
സ്വർണാഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ആശ്വാസം പകർന്ന് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 9,150 രൂപയും പവന് 80 രൂപ താഴ്ന്ന് 73,200 രൂപയുമായി.
ഇതോടെ കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങൾക്കിടെ പവന് കുറഞ്ഞത് 1,840 രൂപ; ഗ്രാമിന് 235 രൂപയും. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴുന്നത്.
രാജ്യാന്തരവില ഔൺസിന് 3,336 ഡോളറിൽ നിന്ന് ഇന്നൊരുഘട്ടത്തിൽ 3,308 ഡോളർ വരെ താഴ്ന്നു.
എന്നാൽ, നിലവിൽ വ്യാപാരം ചെയ്യുന്നത് 3,319 ഡോളറിലാണ്. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ വില കൂടുതൽ കുറയുമായിരുന്നു.
അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ വ്യാപാര ഡീൽ പ്രഖ്യാപിച്ചതും ചൈനയും അമേരിക്കയും തമ്മിലെ ചർച്ചകൾ പുരോഗമിക്കുന്നതുമാണ് നിലവിൽ സ്വർണവിലയെ താഴേക്ക് നയിക്കുന്നത്.
∙ അമേരിക്ക തുടക്കമിട്ട താരിഫ് യുദ്ധത്തിന് ശമനമാകുന്നുവെന്ന വിലയിരുത്തൽ സ്വർണത്തിന്റെ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് വിലയിറക്കത്തിനു കാരണം.
∙ യുഎസ് ഡോളറിന്റെ മൂല്യം ശക്തമാകുന്നതും സ്വർണത്തിന് തിരിച്ചടിയാണ്.
ഇനിയും വില താഴേക്കോ?
നിലവിലെ സാഹചര്യങ്ങൾ സ്വർണത്തിന് പ്രതികൂലമാണ്.
കാരണം, രാജ്യാന്തര സമ്പദ്മേഖലയിൽ അസ്വസ്ഥതകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് പൊതുവേ സ്വർണവില കൂടാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ഓഹരികളും കറൻസികളും അസ്ഥിരത പുലർത്തുമ്പോൾ സ്വർണത്തിന് കിട്ടുന്ന സ്വീകാര്യതയാണ് കാരണം.
∙ തീരുവ യുദ്ധം കെട്ടടങ്ങുകയും ഓഹരി, കടപ്പത്ര, കറൻസി വിപണികൾ സ്ഥിരത നേടുകയും ചെയ്താൽ രാജ്യാന്തര സ്വർണവില 3,300 ഡോളറിനും താഴെയെത്താം.
∙ ഇതു കേരളത്തിലും വില കുറയാൻ വഴിയൊരുക്കും.
∙ പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ നിർബന്ധത്തിനു വഴങ്ങി യുഎസ് കേന്ദ്രബാങ്ക് നാളെ പലിശ കുറച്ചാൽ സ്വർണവില തിരിച്ചുകയറ്റം തുടങ്ങും.
∙ പലിശനിരക്ക് കുറഞ്ഞാൽ ഡോളറും കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടവും കുറയും, അതോടെ സ്വർണവില മുകളിലേക്ക് കയറും
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ വിലയും ഇന്നു നേരിയ തോതിൽ കുറഞ്ഞു.
വെള്ളി വില മാറിയില്ല. 18 കാരറ്റ് സ്വർണത്തിനു ചില കടകളിൽ വില ഗ്രാമിനു 5 രൂപ കുറഞ്ഞ് 7,545 രൂപയും മറ്റ് ചില കടകളിൽ 5 രൂപ കുറഞ്ഞ് 7,510 രൂപയുമായി.
വെള്ളി വില ചിലകടകളിൽ ഗ്രാമിന് 125 രൂപ. മറ്റു ചില കടകളിൽ 123 രൂപ.
14 കാരറ്റ് സ്വർണവില 5,855 രൂപയിലും 9 കാരറ്റ് സ്വർണവില 3,755 രൂപയിലും മാറ്റമില്ലാതെ നിൽക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]