
റിസർവ് ബാങ്കിന്റെ ഉൾപ്പെടെ പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ ‘സർപ്രൈസ്’ മുന്നേറ്റം. നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചനിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട
റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബർക്ലെയ്സ്, നോമുറ, ഇക്ര തുടങ്ങിയവ പ്രവചിച്ച 6.5-7% അനുമാനത്തെയും മറികടക്കാൻ ജൂൺപാദത്തിൽ ഇന്ത്യയ്ക്ക് കഴിഞ്ഞു.
മാത്രമല്ല, സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ (fastest growing major economy) എന്ന നേട്ടവും നിലനിർത്തി. ചൈന 5.2%, യുഎസ് 3.3%, ജപ്പാൻ 0.4%, ജർമനി നെഗറ്റീവ് 0.3%, യുകെ 0.3%, ഇന്തൊനീഷ്യ 5.12% എന്നിങ്ങനെയാണ് വളർന്നത്.
അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവയുടെ ആഘാതം ഈ മാസം മുതലാണ് ദൃശ്യമാവുക.
ഇത് ജൂലൈ-സെപ്റ്റംബർ പാദത്തിലെ ജിഡിപിയെ ബാധിച്ചേക്കും. ജിഡിപി വളർച്ചയിൽ ഒരു ശതമാനം വരെ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
എന്നാൽ, ജിഎസ്ടിയിൽ ഇളവ് ഉൾപ്പെടെ കൊണ്ടുവന്നും കയറ്റുമതി മേഖലയ്ക്ക് പിന്തുണപ്പാക്കേജ് അനുവദിച്ചും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം കടന്നിട്ടുണ്ട്.
5 പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ച
കഴിഞ്ഞ 5 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന ജിഡിപി വളർച്ചനിരക്കാണ് കഴിഞ്ഞപാദത്തിലെ 7.8%. മുൻവർഷത്തെ (2024-25) സമാനപാദത്തിൽ വളർച്ചനിരക്ക് 6.5 ശതമാനമായിരുന്നു.
കഴിഞ്ഞവർഷത്തെ സെപ്റ്റംബർ പാദത്തിൽ 5.6%, ഡിസംബർ പാദത്തിൽ 6.4%, മാർച്ച് പാദത്തിൽ 7.4% എന്നിങ്ങനെയുമായിരുന്നു വളർച്ച. തുടർച്ചയായ രണ്ടാംപാദത്തിലും 7 ശതമാനത്തിനുമുകളിൽ വളരാനായി എന്നതും നേട്ടമാണ്.
പിടിച്ചുനിൽക്കുന്നത് കൃഷി
കാർഷിക മേഖലയുടെ വളർച്ചനിരക്ക് മുൻവർഷത്തെ സമാനപാദത്തിലെ 1.5 ശതമാനത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ 3.7 ശതമാനമായി കുതിച്ചുയർന്നു.
മികച്ച മൺസൂൺ ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങളാണ് തുണച്ചത്. ഖനന മേഖലയുടെ വളർച്ച 6.6 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞത് കനത്ത ക്ഷീണവുമായി.
സമ്പദ്വ്യവസ്ഥയുടെ മറ്റൊരു നെടുംതൂണായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച നിരക്ക് 7.6ൽ നിന്ന് 7.7 ശതമാനത്തിലേക്ക് നേരിയതോതിൽ വളർന്നു.
അതേസമയം വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ച 10.2ൽ നിന്ന് 0.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. നിർമാണ മേഖലയും നിരാശപ്പെടുത്തി; വളർച്ച 10.1ൽ നിന്ന് കുറഞ്ഞത് 7.6 ശതമാനത്തിലേക്ക്.
∙ വ്യാപാരം, ഹോട്ടൽ, ട്രാൻസ്പോർട്, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് സേവനം എന്നിവയുൾപ്പെടുന്ന മേഖല 5.4ൽ നിന്ന് 8.6 ശതമാനത്തിലേക്ക് വളർന്നു.
∙ ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സർവീസസ് എന്നിവയുടെ വളർച്ച 6.6ൽ നിന്ന് 9.5 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.
പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന മേഖല 9ൽ നിന്ന് 9.8 ശതമാനത്തിലേക്കും വളർച്ച ഉയർത്തി.
ജിഡിപി മൂല്യം 47.89 ലക്ഷം കോടി രൂപ
കഴിഞ്ഞപാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയുടെ ജിഡിപി മൂല്യം 47.89 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിലെ 44.42 ലക്ഷം കോടി രൂപയിൽ നിന്ന് 7.8% വളർന്നു.
ഇതാണ് ജിഡിപി വളർച്ച.
∙ ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി.
∙ അതായത്, സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]