കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഒരുവേള 19% വരെ ഇടിഞ്ഞ ഓഹരിവില ഉച്ചയ്ക്കത്തെ വ്യാപാര സെഷനിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപുള്ളത് എൻഎസ്ഇയിൽ 13.92% നഷ്ടവുമായി 38.10 രൂപയിൽ.
ഇന്നലെ വ്യാപാരാന്ത്യത്തിൽ വില 44.26 രൂപയായിരുന്നു. മൂന്നുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലേക്കാണ് ഇന്നൊരുഘട്ടത്തിൽ ഓഹരികൾ ഇടിഞ്ഞത്.
പുനർനിയമനം തേടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്നലെ ചേർന്ന ബോർഡ് യോഗത്തിൽ മനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ.
ശേഷാദ്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങളാണ് ശേഷാദ്രി ചൂണ്ടിക്കാട്ടിയത്. ഇതിനുപിന്നാലെയാണ് ഇന്ന് ഓഹരിവില താഴ്ന്നിറങ്ങിയത്.
2026 സെപ്റ്റംബർ 30വരെയാണ് പി.ആർ.
ശേഷാദ്രിയുടെ പ്രവർത്തന കാലാവധി. അതു പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം പടിയിറങ്ങുക.
പുനർനിയമനം ആവശ്യപ്പെടില്ല.
ഇതോടെ, പുതിയ മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒയെ കണ്ടെത്തേണ്ട നടപടികളിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് ഇനി കടക്കേണ്ടിവരും.
ഇതിനായി ചുരുക്കപ്പട്ടിക തയാറാക്കി റിസർവ് ബാങ്കിന് കൈമാറണം. ഓഹരി ഉടമകളുടെ അനുമതിയും തേടണം.
പ്രവർത്തനതലത്തിലും ഓഹരി വിപണിയിലും മികച്ച പ്രകടനം സമീപകാലത്തായി കാഴ്ചവയ്ക്കുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ നഷ്ടത്തിന്റെ ട്രാക്കിലായത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരിവില 50 ശതമാനത്തിലേറെ ഉയർന്നിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ ലാഭം 9.4 ശതമാനവും പ്രവർത്തനലാഭം 10.4 ശതമാനവും വർധിച്ചു.
റെക്കോർഡ് 374 കോടി രൂപയായിരുന്നു കഴിഞ്ഞപാദ ലാഭം.
പ്രവർത്തന മികവിന്റെ അളവുകോലുകളിൽ നിർണായകമായ അറ്റ പലിശ വരുമാനം (എൻഐഐ) മെച്ചപ്പെടുകയും കിട്ടാക്കടനിരക്ക് മികച്ചതോതിൽ കുറയുകയും ചെയ്തു. കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 400 ശതമാനത്തിലധികം നേട്ടം സമ്മാനിച്ച ഓഹരിയുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക്.
2023 ഒക്ടോബറിലായിരുന്നു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡി ആൻഡ് സിഇഒയായി ശേഷാദ്രി ചുമതലയേറ്റത്. സിറ്റി ഗ്രൂപ്പ്, കരൂർ വൈശ്യ ബാങ്ക് എന്നിവിടങ്ങളിൽ നേതൃപദവി വഹിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യയിലും വിദേശത്തുമായി ബാങ്കിങ് രംഗത്ത് കാൽ നൂറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

