തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സിഎസ്ബി ബാങ്ക് (CSB Bank) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ രേഖപ്പെടുത്തിയത് മുൻവർഷത്തെ സമാനപാദത്തേക്കാൾ 26% വളർച്ചയോടെ 190 കോടി രൂപയുടെ ലാഭം (PAT/net profit). പ്രവർത്തനലാഭം (operating profit) 39% വർധിച്ച് 317 കോടി രൂപ. മൊത്തം ബിസിനസ്  (total business) 27% ഉയർന്ന് 68,703 കോടി രൂപയാണ്. ഇതിൽ മൊത്തം വായ്പകൾ (gross advances) 30 ശതമാനം മുന്നേറി 31,842 കോടി രൂപയായപ്പോൾ നിക്ഷേപം (deposits) 24% വർധിച്ച് 36,861 കോടി രൂപയിലെത്തി.

മൊത്ത വരുമാനം (total income) 1,362 കോടി രൂപ; 37 ശതമാനമാണ് വർധന. അതേസമയം, അറ്റ പലിശ വരുമാനം (NII) 4% കുറഞ്ഞ് 371 കോടി രൂപയായി. മൂലധന പര്യാപ്തതാ അനുപാതം (Capital Adequacy Ratio) 22.46 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലാണെങ്കിലും മുൻവർഷത്തെ സമാനപാദത്തിൽ ഇത് 24.47 ശതമാനമായിരുന്നു. അറ്റ പലിശ മാർജിൻ (NIM) 5.04 ശതമാനത്തിൽ നിന്ന് 3.75 ശതമാനത്തിലേക്കും താഴ്ന്നു. ഡിസംബർ പാദത്തിൽ ഇത് 4.11 ശതമാനമായിരുന്നു.

Image : Shutterstock AI

മൊത്തം നിഷ്ക്രിയ ആസ്തി (GNPA) വാർഷികാടിസ്ഥാനത്തിൽ (YoY) 1.47 ശതമാനത്തിൽ നിന്നുയർന്ന് 1.57 ശതമാനമായി. 1.58 ശതമാനമായിരുന്നു ഡിസംബർ പാദത്തിൽ. അറ്റ നിഷ്ക്രിയ ആസ്തി (NNPA) 0.51 ശതമാനത്തിൽ നിന്ന് 0.52 ശതമാനത്തിലേക്ക് വർധിച്ചു; എന്നാൽ പാദാടിസ്ഥാനത്തിൽ (QoQ) ഒക്ടോബർ-ഡിസംബറിലെ 0.64 ശതമാനത്തിൽ നിന്ന് കുറഞ്ഞു. ബാങ്കിന്റെ മൊത്തം വായ്പയിൽ 44 ശതമാനവും സ്വർണപ്പണയ വായ്പകളാണ് (gold loans). കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ 42 ശതമാനമായിരുന്നു ഇത്.

കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (Provisions for NPA) വാർഷികാടിസ്ഥാനത്തിൽ 798% വർധിച്ചുവെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർ‌ട്ട് ചൂണ്ടിക്കാട്ടുന്നു. 3.75% താഴ്ന്ന് 350 രൂപയിലാണ് ചൊവ്വാഴ്ച സിഎസ്ബി ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞവർഷം ജൂലൈ രണ്ടിലെ 403.20 രൂപയാണ് 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഇക്കഴി‍ഞ്ഞ മാർച്ച് 4ലെ 272.75 രൂപ. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 15 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

CSB Bank’s Q4 net profit rises 26%