
ഇറക്കുമതി തീരുവ സംബന്ധിച്ച പ്രതിസന്ധികൾ ഒഴിവാക്കാൻ മറ്റു രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെ, പോര് കൂടുതൽ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണി. അമേരിക്കയുമായി വ്യാപാരക്കരാറിൽ എത്താത്ത രാജ്യങ്ങൾക്കുമേൽ അടിസ്ഥാന ഇറക്കുമതി തീരുവ നിലവിലെ 10 ശതമാനത്തിൽ നിന്ന് 15-20 ശതമാനമായി ഉയർത്തുമെന്നാണ് പുതിയ മുന്നറിയിപ്പ്.
കരാറിലെത്താൻ ട്രംപ് അനുവദിച്ച സമയം ഓഗസ്റ്റ് ഒന്നുവരെയാണെന്നത് ആശങ്ക കൂട്ടുന്നു.
ഇന്ത്യ, ചൈന, ബ്രസീൽ, ലാവോസ്, ഒട്ടേറെ ആഫ്രിക്ക – ലാറ്റിൻ അമേരിക്ക രാജ്യങ്ങൾ, കരീബിയൻ രാജ്യങ്ങൾ തുടങ്ങിയവ ഇനിയും യുഎസുമായി കരാറിൽ എത്തിയിട്ടില്ല.
നേരത്തേ 200 രാജ്യങ്ങളുമായി യുഎസ് വ്യാപാരക്കരാറിൽ എത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും വിരലിലെണ്ണാവുന്ന രാജ്യങ്ങളുമായി മാത്രം ഡീൽ പ്രഖ്യാപിക്കാനാണ് അദ്ദേഹത്തിനു കഴിഞ്ഞത്. 200 രാജ്യങ്ങളുമായി സംസാരിച്ച് കരാറിൽ എത്തുക പ്രായോഗികമല്ലെന്ന് ഇന്നലെ ട്രംപ് നിലപാട് മാറ്റി.
ഈ സാഹചര്യത്തിലാണ് അടിസ്ഥാന തീരുവ കൂട്ടാനുള്ള നീക്കം.
യുഎസും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞദിവസം ഡീൽ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ യൂണിയനുമേലുള്ള തീരുവ ട്രംപ് 30ൽ നിന്ന് 15 ശതമാനത്തിലേക്ക് കുറയ്ക്കുകയും ചെയ്തു.
ഡീലിനെ ആദ്യം സ്വാഗതം ചെയ്തെങ്കിലും പിന്നീട് പല യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും എതിർപ്പുമായി എത്തിയത് ആശങ്ക കൂട്ടിയിട്ടുണ്ട്. ഡീൽ അമേരിക്കയ്ക്കാണ് കൂടുതൽ നേട്ടമാകുന്നതെന്ന വിമർശനവുമായി അയർലൻഡ് ഉൾപ്പെടെ രംഗത്തെത്തി.
യുഎസും ചൈനയും തമ്മിലെ വ്യാപാരച്ചർച്ചകളിലേക്കാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
യുഎസ്, ചൈനീസ് പ്രതിനിധികൾ സ്റ്റോക്ക്ഹോമിൽ ചർച്ച തുടരുകയാണ്. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കും.
നിലവിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനത്തിലധികം തീരുവ ഈടാക്കുന്നുണ്ട്. യുഎസ് ഉൽപന്നങ്ങൾക്ക് ചൈന 36 ശതമാനത്തോളവും.
ഓഹരികളിൽ വൻ നിരാശ
തീരുവ വിഷയത്തിൽ ട്രംപ് കടുംപിടിത്തം വിടാത്തത് ആഗോളതലത്തിൽ
നിരാശയിലാഴ്ത്തുന്നു.
ചൈന-യുഎസ് ചർച്ചയിലേക്കാണ് ഏഷ്യൻ വിപണികളുടെയും ഉറ്റുനോട്ടം.
∙ ജാപ്പനീസ് നിക്കേയ് സൂചിക 0.63% ഇടിഞ്ഞു.
∙ ചൈനീസ് വിപണി ഷാങ്ഹായ് 0.21%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് 1.07% എന്നിങ്ങനെയും നഷ്ടത്തിലായി.
∙ 0.24% ഇടിവാണ് ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക നേരിട്ടത്.
∙ ദക്ഷിണ കൊറിയയുടെ കോസ്പി 1.09 ശതമാനവും വീണു.
യുഎസ് വമ്പന്മാരുടെ കണക്കുകൾ ഉടൻ
യൂറോപ്യൻ യൂണിയനുമായുള്ള ഡീലിന്റെ ആവേശം യുഎസ് ഓഹരി വിപണികളിലും പ്രകടമല്ല. ഡൗ ജോൺസ് 0.14% താഴ്ന്നു.
നാസ്ഡാക് 0.33% മാത്രം നേട്ടം കുറിച്ചു. എസ് ആൻഡ് പി500 സൂചികയുടെ നേട്ടം 0.02%.
∙ യുഎസ് ടെക് ഭീമന്മാരായ മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ആപ്പിൾ എന്നിവയുടെ ജൂൺപാദ പ്രവർത്തനഫലം വൈകാതെ പുറത്തുവരുമെന്നത് ഓഹരി വിപണിയിൽ ആശങ്കയും ആകാംക്ഷയും വിതയ്ക്കുന്നു.
∙ യുപിഎസ്, പ്രോക്ടർ ആൻഡ് ഗാംബിൾ, മെർക്, ബോയിങ് എന്നിവയും ഉടൻ പ്രവർത്തനഫലം പ്രസിദ്ധീകരിക്കും.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം നാളെയാണ്.
പലിശഭാരം കുറയ്ക്കാൻ സാധ്യത വിരളം
∙ യുഎസിന്റെ പണപ്പെരുപ്പം, തൊഴിലില്ലായ്മനിരക്ക് എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളും വൈകാതെ പുറത്തുവരും.
ഇന്ത്യയിൽ സമ്മർദപ്പെരുമഴ
ഇന്നലെയും വലിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യൻ ഓഹരി വിപണികളെ ഇന്നും കാത്തിരിക്കുന്നത് കനത്ത സമ്മർദം. ഇന്നലെ സെൻസെക്സ് 572 പോയിന്റും (-0.70%) നിഫ്റ്റി 156 പോയിന്റും (-0.63%) താഴ്ന്നാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 40 പോയിന്റ് ഇടിഞ്ഞുവെന്നത് ഇന്നും സമ്മർദമുണ്ടാകുമെന്ന സൂചന നൽകുന്നു.
∙ ഏഷ്യൻ ഓഹരി വിപണികളുടെ ഇടിവിന്റെ സ്വാധീനം ഇന്ത്യയിലും അലയടിച്ചേക്കും.
∙ ക്രൂഡ് ഓയിൽ വില കുതിച്ചുകയറുന്നതും തിരിച്ചടി.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റം കൂടുതൽ ശക്തമാക്കി. ഇന്നലെ 6,082 കോടി രൂപയാണ് അവർ പിൻവലിച്ചത്.
∙ ഇൻഡസ്ഇൻഡ് ബാങ്ക്, മാസഗോൺ ഡോക്ക്, അദാനി ടോട്ടൽ ഗ്യാസ്, ഗെയിൽ ഇന്ത്യ എന്നിവ ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു.
ഇവയുടെ ലാഭം ഇടിയുകയാണുണ്ടായത്.
∙ ഇൻഡസ്ഇൻഡ് ബാങ്കിന്റെ കിട്ടാക്കട അനുപാതം കൂടിയതും തിരിച്ചടി.
∙ ടിസിഎസ് കൂട്ടത്തോടെ 12,000 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചത് ഇന്നലെ ഐടി ഓഹരികളെയാകെ ഉലച്ചിരുന്നു.
∙ എൽ ആൻഡ് ടി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, സ്റ്റാർ ഹെൽത്ത്, വരുൺ ബവ്റീജസ്, കേരളക്കമ്പനിയായ വി-ഗാർഡ് തുടങ്ങിയവ ഇന്നു ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടും.
എണ്ണവില മുന്നോട്ട്; സ്വർണം താഴോട്ട്
ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ നിലവിലെ സ്ഥിതി തന്നെ തുടരാൻ ഒപെക് പ്ലസ് തീരുമാനിച്ചത്, എണ്ണവില കുതിക്കാൻ വഴിയൊരുക്കി.
ബ്രെന്റ് വില ബാരലിന് വീണ്ടും 70 ഡോളർ ഭേദിച്ചു. ഡബ്ല്യുടിഐ ക്രൂഡ് വില 66 ഡോളറും കടന്നു.
∙ ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്.
ഓഹരി വിപണി, രൂപ എന്നിവയുടെ പ്രകടനത്തെയും ഇതു ബാധിക്കും.
∙ യുഎസ്-യൂറോപ്യൻ യൂണിയൻ ഡീൽ, യുഎസ്-ചൈന ചർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ സ്വർണവില കൂടുതൽ നഷ്ടത്തിലായി.
∙ യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും ഡോളർ ശക്തമാകുന്നതും സ്വർണവിലയെ താഴേക്കുനയിച്ചു.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 19 ഡോളർ താഴ്ന്ന് 3,319 ഡോളറിലാണുള്ളത്. ഒരുഘട്ടത്തിൽ വില 3,308 ഡോളർ വരെ ഇടിഞ്ഞിരുന്നു.
∙ കേരളത്തിൽ ഇന്നലെ വില മാറിയിരുന്നില്ല.
ഇന്നു വില കുറയും. ഒരുപക്ഷേ, പവൻവില 73,000 രൂപയ്ക്കും താഴെയെത്താം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]