2025ന്റെ ആദ്യ ത്രൈമാസമായ ജനുവരി-മാർച്ചിൽ നെഗറ്റീവിലേക്ക് കൂപ്പുകുത്തി. ട്രംപിന്റെ (Donald Trump) പല നയങ്ങളും ഉപഭോക്തൃ, ബിസിനസ് സംതൃപ്തിയെ തകിടംമറിച്ചതാണ് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു.
നെഗറ്റീവ് 0.3 ശതമാനത്തിലേക്കാണ് വളർച്ചനിരക്ക് ഇടിഞ്ഞത്. പോസിറ്റിവ് 0.2 ശതമാനത്തിൽ കുറയാത്ത വളർച്ചയുണ്ടാകുമെന്ന പ്രവചനങ്ങളെല്ലാം പാളി. ഡിസംബർ പാദത്തിൽ വളർച്ചനിരക്ക് 2.4 ശതമാനമായിരുന്നു. 2024 ജനുവരി-മാർച്ചിൽ 1.4 ശതമാനവും.
2022 ജനുവരി-മാർച്ച് പാദത്തിനുശേഷം യുഎസ് കുറിച്ച ഏറ്റവും മോശം ജിഡിപി വളർച്ചനിരക്കും നെഗറ്റീവ് വളർച്ചയുമാണിത്. യുഎസ് മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ഭീതിയും ട്രംപിന്റെ നയങ്ങൾ വ്യാപാരയുദ്ധത്തിന് വഴിവയ്ക്കുമെന്ന വിലയിരുത്തലുകളും സമ്പദ്വ്യവസ്ഥയെ തളർത്തുകയായിരുന്നു. ജിഡിപി കണക്ക് പുറത്തുവന്നതിനു പിന്നാലെ യുഎസ് ഓഹരി വിപണിയിൽ തകർച്ചയും തുടങ്ങി. ഡൗ ജോൺസ് 668 പോയിന്റും (-1.65%) എസ് ആൻഡ് പി500 സൂചിക 108.7 പോയിന്റും (-1.96%) നാസ്ഡാക് 435 പോയിന്റും (-2.49%) ഇടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്.
അതേസമയം, ജിഡിപിയുടെ വീഴ്ചയിൽ മുൻ പ്രസിഡന്റ് ജോ ബൈഡനെ പഴിചാരി ട്രംപ് രംഗത്തെത്തി. ബൈഡൻ ഭരണകൂടത്തിന്റെ തെറ്റായനയങ്ങൾ ഏൽപ്പിച്ച ആഘാതമാണ് സമ്പദ്വ്യവസ്ഥയെ തളർത്തുന്നതെന്നും മികച്ച വളർച്ചയിലേക്ക് തിരികെയെത്താൻ കാലതാമസമെടുക്കുമെന്നും ട്രംപ് പറഞ്ഞു.
‘‘ഞാൻ ജനുവരി 20ന് മാത്രമാണ് പ്രസിഡന്റ് ആയി ചുമതലയേറ്റത്. ഈ വീഴ്ച (ജിഡിപി, ഓഹരി വിപണി എന്നിവയുടെ ഇടിവ്) ബൈഡന്റെ വീഴ്ചയാണ്; എന്റെയല്ല. പുതിയ താരിഫ് നയത്തിന്റെ നേട്ടം വൈകാതെ കണ്ടുതുടങ്ങും. മാനുഫാക്ചറിങ് കമ്പനികൾ യുഎസിലേക്ക് വരും. നമ്മുടെ രാജ്യം കുതിക്കും. ബൈഡൻ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറേണ്ടതുണ്ട്’’, ട്രംപ് പറഞ്ഞു. നിലവിലെ തിരിച്ചടി തന്റെ താരിഫ് നയം കൊണ്ടല്ലെന്നും മികച്ച വളർച്ചയ്ക്കായി ക്ഷമയോടെ കാത്തിരിക്കൂ എന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ താരിഫ് നയങ്ങൾ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്നിരിക്കേ, ജനുവരി-മാർച്ചിൽ ഇറക്കുമതി 41.3% വർധിച്ചു. കയറ്റുമതി വർധന 1.8 ശതമാനം. സ്വകാര്യ ഉപഭോക്തൃച്ചെലവ് 1.8% ഉയർന്നെങ്കിലും 2023 ഏപ്രിൽ-ജൂണിനുശേഷമുള്ള ഏറ്റവും മോശം വളർച്ചയാണിത്. താരിഫ് നയം പ്രാബല്യത്തിൽ വരുംമുമ്പ്, ആവലാതിയോടെ ഇറക്കുമതി കുത്തനെ കൂടിയത് ജനങ്ങളുടെയും കമ്പനികളുടെയും ചെലവും കുത്തനെ കൂടാനിടയാക്കി. എന്നാൽ, ഇതിന്റെ നേട്ടം ലഭിച്ചത് യുഎസിലേക്ക് കയറ്റുമതി നടത്തിയ കമ്പനികൾക്കാണ്. യുഎസ് സമ്പദ്വ്യവസ്ഥയ്ക്കല്ല. ഇതാണ് ജിഡിപിയെ തളർത്തിയത്. ഒപ്പം കയറ്റുമതി ഇടിഞ്ഞതും ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരം (വ്യാപാരക്കമ്മി/trade deficit) വർധിച്ചതും ജിഡിപി വളർച്ചയെ പിന്നോട്ടടിച്ചു.
അതേസമയം, പണപ്പെരുപ്പം അഥവാ യുഎസിന്റെ പഴ്സനൽ കൺസംപ്ഷൻ എക്സ്പെൻഡിചേഴ്സ് പ്രൈസ് (പിസിഇ) ഇൻഡക്സ് ഡിസംബർ പാദത്തിലെ 2.4 ശതമാനത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ 3.6 ശതമാനത്തിലേക്ക് കത്തിക്കയറി. യുഎസ് കേന്ദ്രബാങ്കിനെ (ഫെഡറൽ റിസർവ്) സമീപഭാവിയിലൊരു പലിശനിരക്ക് ഇളവിനെ കുറിച്ച് ആലോചിക്കുന്നതിൽ നിന്ന് അകറ്റുന്ന കണക്കാണിത്. എന്നാലും, ജൂണിലെ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചേക്കുമെന്ന് കരുതുന്നവരുമുണ്ട്.