
അക്ഷയ തൃതീയയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ, രാജ്യാന്തര സ്വർണവിലയിൽ ചാഞ്ചാട്ടം. ഔൺസിന് 22 ഡോളർ ഇടിഞ്ഞ് 3,313 ഡോളറിലാണ് നിലവിൽ (ഇന്ത്യൻ സമയം ചൊവ്വ വൈകിട്ട് 8.20) വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിലയിൽ ഓരോ ഡോളർ കുറയുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി രണ്ടു രൂപയെങ്കിലും കുറയും. രാജ്യാന്തര വിപണി നിലവിലെ ട്രെൻഡാണ് ചൊവ്വാഴ്ചത്തെ വ്യാപാരത്തിലുടനീളം തുടരുന്നതെങ്കിൽ കേരളത്തിലും വില കുറഞ്ഞേക്കും.
സംസ്ഥാനത്ത് (Kerala gold price) . ഇക്കുറി അക്ഷയതൃതീയക്ക് (Akshaya Tritiya) കേരളത്തിലെ സ്വർണാഭരണ വിൽപന 1,500 കോടി രൂപ കടന്നേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 2023ലും 2024ലും 1,500 കോടി രൂപ കടന്നിരുന്നു.
ഇത്തവണ താരതമ്യേന വില വൻതോതിൽ കൂടി നിൽക്കുന്നുണ്ടെങ്കിലും വിറ്റുവരവിനെ അതു ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അക്ഷയതൃതീയക്ക് സ്വർണം വാങ്ങുന്നതിനായി മുൻകൂർ ബുക്കിങ്ങുകളും സജീവമായിരുന്നു. സ്വർണനാണയം, മോതിരം, കമ്മൽ, മൂക്കുത്തി എന്നിവയ്ക്കാണ് കൂടുതൽ ഡിമാൻഡ്.
സാധാരണ ദിനങ്ങളിൽ കേരളത്തിൽ ശരാശരി 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ സാമ്പത്തിക വർഷത്തെയും ശരാശരി വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയും. . 2024ലെ അക്ഷയതൃതീയ ദിനമായ മേയ് 10ന് കേരളത്തിൽ പവൻവില 53,600 രൂപയും ഗ്രാം വില 6,700 രൂപയുമായിരുന്നു.
ഇത്തവണയും സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വർണാഭരണശാലകളെല്ലാം അക്ഷയതൃതീയ ഓഫറുകളുമായി സജീവമാണ്. പണിക്കൂലിയിൽ ഇളവിനു പുറമെ പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിനു പുറമെ വജ്രാഭരണങ്ങൾക്കും വെള്ളിയാഭരണങ്ങൾക്കും ഓഫറുകളുണ്ട്.
എന്താണ് അക്ഷയതൃതീയ?
ഭാരതീയ വിശ്വാസപ്രകാരം സര്വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണിത്. ശുഭകാര്യങ്ങൾക്ക് ഏറ്റവും ഉത്തമമായ മാസമാണത്രേ വൈശാഖം. അക്ഷയതൃതീയ ദിനത്തിൽ ചെയ്യുന്ന സത്കർമങ്ങളുടെ ഫലം മോശമാകില്ലെന്നാണ് വിശ്വാസം. ഈ ദിവസം സ്വർണം, വസ്ത്രം, വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു.