ആലപ്പുഴ∙ വ്യവസായ വകുപ്പിനു കീഴിലെ ചെറുകിട, ഇടത്തരം സംരംഭകർ ഉൽപാദിപ്പിക്കുന്ന 96 ഇനം ഉൽപന്നങ്ങൾ കൂടി കെ സ്റ്റോറുകൾ വഴി വിൽക്കും. രണ്ടു ഘട്ടങ്ങളിലായി 285 റേഷൻകടകൾ കെ സ്റ്റോറുകളാക്കിയതിൽ നിന്നു പ്രതീക്ഷിച്ച വരുമാനം വ്യാപാരികൾക്കു ലഭിക്കാത്ത സാഹചര്യത്തിലാണു കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കുന്നത്.ഓരോ സ്ഥലത്തെയും പ്രാദേശിക ആവശ്യം അനുസരിച്ചുള്ള ഉൽപന്നങ്ങളാണ് അവിടത്തെ കെ സ്റ്റോറുകളിലെത്തിക്കുക.
96 ഇനങ്ങളും എല്ലാ കെ സ്റ്റോറുകളിലും ലഭിക്കണമെന്നില്ല. ഓരോയിടത്തും താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പുമായി ചർച്ച നടത്തിയാണ് ഉൽപന്നങ്ങൾ തീരുമാനിക്കുക. മിക്ക താലൂക്കുകളിലും ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിലെ കെ സ്റ്റോറുകൾ കൂടി പ്രവർത്തനം ആരംഭിച്ച ശേഷമാകും പുതിയ ഉൽപന്നങ്ങൾ വിൽപനയ്ക്കെത്തുക.
നിലവിൽ ശബരി ഉൽപന്നങ്ങൾ, മിൽമയുടെ നെയ്യ്, പായസ മിക്സ് എന്നിവയും 5 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടറുമാണു റേഷനു പുറമേ കെ സ്റ്റോറുകളിൽ ലഭിക്കുന്നത്. അക്ഷയ സെന്ററുകൾക്കു സമാനമായ ഇന്റർനെറ്റ് സേവനങ്ങൾ കെ സ്റ്റോറുകളിൽ ലഭ്യമാക്കുന്നു പറഞ്ഞിരുന്നെങ്കിലും എല്ലായിടത്തും നടപ്പായിട്ടില്ല. ആദ്യ ഘട്ടത്തിൽ 108 റേഷൻ കടകളാണു കെ സ്റ്റോറുകളാക്കിയത്. രണ്ടാം ഘട്ടത്തിൽ 200 കടകളെ കൂടി കെ സ്റ്റോറുകളാക്കാൻ പദ്ധതിയിട്ടെങ്കിലും 177 കടകൾ മാത്രമാണു കെ സ്റ്റോറുകളാക്കാൻ കഴിഞ്ഞത്.
പുതിയ ഉൽപന്നങ്ങൾ ഇവ
അരിപ്പൊടി, ഗരംമസാല, ബിരിയാണി റൈസ്, പപ്പടം, സവാള, ഉള്ളി, വെളുത്തുള്ളി, വെളിച്ചെണ്ണ, ചോക്ലേറ്റ്, കപ്പ, ഉപ്പേരി ഇനങ്ങൾ, കരകൗശല വസ്തുക്കൾ, പഴങ്ങൾ, ബിസ്കറ്റ്, സ്നാക്സ്, പാൽ, തൈര്, മിനറൽ വാട്ടർ, അഗർബത്തി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ഹാൻഡ് വാഷ്, സോപ്പ്, ലോഷൻ, സോപ്പുപൊടി, കുട തുടങ്ങിയ ഉൽപന്നങ്ങളാകും കെ സ്റ്റോറുകളിൽ പുതുതായി എത്തുക.
Content Highlight: K Store
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]