ന്യൂഡൽഹി∙ ഏപ്രിൽ രണ്ടിന് യുഎസിന്റെ പകരത്തിനു പകരച്ചുങ്കം (റെസിപ്രോക്കൽ തീരുവ) നടപ്പാകും മുൻപ് ഇന്ത്യ ഒട്ടേറെ യുഎസ് ഉൽപന്നങ്ങളുടെ തീരുവ കുറച്ചേക്കുമെന്നു സൂചന. യുഎസ് തുടങ്ങിവച്ച തീരുവ യുദ്ധത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, വാൾനട്ട്, ക്രാൻബെറി, പിസ്ത തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ തീരുവ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

യുഎസ് വ്യാപാര പ്രതിനിധി (സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ) ബ്രെൻഡൻ ലിഞ്ചുമായി ഡൽഹിയിൽ നടത്തിയ വ്യാപാരചർച്ചകളിൽ‍ ഇക്കാര്യം തീരുമാനിച്ചതായാണ് സൂചന. ഉഭയകക്ഷി വ്യാപാര കരാർ വഴി തീരുവയുദ്ധത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. യുഎസിന് അനുകൂലമായ തീരുമാനങ്ങളിലൂടെ ഇന്ത്യയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ ലഭിക്കുമോയെന്നും നോക്കുന്നുണ്ട്.

വ്യാപാരക്കരാർ ചർച്ചകൾ നന്നായി പുരോഗമിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞത്. വമ്പൻ തീരുവ ചുമത്തുന്ന രാജ്യമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ പലപ്പോഴും വിശേഷിപ്പിച്ചത്. യുഎസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ഉൽപന്നങ്ങളുടെ തീരുവ കഴിഞ്ഞ 2 മാസത്തിനിടെ ഇന്ത്യ കുറച്ചിരുന്നു. ബർബൻ വിസ്കി മുതൽ വിലകൂടിയ ബൈക്കുകൾ വരെ ഇതിൽ ഉൾപ്പെടും. ഇതിനു പുറമേ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും ടെസ്‍ലയ്ക്കും ഇന്ത്യയിലേക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

യുഎസ് താരിഫിനെക്കുറിച്ച് ഇന്നലെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടു ചോദിച്ചപ്പോൾ ‘പീയൂഷ് ഗോയൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും.’ എന്നാണ് പറഞ്ഞത്. യുഎസ് വ്യാപാരവിഷയത്തിൽ സർക്കാർ ഇതുവരെ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.

‘തീരുവയുദ്ധം ഇന്ത്യയെ കാര്യമായി ബാധിക്കില്ല’

യുഎസിന്റെ റെസിപ്രോക്കൽ തീരുവ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും നിതി ആയോഗ് പ്രോഗ്രാം ഡയറക്ടർ പ്രവാകർ സാഹൂ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ മാത്രമാണുള്ളത്. ഇതുവച്ച് നോക്കുമ്പോൾ ഇന്ത്യയ്ക്ക് കാര്യമായ തിരിച്ചടിയുണ്ടാകില്ലെന്നാണ് കരുതുന്നത്. ചില മേഖലകളെ മാത്രമായിരിക്കും ഇത് ബാധിക്കുക. അതേസമയം, ഇന്ത്യയ്ക്കു നേടാൻ ഒട്ടേറെ അവസരങ്ങളുമുണ്ട്. യുഎസ് താരിഫ് സംബന്ധിച്ച വിശദമായ അവലോകനം നിതി ആയോഗ് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Image Credit : Instagram/realdonaldtrump

യുഎസ് ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളായിരിക്കും തീരുവയുടെ ആഘാതം കൂടുതൽ നേരിടുക. ഈ രാജ്യങ്ങൾ 20 മുതൽ 25% വരെ അധിക തീരുവ നേരിടാം. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്താണ്.

English Summary:

India’s strategic tariff reduction on US products like almonds and pistachios aims to mitigate the impact of the US trade war. Experts believe the overall effect on India will be minimal, presenting new opportunities.