
കൊച്ചി∙ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. സ്പെക്ട്രം ലേലം ഇല്ലാതെ അനുമതി നൽകാൻ എത്ര ഫീസ് വാങ്ങണം എന്നതു നിശ്ചയിക്കാനുള്ള കൂടിയാലോചനകളാണു നടക്കുന്നത്.
അതേസമയം, ലേലമില്ലാതെ അനുമതി നൽകുന്നതിനെ സെല്ലുലർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ശക്തമായി എതിർക്കുകയാണ്. അനുമതി നൽകിയാൽ അതിനെതിരെ തങ്ങൾ കോടതിയെ സമീപിക്കുമെന്ന് രേഖാമൂലം കേന്ദ്ര സർക്കാരിനെ അറിയിച്ചു.
സെല്ലുലർ സ്പെക്ട്രം ലേലത്തിലൂടെ ജിയോയും എയർടെലും ഉൾപ്പെടെയുള്ള കമ്പനികൾ ഒന്നര ലക്ഷം കോടി രൂപയാണ് 2022ൽ കേന്ദ്ര സർക്കാരിനു നൽകിയത്. ലേലം ഇല്ലാതെ ഉപഗ്രഹ സ്പെക്ട്രം വന്നാൽ തങ്ങൾക്കു വൻ നഷ്ടമാവുമെന്നാണ് ഇവരുടെ പേടി.
പക്ഷേ, 2023 ഡിസംബറിൽ പാസാക്കിയ കേന്ദ്ര ടെലികോം നിയമത്തിലെ 1 ബി വകുപ്പ് പ്രകാരം ലേലം ഇല്ലാതെ ഉപഗ്രഹ ഇന്റർനെറ്റിന് അനുമതി നൽകാൻ കഴിയും. ലോകത്ത് ഒരു രാജ്യത്തും ഇതു ലേലം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ടെലികോം അധികൃതർ ചൂണ്ടിക്കാട്ടി. അതിവേഗ നെറ്റ് ലഭിക്കുമെന്നതും ഇന്ത്യയിലെ 6 ലക്ഷം ഗ്രാമങ്ങളിൽ, ഇതുവരെ മൊബൈൽഫോണും ഡേറ്റയും എത്തിയിട്ടില്ലാത്ത 27,000 ഗ്രാമങ്ങളിലും ഉപഗ്രഹം വരുന്നതോടെ ഇവയെത്തുമെന്നതും നേട്ടമാണ്. ബഹിരാകാശത്ത് ഉപഗ്രഹം നിൽക്കുമ്പോൾ കാട്ടിലും കടലിലും നെറ്റ് കിട്ടും.
ഉടച്ചുവാർക്കൽ– ‘ഡിസ്റപ്ഷൻ’
ഫ്രീഡേറ്റയുമായി വന്നപ്പോൾ ജിയോയ്ക്ക് ആധിപത്യമായി. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികൾക്ക് അതു കനത്ത ഡിസ്റപ്ഷനായി. അന്നുണ്ടായിരുന്ന 13 കമ്പനികളിൽ 10 എണ്ണം പൂട്ടി. ഇതേ ഗതി തങ്ങൾക്കും വരുമോ എന്നാണ് ഇന്ത്യൻ കമ്പനികളുടെ ആശങ്ക.
പക്ഷേ, ആശങ്ക അസ്ഥാനത്താണെന്ന് ടെലികോം അധികൃതർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ എടി ആൻഡ് ടി കമ്പനിക്ക് 11.5 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. 2019ൽ സ്റ്റാർ ലിങ്ക് വന്നെങ്കിലും ഇതുവരെ 27 ലക്ഷം ഉപയോക്താക്കൾ മാത്രം. കാരണം ഉപഗ്രഹ നെറ്റിനുള്ള ഡിഷ് ആന്റിനയ്ക്ക് 20,000 രൂപയിലേറെ മുടക്കണം. 4000 രൂപ മാസവരിയും ഉള്ളതിനാൽ എല്ലാവർക്കും പ്രാപ്യമല്ല.
മസ്ക്കിന്റെ സ്റ്റാർ പവർ
ഇലോൺ മസ്ക്കിന് 7000 ഉപഗ്രഹങ്ങളുണ്ട്. അംബാനിക്കോ, എയർടെൽ ഉടമ സുനിൽ ഭാരതി മിത്തലിനോ സ്വന്തമായി ഉപഗ്രഹങ്ങളില്ല. എന്നാൽ എസ്ഇഎസ് ലക്സംബർഗ് എന്ന വിദേശ ഉപഗ്രഹ കമ്പനിയുമായി ജിയോയ്ക്കുള്ള കരാർ അനുസരിച്ച് 50 ജിബിപിഎസ് ലഭ്യമാക്കാൻ കഴിയും. എയർടെലിന് വൺ വെബ് കമ്പനി വഴി 25 ജിബിപിഎസ് ലഭ്യമാക്കാം.
സ്റ്റാർ ലിങ്കിനോ? ഇന്ത്യയ്ക്കു വേണ്ടി നീക്കിവച്ചിരിക്കുന്നത് 600 ജിബിപിഎസ്! താരതമ്യം പോലുമില്ല. ഇതാണ് ഇന്ത്യൻ ടെലികോം കമ്പനികളെ പേടിപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]