ആഭ്യന്തര റബർവില മികച്ച പ്രതീക്ഷകൾ നൽകി മുന്നോട്ട്. ആർഎസ്എസ് 4ന് ഒരുരൂപ കൂടി വർധിച്ചു. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വിലയെ സ്വാധീനിക്കുന്നത്. മെച്ചപ്പെട്ട മഴലഭിക്കുന്ന മുറയ്ക്കാകും ടാപ്പിങ് ഉഷാറാവുകയും സ്റ്റോക്ക് വരവ് കൂടുകയും ചെയ്യുക.

ചൈനയിൽ നിന്നുള്ള ഡിമാൻഡ് മയപ്പെട്ടതാണ് രാജ്യാന്തരവിലയെ ബാധിച്ചത്. ഇക്കുറി ആഗോളതലത്തിൽ ഉൽപാദനം കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കിൽ‌, വില ഇനിയും മെച്ചപ്പെട്ടേക്കാം.

കൊച്ചി വിപണിയിൽ റെക്കോർഡ് കുതിപ്പിന് താൽകാലിക വിരാമമിട്ട് ‘വിശ്രമത്തിലാണ്’ വെളിച്ചെണ്ണ വില. അതേസമയം, കുരുമുളക് വില മികച്ച ഡിമാൻഡിന്റെ കരുത്തിൽ‌ മുന്നേറാനുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ ഡിമാൻഡും മറ്റും കയറ്റുമതിക്ക് ഊർജമാകുന്നുണ്ട്. കൊച്ചിയിൽ വില 100 രൂപ കൂടി വർധിച്ചു. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല.

കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില വീണ്ടും തളർന്നു. വിലയിൽ 10 രൂപ കൂടി ഇ‍ടിഞ്ഞു. കൊക്കോ ഉണക്ക വില മാറിയിട്ടില്ല. സ്റ്റോക്ക് വരവ് കൂടിയെങ്കിലും ചോക്ലേറ്റ് നിർമാതാക്കളിൽ നിന്ന് കാര്യമായ വാങ്ങലുണ്ടാകാത്തത് വിലയെ സാരമായി തന്നെ ബാധിക്കുകയാണ്.

പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനം കുറഞ്ഞതിനാൽ ലേലത്തിനെത്തുന്ന ഏലത്തിന് ആവശ്യക്കാരേറെ. ഭേദപ്പെട്ട വില കിട്ടുന്നുണ്ടെങ്കിലും കൈവശം ചരക്ക് അധികമില്ലാത്തതിനാൽ കർഷകർക്ക് നിരാശയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodty Price: Rubber price rises, Black Pepper set to increase, Coconut oil remains steady