ഇന്ത്യൻ ഓഹരി വിപണിയിലെ ഇക്കൊല്ലത്തെ വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) പിന്മാറ്റം മുൻപെങ്ങുമില്ലാത്ത വിധത്തിൽ. ഏതാണ്ട് 1.6 ലക്ഷം കോടി രൂപയാണ് അവർ ഇതുവരെ ഈ വർഷം പിൻവലിച്ചത്.
രൂപയുടെ വിനിമയ നിരക്കിലെ മാറ്റവും ആഗോള വ്യാപാര തർക്കങ്ങളുമാണ് പ്രധാന കാരണം.
ട്രംപിന്റെ പ്രതികാരച്ചുങ്കവും ഇന്ത്യൻ കമ്പനികളുടെ ഉയർന്ന മൂല്യവും (അധികരിച്ച ഓഹരിവില) ഇവരുടെ ഈ നിലപാടിനു വഴിതുറന്നിരിക്കാമെന്ന് നിരീക്ഷകർ പറയുന്നു.
എന്നാൽ, അടുത്ത വർഷം വിദേശ നിക്ഷേപകർ വിപണിയിലേക്ക് തിരിച്ചെത്തുമെന്നും കാര്യങ്ങൾ മാറുമെന്നുമാണ് ചില നിരീക്ഷകർ പറയുന്നത്. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതോടെ ഇന്ത്യ പോലുള്ള വിപണികളിൽ നിന്ന് പിൻവലിച്ച് വികസിത രാജ്യങ്ങളിൽ നിക്ഷേപിക്കുന്ന പ്രവണതയും പ്രകടമാണ്.
ഡിസംബർ 26 വരെയുള്ള കണക്കുപ്രകാരം 1.58 ലക്ഷം കോടി രൂപ ഓഹരികളിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
2022ൽ 1.21 ലക്ഷം കോടി രൂപ പിൻവലിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആഘാതം. 2023ൽ 1.71 ലക്ഷം കോടി രൂപ അവർ വിപണിയിൽ നിക്ഷേപിച്ചിരുന്നു.
2024ൽ 427 കോടി രൂപ പിൻവലിച്ചു.
ഇക്കൊല്ലം എട്ട് മാസവും വിദേശികൾ മൊത്ത വിൽപ്പനക്കാരായിരുന്നു. ഏപ്രിൽ, മേയ്, ജൂണ്, ഒക്ടോബർ മാസങ്ങളിൽ മാത്രമാണ് ഇവർ വാങ്ങലുകാരായത്.
ജനുവരിയിലാണ് ഏറ്റവും രൂക്ഷമായ വിൽപ്പന നടന്നത്. 78,207 കോടി രൂപ.
മേയിൽ 19,860 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തിരുന്നു.
രക്ഷകരായി ഇന്ത്യക്കാർ
വിദേശികൾ ഇന്ത്യൻ വിപണിയെ കയ്യൊഴിഞ്ഞെങ്കിലും ആഭ്യന്തര റീട്ടെയ്ൽ നിക്ഷേപകരുടെ നിക്ഷേപം തുടർന്നു. ഡിസംബറിന്റെ തുടക്കത്തിലെ കണക്കുകൾ പ്രകാരം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം 10.9 ശതമാനമായി വർധിച്ചു.
തുടർച്ചയായ ഒമ്പതാമത്തെ ത്രൈമാസവും മ്യൂച്വൽ ഫണ്ട് നിക്ഷേപം വർധിച്ചെന്നാണ് കണക്ക്.
വിദേശികൾ വിറ്റൊഴിയുന്നതിനേക്കാൾ കൂടുതൽ ഓഹരി വാങ്ങി പ്രാദേശിക നിക്ഷേപകർ ഇന്ത്യയ്ക്കൊപ്പംനിന്നു. തുടർച്ചയായ നാല് ത്രൈമാസങ്ങളിലും ഈ ട്രെൻഡ് പ്രകടമായിരുന്നു.
2003ന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രവണതയെന്നും റിപ്പോർട്ട് പറയുന്നു.
സാമ്പത്തിക മേഖലയുടെ വളർച്ചയും കമ്പനികളുടെ വരുമാനവും മെച്ചപ്പെടുന്നതോടെ വിദേശ നിക്ഷേപകർ 2026ഓടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അമേരിക്ക അടിസ്ഥാന പലിശ കുറയ്ക്കുന്നതും ഇന്ത്യ പോലുള്ള വിപണികൾക്ക് നേട്ടമാകും.
ഡോളറിലെ നിക്ഷേപത്തിന്റെ നേട്ടം കുറയുന്നതോടെ ഇന്ത്യ പോലുള്ള എമർജിംഗ് വിപണികളിലേക്ക് നിക്ഷേപകർ എത്തും.
ഇക്കൊല്ലം ജിഎസ്ടി നിരക്കിളവ് നടപ്പാക്കിയെങ്കിലും ഇതിന്റെ നേട്ടം കമ്പനികളുടെ പുറത്തുവരാനിരിക്കുന്ന പാദഫലങ്ങളിലേ പ്രതിഫലിക്കൂ. ഇതും വിദേശ നിക്ഷേപകരുടെ മനംമാറ്റാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും നിർണായകമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

