സ്വർണക്കച്ചവടത്തിൽ ജിസിസിയിലെ പരമ്പരാഗത ശക്തിയായ യുഎഇയെ കടത്തിവെട്ടി സൗദി അറേബ്യയുടെ മുന്നേറ്റം. യുഎഇയിലെ ഉപഭോക്താക്കളിൽ മുന്തിയപങ്കും പ്രവാസികൾ ആണെന്നിരിക്കേ, സൗദി വിപണിയുടെ കുതിപ്പിന് നേതൃത്വം കൊടുക്കുന്നത് തദ്ദേശീയർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. യുഎഇയിൽ നികുതി താരതമ്യേന കുറവാണ്. എന്നാൽ, സൗദിയിൽ പണിക്കൂലിക്ക് പുറമെ 15% മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടായിട്ടും വിൽപനയിൽ യുഎഇയെ പിന്നിലാക്കുകയായിരുന്നു.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2025 ജനുവരി-മാർച്ചിൽ 11.5 ടൺ സ്വർണാഭരണങ്ങളാണ് സൗദി അറേബ്യക്കാർ വാങ്ങിയത്. 2024ലെ സമാനപാദത്തിലെ 8.5 ടണ്ണിനേക്കാൾ 35% അധികം. അതേസമയം, യുഎഇയിലെ വിൽപന 9.6 ടണ്ണിൽ നിന്ന് 11% കുറഞ്ഞ് 7.9 ടണ്ണാവുകയാണ് ചെയ്തത്. സൗദി അറേബ്യ സമീപകാലത്ത് നേടിയ സമ്പദ്‍രംഗത്തെ മുന്നേറ്റവും ജനങ്ങളുടെ വാങ്ങൽശേഷിയിലുണ്ടായ (പർച്ചേസിങ് പവർ) വളർച്ചയും സ്വർണാഭരണ വിപണിക്കും നേട്ടമായെന്നാണ് വിലയിരുത്തൽ.

ജനുവരി-മാർച്ചിൽ ആഗോളതലത്തിൽ ഡിമാൻഡ് 21% കുറഞ്ഞിരുന്നു. 480.1 ടണ്ണിൽ നിന്ന് 380.3 ടണ്ണായാണ് കുറഞ്ഞത്. റെക്കോർഡ് വിലക്കുതിപ്പ് ഡിമാൻഡിനെ ബാധിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യമായ ചൈനയിലെ ഡിമാൻഡ് 184.4 ടണ്ണിൽ നിന്ന് 125.3 ടണ്ണിലേക്ക് കുറഞ്ഞു. രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിലെ വിൽപന 95.5 ടണ്ണിൽ നിന്ന് താഴ്ന്നിറങ്ങിയത് 71.4 ടണ്ണിലേക്ക്.

English Summary:

Gold Rush in Saudi Arabia: Domestic Demand Fuels Market Growth.