
കണ്ണൂരിലെ പ്രശസ്തമായ ബ്രണ്ണൻ കോളജിന് ഇനി കൂടുതൽ തിളക്കം. കോളജിനെ മികവിന്റെ കേന്ദ്രമാക്കാനായി 97 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
21.5 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചു. പുതിയ അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ തുടങ്ങിയവ പദ്ധതിയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ബ്രണ്ണൻ കോളജിലെ പൂർവവിദ്യാർഥിയാണ്. അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ധർമടത്ത് ഇതുൾപ്പെടെ നിരവധി വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്.
അതിൽ പ്രധാനമാണ് പിണറായി എഡ്യുക്കേഷൻ ഹബ്. 50 കോടി രൂപയുടെ ഈ പദ്ധതിയിൽ ബയോഡൈവേഴ്സിറ്റി പാർക്ക്, ലോകോത്തര നിലവാരമുള്ള ഐടിഐ, റസിഡൻഷ്യൽ സൗകര്യമുള്ള ഐഎഎസ് അക്കാഡമി, ഹോട്ടൽ മാനേജ്മെന്റ് കോളജ് തുടങ്ങിയവയുണ്ട്.
ഗവ. ബ്രണ്ണൻ കോളജ് (ഫയൽ ചിത്രം: മനോരമ)
കിഫ്ബിയുടെ പിന്തുണയോടെയാണ് ഈ വികസന പ്രവർത്തനങ്ങൾ.
ധർമടം മണ്ഡലത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെ അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി 500 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ തുടങ്ങിയവയ്ക്ക് സൗകര്യങ്ങളുള്ള ധർമടം സ്റ്റേഡിയം, പാറപ്പുറം റഗുലേറ്റർ പദ്ധതി, ആണ്ടല്ലൂർക്കാവ് പൈതൃക പദ്ധതി തുടങ്ങിയവ ശ്രദ്ധേയം.
മുഖ്യമന്ത്രി പിണറായി വിജയൻ (file photo)
മുഴപ്പിലങ്ങാട് ധർമടം ബീച്ച് ടൂറിസത്തിനായി നടപ്പാക്കിയത് 240 കോടി രൂപയുടെ പദ്ധതിയാണ്. മലബാർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായുള്ള ധർമടം, പാറപ്രം, അഞ്ചരക്കണ്ടി പുഴ, മമ്പറം, ചേരിക്കൽ ബോട്ട് ടെർമിനലുകളും ആകർഷണങ്ങൾ.
36 കോടി രൂപയുടെ ചേക്ക് പാലം കം റഗുലേറ്റർ ബ്രിജ് പദ്ധതിയാണ് മറ്റൊന്ന്. വേങ്ങാട് ഇ.കെ നായനാർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പശ്ചാത്തല സൗകര്യ വികസനത്തിന് മൂന്ന് കോടി രൂപ നൽകി. ചാല, പെരളശേരി, മുഴപ്പിലങ്ങാട്, പിണറായി, പാലയാട് എന്നിവിടങ്ങളിലെ ഗവ.ഹയർ സെക്കൻഡറി സ്കൂളുകൾക്കും സാമ്പത്തിക പിന്തുണ ലഭിച്ചു.
കണ്ണൂർ വിമാനത്താവളത്തിനു സമീപം ഉയരുന്ന കണ്ണൂർ ഐടി പാർക്കാണ് കിഫ്ബിയുടെ സഹായത്തോടെ സജ്ജമാകുന്ന മറ്റൊരു സുപ്രധാന വികസന സംരംഭം. 293.22 കോടി രൂപയാണ് നിർമാണച്ചെലവ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]