അമേരിക്കയിൽ ട്രംപിന്റെ ‘സർക്കാർ’ അടച്ചുപൂട്ടലിലേക്കോ? ട്രംപ് ഭരണകൂടവും എതിർപക്ഷമായ ഡെമോക്രാറ്റ് നേതാക്കളും തമ്മിലെ നിർണായക ചർച്ച ഇന്നു നടക്കാനിരിക്കേ ആശങ്ക കനക്കുകയാണ്. ഗവൺമെന്റിന്റെ പ്രവർച്ചനത്തെലവിനുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി ട്രംപ് ഇന്ന് നേരിട്ടാണ് ചർച്ച നടത്തുന്നത്.
സെപ്റ്റംബർ 30നകം ബിൽ പാസായില്ലെങ്കിൽ ഒക്ടോബർ ഒന്നുമുതൽ ഗവൺമെന്റ് ഓഫിസുകൾ ‘അടച്ചുപൂട്ടലിലേക്ക്’ നീങ്ങും. അങ്ങനെ സംഭവിച്ചാൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ബില്ലിൽ ആരോഗ്യ സേവനമേഖലയ്ക്കുള്ള ഫണ്ടും ഉറപ്പാക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തിന്മേലാണ് തർക്കം.
അവസാനനിമിഷം കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന നിലപാടിലാണ് ട്രംപ്. ചർച്ച പൊളിഞ്ഞാൽ യുഎസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയായിരിക്കും.
ട്രംപ്, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ), സെനറ്റ് മജോരിറ്റി ലീഡർ ജോൺ ത്യൂൺ (റിപ്പബ്ലിക്കൻ) എന്നിവർ നാളെ സെനറ്റ് മൈനോരിറ്റി ലീഡർ ചക്ക് ഷ്യൂമർ (ഡെമോക്രാറ്റ്), ഹൗസ് മൈനോരിറ്റി ലീഡർ ഹക്കീം ജെഫറീസ് (ഡെമോക്രാറ്റ്) എന്നിവരുമായാണ് ചർച്ച നടത്തുന്നത്.
ഉണ്ടാകുമോ ‘ഗവൺമെന്റ് ഷട്ട്ഡൗൺ’?
ഫണ്ട് ലഭിച്ചില്ലെങ്കിൽ യുഎസിൽ ‘ഗവൺമെന്റ് ഷട്ട്ഡൗൺ’ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങും. ആശുപത്രി സേവനങ്ങൾ, അതിർത്തി പട്രോളിങ്, എയർ ട്രാഫിക് കൺട്രോൾ എന്നിങ്ങനെ അത്യാവശ്യ സേവനമേഖലകൾ ഒഴികെയുള്ള സർക്കാർ ഓഫിസുകളെല്ലാം അടച്ചുപൂട്ടും.
സർക്കാർ ഓഫിസുകൾക്ക് പുറമേ പാസ്പോർട്ട് ഓഫിസുകൾ, ട്രാവൽ, ടൂറിസം, മ്യൂസിയം, നാഷനൽ പാർക്കുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ല.
സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ സേവനങ്ങൾ ലഭിക്കുമെന്നും ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾക്കുമേലുള്ള തീരുമാനങ്ങൾ വൈകാം. ഓഹരി വിപണികളും നഷ്ടം നേരിടാം.
മുൻകാലങ്ങളിൽ ഇത്തരം ഗവൺമെന്റ് ഷട്ട്ഡൗണുകൾ ഉണ്ടായത് അമേരിക്കയുടെ ജിഡിപിയിൽ ബില്യൻ കണക്കിന് ഡോളറിന്റെ നഷ്ടത്തിനും വഴിവച്ചിരുന്നു.
അതേസമയം, പ്രതിപക്ഷ നേതാക്കളുമായി ട്രംപ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനാൽ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷകൾ. തൽക്കാലം ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ള ഫണ്ടിങ് ഉറപ്പാക്കിയശേഷം തർക്ക വിഷയങ്ങളിൽ കൂടുതൽ ചർച്ച നടത്താനായിരിക്കും തീരുമാനം.
ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതിനോട് താൽപര്യമില്ലെന്ന് ഡെമോക്രാറ്റ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
2026ന്റെ തുടക്കത്തിലേക്കുവരെ ഫണ്ടിങ് ഉറപ്പാക്കാൻ ഏതാണ്ട് 12 ബില്ലുകളാണ് പാസാകേണ്ടത്. അത് ചർച്ചയും സമവായവുമില്ലാതെ സാധ്യവുമല്ല.
എന്നാൽ മുൻകാലങ്ങളിൽ 99% ഷട്ട്ഡൗൺ സാഹചര്യങ്ങളും അവസാനനിമിഷം പരിഹരിച്ചിട്ടുണ്ടെന്നത്, ഇക്കുറിയും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, ചർച്ച എങ്ങാനും പൊളിഞ്ഞാൽ സ്വീകരിക്കേണ്ട
തയാറെടുപ്പുകളും നടക്കുന്നുണ്ട്.
പലിശപ്പന്ത് റിസർവ് ബാങ്കിന്റെ കോർട്ടിൽ
ഇന്ത്യയിൽ ഏവരുടെയും ഉറ്റുനോട്ടം റിസർവ് ബാങ്കിലേക്കാണ്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ യോഗം ഇന്ന് ആരംഭിക്കും.
ഒക്ടോബർ ഒന്നിന് പണനയം പ്രഖ്യാപിക്കും. കഴിഞ്ഞ യോഗത്തിലെപ്പോലെ ഇക്കുറിയും അടിസ്ഥാന പലിശനിരക്ക് നിലനിർത്താനാണ് സാധ്യത.
എന്നാൽ, സർപ്രൈസ് എന്നോണം റിസർവ് ബാങ്കിൽ നിന്ന് പലിശനിരക്ക് കുറച്ചുകൊണ്ട് ‘നവരാത്രി-ദീപാവലി’ സമ്മാനം ലഭിക്കുമോയെന്നാണ് ഏവരും കാതോർക്കുന്നത്.
∙ റിസർവ് ബാങ്കിന്റെ പണനയ നിർണയ യോഗം, പോസിറ്റീവ് പ്രതീക്ഷയോടെ നീങ്ങുന്ന ഇന്ത്യ-യുഎസ് വ്യാപാരച്ചർച്ച, ജിഎസ്ടി ഇളവ്, നവരാത്രി-ദീപാവലി ഷോപ്പിങ് സീസൺ നൽകുന്ന മികച്ച പ്രതീക്ഷകൾ എന്നിവയുടെ പശ്ചാത്തലത്തിൽ നേട്ടത്തിന്റെ പാതയിലേറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഓഹരി വിപണി.
∙ ഇന്നുരാവിലെ ഗിഫ്റ്റ് നിഫ്റ്റി 120 പോയിന്റ് മുന്നേറിയത് സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ സമ്മാനിക്കുന്നു.
∙ യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ കാര്യമായ മാറ്റമില്ലാതെയാണ് വ്യാപാരം ചെയ്തത്. ഡൗ ജോൺസ് 17 പോയിന്റ് മാത്രം കയറി.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.96% ഇടിഞ്ഞു.
ചൈനയിൽ ഷാങ്ഹായ് 0.06%, ഹോങ്കോങ് സൂചിക 1.33% എന്നിങ്ങനെ ഉയർന്നു.
രാജ്യാന്തര ക്രൂഡ് ഓയിൽ വില താഴുന്നത് ഇന്ത്യൻ ഓഹരി വിപണിക്കും രൂപയ്ക്കും ആശ്വാസമാണ്. രൂപ കഴിഞ്ഞയാഴ്ച 4 പൈസ ഉയർന്ന് 88.72ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) കഴിഞ്ഞയാഴ്ചയും 5,687 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞത് വലിയ തിരിച്ചടിയായി.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 16 ഡോളർ ഉയർന്നാണ് വ്യാപാരം ചെയ്യുന്നത്. നിലവിൽ വില 3,796 ഡോളർ.
കേരളത്തിൽ ഇന്നും വില കൂടുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]