തൃശൂർ∙ നാളികേരത്തിന്റെ നാട്ടിൽ നാഴി മണ്ണിനെക്കാൾ തീപിടിച്ച വിലയാണ് നാഴി വെളിച്ചെണ്ണയ്ക്ക്. കിലോഗ്രാമിന് 400 രൂപയും കടന്നു മുന്നോട്ടങ്ങനെ കുതിക്കുമ്പോൾ വെളിച്ചെണ്ണയിൽ താളിച്ച കറികളുടെ സുഗന്ധം ജോൺസൻമാഷിന്റെ പാട്ടുകളെപ്പോലെ നഷ്ട നൊസ്റ്റുവായി ഓർമകളിൽ ഇടം പിടിച്ചേക്കും.

കൊപ്ര കിട്ടാനില്ലാത്തതു മൂലമുള്ള പ്രതിസന്ധിയായതിനാൽ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. മായം കലർന്ന എണ്ണകളുടെ വിളയാട്ടം പ്രതീക്ഷിച്ചു വേണം അടുക്കള സാധനങ്ങൾ തിരഞ്ഞെടുക്കാൻ. വെളിച്ചെണ്ണയെന്ന പേരും വച്ചു വില കുറച്ചു വിൽക്കുന്ന വ്യാജൻമാരെ സൂക്ഷിക്കണം. കേടുവന്ന രണ്ടാംതരം കൊപ്രയിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണയുടെ വിളയാട്ടം വേറെ. നിലവിൽ സൺഫ്ലവർ ഓയിലും പാമോയിലും ആണ് ഏറ്റവും കൂടുതൽ ആളുകൾ വെളിച്ചെണ്ണയ്ക്ക് പകരം ഉപയോഗിക്കുന്നത്. ജനപ്രീതിയിൽ തൊട്ടുപിന്നാലെ റൈസ് ബ്രാൻ ഓയിലാണ്.

പക്ഷേ, വെളിച്ചെണ്ണയ്ക്ക് പകരക്കാരനെ തേടുമ്പോൾ കൊതിയൂറുന്ന വാസനയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാതെ രക്ഷയില്ല. ഓണത്തോടെ ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് 600 രൂപ കടക്കാനാണ് സാധ്യത. ഏതായാലും ഉർവശീശാപം എന്ന മട്ടിൽ വെളിച്ചെണ്ണ ഉപഭോഗം കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാകും. ആവിയിൽ വേവിച്ച കറികളോളം മികച്ച മറ്റൊന്നുമില്ല. പ്രഷർ കുക്കർ, സ്ലോ കുക്കർ, മൈക്രോവേവ്, എയർ ഫ്രൈയർ, ഗ്രിൽ പാൻ എന്നിവയുടെ ഉപയോഗം വർധിപ്പിക്കണം. ചീനച്ചട്ടിക്കും ഇരുമ്പുചട്ടിക്കുമൊക്ക അൽപം ക്ഷീണമാകാം.

വിദേശത്തുള്ള പല പ്രശസ്ത റസ്റ്ററന്റുകളും ‘സീഡ് ഓയിൽ ഫ്രീ ’ മെനു വാഗ്ദാനം ചെയ്ത് ഇരട്ടി പണം ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നു. നമ്മുടെ അടുക്കള വിഭവങ്ങളിലും അത്തരമൊരു ആരോഗ്യകരമായ മാറ്റം കൊണ്ടുവരാവുന്നതാണ്. വെളിച്ചെണ്ണയിൽ താളിക്കുക, വഴറ്റുക എന്നിവ പാടെ ഒഴിവാക്കി കറികൾ ആവിയിൽ തയാറാക്കിയ ശേഷം മുകളിൽ അൽപം തേങ്ങാപ്പാൽ തൂവുന്നത് കറികൾക്ക് നറുമണം നൽകും.

നെയ്യ്, വെണ്ണ ഉരുക്കിയത് എന്നിവ ചേർത്താലും മതിയാകും. തേങ്ങ അരച്ചുള്ള കറികളിൽ തേങ്ങ നാമമാത്രവും സവാള/ ചുവന്നുള്ളി കൂടുതലും ചേർക്കുന്നത് രുചി കൂട്ടുകയേ ഉള്ളു. ഇവയിൽ പിന്നീട് വെളിച്ചെണ്ണ ചേർക്കേണ്ട ആവശ്യമില്ല. തോരൻ, മെഴുക്കുപുരട്ടി എന്നിവ ആവിയിൽ തയാറാക്കിയ ശേഷം പോക്കറ്റ് അനുവദിക്കുമെങ്കിൽ മാത്രം മുകളിൽ കടകു വറുക്കാനോ ഉള്ളി കാച്ചാനോ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കാം.

English Summary:

Coconut oil price hike is affecting Kerala’s cuisine and lifestyle. Considering Urvashi’s curse, reducing coconut oil consumption might be beneficial for health, and exploring alternative cooking methods is recommended.