
അമേരിക്കയിലേക്ക് ഏറ്റവുമധികം സ്മാർട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം ഇനി ഇന്ത്യയ്ക്ക് സ്വന്തം. ചൈനയുടെ കുത്തക തകർത്താണ് മുന്നേറ്റം.
ഇന്ത്യയുടെ വിഹിതം ഈ വർഷം ഏപ്രിൽ-ജൂണിൽ മുൻവർഷത്തെ സമാനപാദത്തിലെ 13 ശതമാനത്തിൽ നിന്ന് 44 ശതമാനത്തിലേക്ക് കുതിച്ചുകയറി. 61 ശതമാനത്തിൽ നിന്ന് വെറും 25 ശതമാനത്തിലേക്ക് ചൈന വീണു.
24 ശതമാനത്തിൽ നിന്ന് 30 ശതമാനത്തിലേക്ക് വിഹിതം ഉയർത്തി വിയറ്റ്നാം രണ്ടാംസ്ഥാനവും പിടിച്ചെടുത്തു.
വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള സ്മാർട്ഫോൺ കയറ്റുമതി 240 ശതമാനമാണ് വർധിച്ചതെന്ന് വിപണിനിരീക്ഷകരായ കാനലിസിന്റെ കണക്കുകൾ വ്യക്തമാക്കി. യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ഉൽപാദനം വെട്ടിക്കുറച്ച സ്മാർട്ഫോൺ കമ്പനികൾ ഇന്ത്യയിലേക്കും വിയറ്റ്നാമിലേക്കും ശ്രദ്ധപതിപ്പിച്ചിരുന്നു.
ഇതാണ് ചൈനയ്ക്ക് തിരിച്ചടിയായത്.
ഐഫോൺ നിർമാതാക്കളായ ആപ്പിൾ ചൈനയിലെ ഉൽപാദനം കുറയ്ക്കുകയും ഇന്ത്യൻ നിർമിത ഐഫോണുകൾ വൻതോതിൽ യുഎസിലേക്ക് കയറ്റുമതി നടത്തുകയും ചെയ്തതാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് വഴിവച്ചത്. ഇന്ത്യയിലും ചൈനയിലും മറ്റും നിർമിച്ച ഐഫോണുകൾ യുഎസിൽ വിൽപനയ്ക്കെത്തിച്ചാൽ കനത്ത ഇറക്കുമതി തീരുവ ഈടാക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
എങ്കിലും, കഴിഞ്ഞപാദത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂടുകയായിരുന്നു.
മൊത്തം കയറ്റുമതിയിൽ ഇടിവ്
യുഎസിലേക്ക് ജൂൺപാദത്തിൽ എത്തിയ മൊത്തം ഐഫോണുകളുടെ എണ്ണം പക്ഷേ, മാർച്ചുപാദത്തെ അപേക്ഷിച്ച് 11% കുറഞ്ഞ് 1.33 കോടിയായെന്നാണ് കണക്കുകൾ. മാർച്ചുപാദത്തിൽ രേഖപ്പെടുത്തിയത് 25.7% വളർച്ചയായിരുന്നു.
ലോക വിപണിയിലേക്കുള്ള ഐഫോൺ വിൽപന കഴിഞ്ഞപാദത്തിൽ 2% കുറഞ്ഞ് 4.48 കോടിയുമായി.
∙ ഇന്ത്യയ്ക്കുമേൽ ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ (പകരച്ചുങ്കം) 26-27 ശതമാനമായിരുന്നു. ചൈനയ്ക്കുമേൽ 145 ശതമാനവും.
∙ ഈ സാഹചര്യത്തിലായിരുന്നു ആപ്പിൾ ഇന്ത്യയിലെ നിർമാണത്തിന് കൂടുതൽ ഊന്നൽ നൽകിയത്.
∙ പകരച്ചുങ്കം ട്രംപ് പിന്നീട് മരവിപ്പിച്ചെങ്കിലും ആപ്പിൾ ഇന്ത്യയിൽതന്നെ ഉൽപാദനം കൂട്ടാനാണ് തീരുമാനിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]