
പാകിസ്ഥാൻ ക്രിപ്റ്റോ കൗൺസിലും (പിസിസി) അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടുംബത്തിന്റെ ക്രിപ്റ്റോ സംരംഭമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യലും (ഡബ്ല്യുഎൽഎഫ്) ഒരുമിക്കുന്നു. ക്രിപ്റ്റോ വ്യവസായത്തിൽ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളിൽ ഇവർ ഒപ്പുവച്ചു.
ഒരുമിച്ചു മുന്നേറ്റം
ബ്ലോക്ക്ചെയിൻ നവീകരണം, സ്റ്റേബിൾകോയിൻ ദത്തെടുക്കൽ, വികേന്ദ്രീകൃത ധനകാര്യ സംയോജനം എന്നിവ കൂട്ടുകയാണ് ലക്ഷ്യം. രണ്ട് സംഘടനകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ക്രിപ്റ്റോ മേഖലയിൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പാകിസ്ഥാന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ രാജ്യാന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഈ കരാറുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രിപ്റ്റോ വ്യവസായത്തിൽ പാകിസ്ഥാനിൽ യുവജനതയുടെ താല്പര്യം , വളർന്നുവരുന്ന സമ്പദ്വ്യവസ്ഥ, ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസം എന്നിവയെല്ലാം ഇതിന് അനുകൂല സാഹചര്യങ്ങളാണ് എന്ന വിലയിരുത്തലുണ്ട്. ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുമായി പാകിസ്ഥാനെ സംയോജിപ്പിക്കുന്നതിൽ രാജ്യാന്തര സഹകരണം നിർണായക പങ്ക് വഹിക്കുമെന്ന് ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
വേൾഡ് ലിബർട്ടി ഫിനാൻഷ്യലുമായുള്ള ഈ പങ്കാളിത്തം പാകിസ്ഥാനിൽ ആധുനിക സാമ്പത്തിക സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്രിപ്റ്റോ കറൻസി നിയമ വിധേയമാക്കും
2025 ഏപ്രിൽ 26 ന് രാവിലെ 10:15 ന് പാകിസ്ഥാൻ ക്രിപ്റ്റോ കൗൺസിലുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചതായി ട്രംപിന്റെ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എക്സിൽ റിപ്പോർട്ട് ചെയ്തതോടെ ക്രിപ്റ്റോകറൻസി വിപണിയിൽ ഉഷാർ പ്രകടമായി. പ്രഖ്യാപനത്തിന് രണ്ട് മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ (BTC) വില 3.2% വർദ്ധിച്ചു. ഇത് വിപണിയിലെ പോസിറ്റീവ് വികാരത്തെ പ്രതിഫലിപ്പിക്കുന്നു. Ethereum (ETH) 2.8% വർദ്ധനവ് രേഖപ്പെടുത്തി 3,250 ഡോളർ ആയി.
വർഷങ്ങളായി ഡിജിറ്റൽ കറൻസികളെക്കുറിച്ച് അജ്ഞത പുലർത്തിയിരുന്ന ഇസ്ലാമാബാദ്, മാർച്ചിൽ പാകിസ്ഥാൻ ക്രിപ്റ്റോ കൗൺസിൽ (പിസിസി) ആരംഭിച്ചു. മേഖലയിലെ നവീകരണം സ്വീകരിക്കുന്നതിനൊപ്പം നിക്ഷേപകരെയും സാമ്പത്തിക വ്യവസ്ഥയെയും സംരക്ഷിക്കുന്ന നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഒരു സമയത്ത് ക്രിപ്റ്റോകറൻസിയോടുള്ള തുറന്ന സമീപനം സൂചിപ്പിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
English Summary:
Trump family-backed crypto venture World Liberty Financial partners with Pakistan Crypto Council to boost investment and innovation in Pakistan’s burgeoning digital economy. This collaboration aims to foster blockchain technology, stablecoin adoption, and DeFi integration.
58icjmtcivbll6ijd5r7vnq1aa mo-news-world-countries-pakistan mo-business-economy 74at65i9lnnnob9av8n2nocf3j-list 7q27nanmp7mo3bduka3suu4a45-list mo-business-cryptocurrency mo-business-bitcoin mo-politics-leaders-internationalleaders-donaldtrump