
വിവാഹാവശ്യത്തിനു വലിയതോതിൽ സ്വർണാഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവരെയും ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ നിരാശയിലാഴ്ത്തി സ്വർണവില (gold rate) ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ. രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച ഔൺസിന് 3,076 ഡോളർ എന്ന റെക്കോർഡ് ഇന്നു 3,086 ഡോളറായി തിരുത്തിയപ്പോൾ കേരളത്തിലും (Kerala gold price) പിറന്നത് . ഇന്നലെ കുറിച്ച ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയും എന്ന റെക്കോർഡ് ഇനി മറക്കാം. ഇന്നു പുതിയ വിലയാണെന്നു മാത്രമല്ല, പവൻ 67,000 രൂപയെന്ന നാഴികക്കല്ലിന് തൊട്ടടുത്തെത്തിയിരിക്കുന്നു.
വിവാഹാഭരണങ്ങൾ വാങ്ങാൻ തയാറെടുക്കുന്നവരെയാണ് ഈ വിലക്കയറ്റം കൂടുതൽ ആശങ്കപ്പെടുത്തുന്നത്. രണ്ടുപവന്റെ താലിമാലയ്ക്കുപോലും മിനിമം ഒന്നരലക്ഷം രൂപയെങ്കിലും കൊടുക്കണമെന്ന സ്ഥിതി. ഇന്നു കേരളത്തിൽ ഗ്രാമിന് 20 രൂപ വർധിച്ച് 8,360 രൂപയായി. പവന് 160 ഉയർന്ന് 66,880 രൂപയും. 67,000 രൂപയിൽ നിന്ന് വെറും 120 രൂപയുടെ അകലം.
എന്തുകൊണ്ട് ഇങ്ങനെ സ്വർണം കുതിക്കുന്നു?
ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം, ഓഹരി-കടപ്പത്ര വിപണികളുടെ തളർച്ച, യുദ്ധം, രാജ്യങ്ങൾക്കിടയിലെ വ്യാപാര-നയതന്ത്ര ബന്ധങ്ങളിലെ അസ്വാരസ്യം തുടങ്ങിയ സാഹചര്യങ്ങളിൽ സ്വർണ നിക്ഷേപ പദ്ധതികൾക്ക് ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ കിട്ടാറുണ്ട്. അതായത്, മറ്റ് നിക്ഷേപങ്ങളിൽ നിന്ന് നഷ്ടം ഭയന്നു പിന്മാറുന്ന നിക്ഷേപകർ പ്രതിസന്ധിയൊക്കെ മാറുംവരെ തൽകാലത്തേക്ക് ആ പണം ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. സ്വർണ നിക്ഷേപ പദ്ധതികൾ പൊതുവേ ഭേദപ്പെട്ട നേട്ടം നൽകാറുണ്ടെന്നതും അവർ കണക്കിലെടുക്കുന്നു.
ഇങ്ങനെ സ്വർണത്തിലേക്ക് നിക്ഷേപമൊഴുകുമ്പോൾ വില കുതിക്കും. ഇതിനെല്ലാം പുറമെ കരുതൽ ശേഖരത്തിലേക്ക് ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിച്ചേർക്കുന്നതും ആഭരണമെന്ന നിലയിൽ ഉത്സവ, വിവാഹ സീസണിൽ ലഭിക്കുന്ന ഡിമാൻഡും സ്വർണവില വർധനയുടെ ആക്കംകൂട്ടുന്നു.
ആരാണ് വില്ലൻ..?
ഡോണൾഡ് ട്രംപ് തന്നെ. യുഎസ് പ്രസിഡന്റ് ആയി വീണ്ടും സ്ഥാനമേറ്റ ട്രംപ് തുടക്കമിട്ട താരിഫ് (ഇറക്കുമതി തീരുവ) യുദ്ധമാണ് സ്വർണത്തിന് കൂടുതൽ ഊർജമാകുന്നത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവയാണ് ട്രംപ് അടിച്ചേൽപ്പിക്കുന്നത്. ഇതു പല രാജ്യങ്ങളിലെയും കമ്പനികൾക്ക് തിരിച്ചടിയാകുന്നു. പല രാജ്യങ്ങളും അമേരിക്കയോടുള്ള സമീപനം മാറ്റുന്നത് നയതന്ത്ര-വ്യാപാരബന്ധങ്ങളെ ഉലയ്ക്കുന്നു.
മാത്രമല്ല, അമേരിക്കൻ സമ്പദ്വ്യവസ്ഥയെ തന്നെ തകിടംമറിക്കാനുള്ള സാധ്യതയും ശക്തമാണ്. ഇറക്കുമതി തീരുവ കൂടുമ്പോൾ അമേരിക്കക്കാർ ആ ഉൽപന്നങ്ങൾ വാങ്ങാൻ കൂടുതൽ വില നൽകേണ്ടി വരും. ഫലത്തിൽ പണപ്പെരുപ്പം കുതിച്ചുകയറും. യുഎസ് ഓഹരി വിപണികളെല്ലാം ഇന്നലെ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് 700 പോയിന്റിലേറെ (-1.69%) കൂപ്പുകുത്തി. എസ് ആൻഡ് പി500 സൂചിക 1.97 ശതമാനവും നാസ്ഡാക് 2.70 ശതമാനവും ഇടിഞ്ഞു.
എന്നാലും, പൊന്നേ…
കഴിഞ്ഞ ഒരുവർഷത്തിനിടെ റെക്കോർഡുകൾ തകർത്തുള്ള വിസ്മയക്കുതിപ്പാണ് സ്വർണം നടത്തുന്നത്. 2024 മാർച്ച് 29ന് പവന് 50,400 രൂപയായിരുന്നു വില. അതുമായി താരതമ്യം ചെയ്താൽ ഒരുവർഷത്തിനിടെ കൂടിയത് 16,480 രൂപ. ഗ്രാമിന് 2,060 രൂപയും. 2025ൽ ഇതുവരെ പവന് 10,000 രൂപ കൂടി; ഗ്രാമിന് 1,250 രൂപയും. ഈ മാസത്തെ കണക്കും അമ്പരിപ്പിക്കും. പവന് 3,360 രൂപയും ഗ്രാമിന് 420 രൂപയുമാണ് ഈ ഒറ്റമാസത്തിൽ വർധിച്ചത്.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോഴാണ് വില കൂടിയതിന്റെ ഭാരം ശരിക്കുമറിയുക. മൂന്നു ശതമാനം പണിക്കൂലിയും 53.10 രൂപ ഹോൾമാർക്ക് ഫീസും പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ചേർത്ത് 72,385 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം ഇന്നു വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,048 രൂപയും.
നിങ്ങൾ മുൻകൂർ ബുക്കിങ് ചെയ്തിരുന്നോ..?
നേരത്തേ, സ്വർണവില കുറഞ്ഞുനിന്നപ്പോൾ മുൻകൂർ ബുക്കിങ് സൗകര്യപ്പെടുത്തിയവരെ ഈ വിലക്കയറ്റം ബാധിക്കില്ലെന്ന നേട്ടമുണ്ട്. കാരണം, ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്കു സ്വർണാഭരണം വാങ്ങാമെന്നതാണ് നേട്ടം. വിവാഹാവശ്യത്തിനു സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും നിലവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഒട്ടുമിക്ക വ്യാപാരികളും പറയുന്നു.
ഈ മാസം ഒന്നിന് നിങ്ങൾ ഒരു പവൻ ആഭരണം ബുക്ക് ചെയ്തിരുന്നു എന്നു കരുതുക, അന്നുവില 63,520 രൂപയേ ഉണ്ടായിരുന്നുള്ളൂ; പണിക്കൂലിയും ജിഎസ്ടിയും മറ്റും ചേർത്താലും 68,750 രൂപ നിരക്കിൽ ഒരു പവൻ ആഭരണം ലഭിക്കുമായിരുന്നുന്നു. ഇന്നു നൽകേണ്ട വിലയേക്കാൾ 3,600 രൂപയോളം കുറവ്.
18 കാരറ്റും വെള്ളിയും
ലൈറ്റ്വെയ്റ്റ് ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്നു റെക്കോർഡ് ഉയരത്തിലെത്തി. ചില ജ്വല്ലറികളിൽ ഗ്രാമിന് 15 രൂപ ഉയർന്ന് 6,900 രൂപയായപ്പോൾ മറ്റു ചില വ്യാപാരികൾ ഈടാക്കുന്നത് 15 രൂപ തന്നെ കൂട്ടി 6,855 രൂപയാണ്. വെള്ളിക്കും രണ്ടുവിലയാണ് ഇന്നും കേരളത്തിലുള്ളത്. ചിലർ ഗ്രാമിന് 111 രൂപയും മറ്റു ചിലർ 112 രൂപയും വാങ്ങുന്നു.