
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോരോ കാരണം ഉണ്ടെന്ന് പരസ്യം നമ്മെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശമ്പള വരുമാനക്കാരായ ഇടത്തരക്കാര്‍ ഇപ്പോള്‍ ശമ്പളം കൂട്ടല്ലേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതത്രെ. മാര്‍ച്ചിലെ വരുമാനമെല്ലാം ഒരുകണക്കിന് കൂട്ടിയും കിഴിച്ചും ഫിനാന്‍സ് സെക്ഷനില്‍ കൊടുത്ത് ടിഡിഎസ് പിടുത്തം എത്രയായിരിക്കും എന്ന പേടിയിലായിരിക്കും പലരും.
നികുതി പിടിച്ചുകഴിഞ്ഞാല്‍ മാര്‍ച്ചില്‍ ശമ്പളം തന്നെ കാണില്ല പലര്‍ക്കും. അതുകൊണ്ട് മാര്‍ച്ചിൽ പണം കൂടുതല്‍ കയ്യില്‍ കിട്ടുന്നതു പലര്‍ക്കും പേടിയാണ്. കാരണം അപ്രതീക്ഷിതമായി പണം വന്നാല്‍ ഇടിത്തീപോലെ ഇന്‍കം ടാക്സ് കൂടും. സര്‍ക്കാര്‍ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് കഴിഞ്ഞയിടെ രസകരമായ ഒരു കാര്യം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ കീഴിലെ ഒരുദ്യോഗസ്ഥന്റെ പ്രമോഷനെ തുടര്‍ന്ന് കിട്ടേണ്ട ഉയര്‍ന്ന ശമ്പളം ചില നൂലാമാലകള്‍ കാരണം കിട്ടിയില്ല. പ്രശ്നം പരിഹരിക്കാഞ്ഞതിനാല് പഴയ നിരക്കിലുള്ള ശമ്പളമാണ് കിട്ടിക്കൊണ്ടിരുന്നത്. പുതിയ നിരക്കില്‍ ശമ്പളം അനുവദിച്ചുകിട്ടാനും കുടിശിക കിട്ടാനും പുള്ളി മുട്ടാത്ത വാതിലൊന്നുമില്ലായിരുന്നു. പലരും ഇടപെട്ട് അവസാനം കഴിഞ്ഞദിവസം ശമ്പളം അനുവദിച്ചുകിട്ടി.
കൂടെ ഇതേവരെയുള്ള കുടിശികയും. നല്ലൊരു സംഖ്യവരും. അതറിഞ്ഞ പുള്ളി ഓടിക്കിതച്ചെത്തി പറയുകയാണ്. സര് എനിക്ക് ഇപ്പോള്‍ ശമ്പളം കൂട്ടേണ്ട. കുടിശികയും വേണ്ട. അത് അടുത്ത മാസം മുതല്‍ മതി. കാരണം അന്വേഷിച്ചപ്പോള്‍ പറയാനൊരു മടി. ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ.. സര് മാര്‍ച്ചില്‍ ഇത്രയും തുക കിട്ടിയാല്‍ ഈ സാമ്പത്തിക വര്ഷംഅതിനെല്ലാം വലിയ തുക ടാക്സ് പിടുത്തം വരും . അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോള്‍ 12 ലക്ഷം രൂപയ്ക്കുവരെ ഇളവുണ്ടല്ലോ.
എന്താല്ലേ.
കഴിഞ്ഞയിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചിരുന്നു. അതുപക്ഷേ പ്രഖ്യാപിച്ചത് മാര്‍ച്ച മാസത്തിലാണ് എങ്കിലും ഏപ്രില്‍ മാസം മുതലാണ് പ്രാബല്യത്തിലാകുന്നത്.പ്രാബല്യത്തില്‍ വരുന്നത് ഏപ്രില്‍ മുതലായത് ഭാഗ്യമായി എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോള്‍ പറയുകയാണ് മാര്ച്ചിലാരുന്നേല് ഈ വര്‍ഷത്തെ ഇന്‍കംടാക്സ് ബാധ്യതയും കൂടിയേനെയെന്ന്.
അതായത് ശമ്പളം കൂടില്ലേലും വേണ്ട ആദായ നികുതി ബാധ്യത കൂടാതിരുന്നാല്‍ മാത്രം മതി എന്നായി പ്രാര്‍ത്ഥന. ശമ്പള വരുമാനക്കാരല്ലാതെ മറ്റാരും ആദായ നികുതിയെ ഇങ്ങനെ ഭയപ്പെടുന്നില്ല. കാരണം ശമ്പളവരുമാനക്കാര്‍ക്ക് അവരുടെ കയ്യില്‍ ശമ്പളം കിട്ടുന്നതുപോലും നികുതി പിടിച്ചുകഴിഞ്ഞ തുകയാണ്.
അതായത് അവരുടെ അധ്വാനത്തിന്റെ ഫലം ആദ്യമേ നികുതിയായി പോകുന്നുവത്രേ. ശമ്പള വരുമാനക്കാരും മറ്റുവരുമാനക്കാരും തമ്മില്‍ ആദായ നികുതിയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. കാര്‍ഷിക വരുമാനത്തിന് ആദായ നികുതിയില്ല. ബിസിനസില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഉണ്ടെങ്കിലും വരുമാനം കണക്കാക്കുന്നതില്‍ ഇളവുകള്‍ നിരവധിയുണ്ട്. വാഹനങ്ങളുടെ തേയ്മാനം, ഡ്രൈവറുടെ ശമ്പളം, ടെലഫോണ്‍ ചിലവ് തുടങ്ങിയ നിരവധി ഇനങ്ങള്‍ ശമ്പളത്തില്‍ നിന്ന് കുറയ്ക്കാം.
ശമ്പള വരുമാനക്കാര്‍ക്ക് ആകെ കുറയ്ക്കാവുന്ന ചിലവ് കുട്ടികളുടെ ട്യൂഷന് ഫീസ് മാത്രം. ശമ്പളവരുമാനക്കാര്‍ രാജ്യത്ത് ബാധകമായ എല്ലാവരും നല്കുന്ന എല്ലാ നികുതികളും നല്‍കണം. ഇത്തരത്തില്‍ എല്ലാ നികുതിയും നല്‍കിയശേഷം മിച്ചം പിടിച്ച പണം എവിടെയെങ്കിലും നിക്ഷേപിച്ചാല്‍ അതില്‍ നിന്നുകിട്ടുന്ന ലാഭത്തിനും നല്‍കണം. ഓഹരിയില്‍ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കിയാല്‍ അതിന് നികുതി. മ്യൂച്വല്‍ ഫണ്ടിന്റെ കാര്യവും അങ്ങനെ തന്നെ. ബാങ്കിലിട്ടാലോ. പലിശയ്ക്കും നികുതി വരും. കഷ്ടം തന്നെ ഇവരുടെ കഷ്ടപ്പാടുകള്‍.
അല്ലെങ്കില്‍ തന്നെ ശമ്പള വരുമാനക്കാരന്റെ സമ്പാദ്യത്തെ കാര്‍ന്ന് തിന്നുന്ന അര്‍ബുദമാണ് ആദായ നികുതിയും നാണ്യപ്പെരുപ്പവും എന്നാണല്ലോ പറയാറുള്ളത്. രണ്ടിനോടും ഭയമല്ല, വേണ്ടത് ജാഗ്രതയാണ് എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ പ്രാരാബ്ധം അറിയൂ എന്നാണ് ഇടത്തരക്കാരന്റെ ഗദ്ഗദം.
(പെഴ്സണല്‍ ഫിനാന്‍സ് അനലിസ്റ്റും ഓന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല് [email protected])