
യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് രണ്ടാമതും ചുമതലയേറ്റ ശേഷമുള്ള ആദ്യപാദമായ ജനുവരി-മാർച്ചിൽ നെഗറ്റീവിലേക്ക് കൂപ്പുകുത്തിയ യുഎസ് ജിഡിപി വളർച്ചനിരക്ക്, രണ്ടാംപാദത്തിൽ നടത്തിയത് വൻ കുതിച്ചുകയറ്റം. ഏപ്രിൽ-ജൂണിൽ 3.3 ശതമാനമാണ് യുഎസ് വളർന്നത്.
നേരത്തേ വിലയിരുത്തിയ 3 ശതമാനത്തേക്കാൾ മുന്നേറ്റം. ജനുവരി-മാർച്ചിൽ വളർച്ച നെഗറ്റീവ് 0.5 ശതമാനത്തിലേക്ക് വീണത് ട്രംപിന് കനത്ത അടിയായിരുന്നെങ്കിലും അത് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങൾ കൊണ്ടുണ്ടായ തിരിച്ചടിയാണെന്ന് പഴിചാരി ട്രംപ് രംഗത്തെത്തിയിരുന്നു.
ഡൗ ജോൺസ് ഉൾപ്പെടെ വിലയിരുത്തിയ 3.1 ശതമാനത്തെയും മറികടന്ന വളർച്ചയാണ് കഴിഞ്ഞപാദത്തിലേത്.
ഇത് ട്രംപിന് വലിയ ആശ്വാസമായെന്നു മാത്രമല്ല, വിമർശകർക്കുമുന്നിൽ അദ്ദേഹത്തിന്റെ കരുത്ത് കൂട്ടുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃച്ചെലവുകൾ (കൺസ്യൂമർ സ്പെൻഡിങ്) 1.4 ശതമാനം പ്രതീക്ഷിച്ചിടത്ത് 1.6 ശതമാനമായതും ട്രംപിന് കരുത്തായി.
അതേസമയം, ട്രംപിന്റെ താരിഫ് നയങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിലേക്കുള്ള ഇറക്കുമതി ജൂൺപാദത്തിൽ 29.8% ഇടിഞ്ഞു. യുഎസിൽ നിന്നുള്ള കയറ്റുമതി 1.3 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ജിഡിപി കണക്ക് ഇന്ന് വൈകിട്ട് പുറത്തുവരുമെന്നത് കനത്ത ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
6.5-7 ശതമാനത്തിനിടയിൽ വളർച്ചയാണ് നിരീക്ഷകരുടെ അനുമാനം. എസ്ബിഐ 6.8നും 7നും മധ്യേ പ്രതീക്ഷിക്കുന്നു.
റേറ്റിങ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തൽ 6.7%. എച്ച്ഡിഎഫ്സി ബാങ്ക് 6.6%, ബർക്ലെയ്സ് 6.5%, നോമുറ 6.6% എന്നിങ്ങനെയും പ്രവചിക്കുന്നു.
6.5% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവാണ് വളർച്ചയെങ്കിൽ അത് കേന്ദ്രസർക്കാരിനും സാമ്പത്തിക-നിക്ഷേപക ലോകത്തിനും ഓഹരി വിപണിക്കും തിരിച്ചടിയാകും.
കാരണം, ട്രംപിന്റെ താരിഫ് ആഘാതം കൂടിയുള്ളതിനാൽ വരുംപാദങ്ങളിൽ വളർച്ചനിരക്ക് കുറഞ്ഞേക്കാമെന്ന നിരീക്ഷണങ്ങൾ ഇപ്പോഴേയുണ്ട്.
മോദി-ഷി കൂടിക്കാഴ്ച ഞായറാഴ്ച?
താരിഫ് ആഘാതത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലെ കൂടിക്കാഴ്ചയിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ. ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യ-ചൈന-റഷ്യ-ബ്രസീൽ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന, വിലയിരുത്തലുകൾക്കിടെയുമാണ് കൂടിക്കാഴ്ച.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയിൽ സംബന്ധിക്കാനാണ് മോദി ചൈനയിലെത്തുന്നത്. ഇന്ത്യയും ചൈനയും വ്യാപാര, നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കുന്നത് യുഎസിനെ അസ്വസ്ഥരാക്കും.
കരകയറാൻ ഓഹരി വിപണി
ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ 2 സെഷനുകളിലായി കനത്ത നഷ്ടമാണ് സെൻസെക്സും നിഫ്റ്റിയും നേരിട്ടത്.
ഇന്നലെയും സെൻസെക്സ് 706 പോയിന്റ് (-0.87%) താഴേക്കുപോയി. നിഫ്റ്റി 211 പോയിന്റും (-0.85%) നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
കഴിഞ്ഞ 2 സെഷനുകളിലായി മാത്രം ബിഎസ്ഇയിലെ നിക്ഷേപക സമ്പത്തിൽ നിന്ന് കൊഴിഞ്ഞത് 9.85 ലക്ഷം കോടി രൂപയാണ്; ഇന്നലത്തെ മാത്രം നഷ്ടം 4.28 ലക്ഷം കോടി രൂപ.
അതേസമയം, ഇന്ന് കരകയറാനാകുമെന്ന പ്രതീക്ഷയാണ് ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത്. രാവിലെ ഗിഫ്റ്റ് നിഫ്റ്റി 23 പോയിന്റ് ഉയർന്നത് നേട്ടത്തിന്റെ ട്രാക്കിലേക്ക് സെൻസെക്സും നിഫ്റ്റിയും തിരിച്ചെത്തുമെന്ന പ്രതീക്ഷ നൽകുന്നു.
യുഎസുമായി ചർച്ച സാധ്യമാകുമെന്നും അതുവഴി തീരുവത്തർക്കം പരിഹരിക്കാനാകുമെന്നും കേന്ദ്രസർക്കാർ കരുതുന്നു.
∙ താരിഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കയറ്റുമതി മേഖലയ്ക്കായി 25,000 കോടി രൂപയുടെ താൽക്കാലിക രക്ഷാപ്പാക്കേജ് കേന്ദ്രം അവതരിപ്പിച്ചേക്കുമെന്നു സൂചനകളുണ്ട്. എംഎസ്എംഇകൾക്കായിരിക്കും കൂടുതൽ ഊന്നൽ.
∙ കയറ്റുമതി മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിട്ടുണ്ട്.
∙ ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചികയുടെ (ഐഐപി) വളർച്ച ജൂലൈയിൽ 4-മാസത്തെ ഉയരമായ 3.5 ശതമാനത്തിൽ എത്തിയതും ഓഹരി വിപണിക്ക് ഊർജമാകും.
∙ അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 3,857 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
2025ലെ അവരുടെ മൊത്തം വിറ്റൊഴിയൽ 2.01 ലക്ഷം കോടി രൂപയും കവിഞ്ഞു.
വിദേശ സൂചനകൾ പോസിറ്റീവ്
ജിഡിപി വളർച്ച പ്രതീക്ഷകളെ കടത്തിവെട്ടി മുന്നേറിയതും ടെക് ഭീമൻ എൻവിഡിയ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതും യുഎസ് ഓഹരി വിപണികൾക്ക് നേട്ടമായി. എസ് ആൻഡ് പി500 സൂചിക 0.32%, നാസ്ഡാക് 0.53%, ഡൗ ജോൺസ് 0.16% എന്നിങ്ങനെ ഉയർന്നു.
ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.1% നേട്ടം കുറിച്ചു. എന്നാൽ, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.07-0.09% നഷ്ടം നേരിട്ടു.
∙ യുഎസിൽ തൊഴിലില്ലായ്മ ആനുകൂല്യം കൈപ്പറ്റാൻ അപേക്ഷിക്കുന്നവരുടെ എണ്ണം 2.30 ലക്ഷം പ്രതീക്ഷിച്ചിടത്ത് 2.29 ലക്ഷമായി കുറഞ്ഞതും നേട്ടമാണ്.
∙ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയുമേറി.
∙ ജപ്പാനിൽ തൊഴിലില്ലായ്മ നിരക്ക്, തലസ്ഥാനമായ ടോക്കിയോയിലെ പണപ്പെരുപ്പം എന്നിവ പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്നത് ആശ്വാസമായി.
എന്നാൽ, പണപ്പെരുപ്പം ജാപ്പനീസ് കേന്ദ്രബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 2 ശതമാനത്തിന് മുകളിൽ 2.9 ശതമാനത്തിലാണുള്ളത്.
∙ ജാപ്പനീസ് നിക്കേയ് ഓഹരി സൂചിക 0.30% ഇടിഞ്ഞു. ഹോങ്കോങ് വിപണി 0.72%, ഷാങ്ഹായ് 0.52% എന്നിങ്ങനെ ഉയർന്നു വ്യാപാരം ചെയ്തു.
യൂറോപ്പിൽ എഫ്ടിഎസ്ഇ 0.42%, ഡാക്സ് 0.03% എന്നിങ്ങ നഷ്ടത്തിലാണുള്ളത്.
ശ്രദ്ധയിൽ ഇന്ന് ഇവർ
പ്രമോട്ടർമാർ ബ്ലോക്ക് ഡീലിലൂടെ വൻതോതിൽ ഓഹരി വിറ്റൊഴിഞ്ഞത് ഇൻഡിഗോ ഓഹരികളെ ഇന്നും സമ്മർദത്തിലാക്കും. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം ഇന്നാണ്.
റിലയൻസ് ജിയോ, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ ഐപിഒ പ്രഖ്യാപനമുണ്ടാകുമോയെന്നതാണ് പ്രധാന ആകാംക്ഷ.
കത്തിക്കയറി സ്വർണവില
രാജ്യാന്തര സ്വർണവില ഒരിടവേളയ്ക്കുശേഷം ഔൺസിന് 3,400 ഡോളർ ഭേദിച്ചുയർന്നു. 3,423 ഡോളർ വരെയെത്തിയ വില ഇപ്പോഴുള്ളത് 3,412 ഡോളറിൽ.
യുഎസിൽ പ്രസിഡന്റ് ട്രംപും യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലീസ കുക്കും തമ്മിലെ ഭിന്നത കോടതിയിലെത്തിയ പശ്ചാത്തലത്തിൽ ഡോളർ താഴ്ന്നതാണ് സ്വർണത്തിന് പ്രധാന ഊർജമായത്. ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിൻമേൽ ട്രംപ് കൈകടത്തുന്നതും സമ്പദ്രംഗത്ത് ആശങ്ക വിതയ്ക്കുന്നു.
ഇതും സ്വർണത്തിനാണ് നേട്ടമാകുന്നത്.
∙ കേരളത്തിൽ ഇന്നലെ പവൻവില 75,240 രൂപയാണ്. ഓഗസ്റ്റ് 8ലെ 75,760 രൂപയാണ് റെക്കോർഡ്.
ഇന്ന് ഈ റെക്കോർഡ് മറികടന്നേക്കാം.
∙ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് കുറയ്ക്കുമെന്നതും ഡോളറിനെ തളർത്തും. ഇതും സ്വർണവിലയെ പുതിയ ഉയരത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 6 പൈസ ഉയർന്ന് 87.63ൽ എത്തി.
രൂപ മെച്ചപ്പെടുന്നത് ഒരുപരിധിവരെ കേരളത്തിൽ സ്വർണവിലയുടെ കുതിപ്പിന് തടയിടുന്നുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]