
റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ഉർജിത് പട്ടേലിനെ രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച് കേന്ദ്രസർക്കാർ. നിയമനത്തിന് കേന്ദ്ര ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി അനുമതി നൽകിയിരുന്നു.
മൂന്നു വർഷത്തേക്കാണ് നിയമനം. .
നേരത്തേ, 2016ൽ ഉർജിത് പട്ടേൽ രഘുറാം രാജന്റെ പിൻഗാമിയായി റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിൽ എത്തിയിരുന്നു.
എന്നാൽ, കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായുള്ള ഭിന്നതകളെ തുടർന്ന് 2018ൽ രാജിവച്ചു. 1992നുശേഷം ഏറ്റവും കുറഞ്ഞകാലം റിസർവ് ബാങ്ക് ഗവർണറായിരുന്ന വ്യക്തിയുമായി അതോടെ ഉർജിത്.
റിസർവ് ബാങ്കിന്റെ പ്രവർത്തനത്തിൽ കൈകടത്താനുള്ള കേന്ദ്രനീക്കത്തെ ഊർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ ആയിരുന്ന വിരാൽ ആചാര്യയും പരസ്യമായി വിമർശിച്ചിരുന്നു.
ഇപ്പോൾ, ഊർജിത് പട്ടേലിനെ ഏറെ നിർണായകമായ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചതിലൂടെ, കേന്ദ്രവും അദ്ദേഹവും തമ്മിലെ അകൽച്ചയും മാറുകയാണ്. മൂന്ന് പതിറ്റാണ്ടുമുൻപ് താൻ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രസ്ഥാനത്തിലേക്ക് തന്നെയാണ് ഉർജിത് തിരിച്ചെത്തുന്നത്.
വാഷിങ്ടൺ ഡിസിയിലാണ് അദ്ദേഹം ഐഎംഎഫിൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്.
തുടർന്ന് ന്യൂഡൽഹി ഓഫിസിൽ ഉൾപ്പെടെ 5 വർഷം പ്രവർത്തിച്ചു. 1998 മുതൽ 2001 വരെ അദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ ഉപദേഷ്ടാവുമായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ഐഡിഎഫ്സി ലിമിറ്റഡ്, എംസിഎക്സ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷൻ, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികളിലും അദ്ദേഹം വിവിധ തസ്തികകൾ വഹിച്ചിട്ടുണ്ട്.
കെനിയയിൽ ജനിച്ച ഉർജിത്, ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് എംഫിലും യേൽ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പാക്കിസ്ഥാന് അടുത്തിടെ 100 കോടി ഡോളറിന്റെ (ഏകദേശം 8,700 കോടി രൂപ) രക്ഷാപ്പാക്കേജ് അനുവദിക്കാൻ ഐഎംഎഫ് തീരുമാനിച്ചതിനെ ഇന്ത്യ എതിർത്തുകയും കടുത്ത ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
മൊത്തം 700 കോടി ഡോളറാണ് (60,000 കോടി രൂപ) പാക്കിസ്ഥാന് ഐഎംഎഫ് വായ്പാസഹായം നൽകുന്നത്. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് ഐഎംഎഫിൽ ഇന്ത്യയുടെ പ്രതിനിധിയായി ഉർജിത് എത്തുന്നത്.
സാമ്പത്തികരംഗത്തെ അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തും ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]