പുതുവർഷം പിറക്കുന്നത് ഒരുപിടി മാറ്റങ്ങളുമായാണ്. സാമ്പത്തിക രംഗത്തും പല പുതിയ കാര്യങ്ങൾക്കും 2026ൽ തുടക്കമാകും.
യുപിഐ ഇടപാടുകളിൽ തുടങ്ങി പാൻ കാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കൽ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന സാമ്പത്തിക രംഗത്തെ 6 പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
∙ പാൻ-ആധാർ ബന്ധിപ്പിക്കണം
പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ന് അവസാനിക്കും.
ഇത് ചെയ്തില്ലെങ്കിൽ 2026 ജനുവരി ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തിച്ചേക്കില്ല. ഇതോടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനും പ്രധാന ബാങ്ക് സേവനങ്ങൾക്കും തടസം നേരിട്ടേക്കാം.
ബാങ്ക് വഴി ഉയർന്ന തുകയുടെ ഇടപാടുകൾ നടത്താനായിരിക്കും പ്രധാന തടസം. ചില സർക്കാർ സേവനങ്ങളും ലഭിക്കാതെയാകും.
ഇതൊഴിവാക്കാൻ പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ മറക്കരുത്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിലെത്തിയാൽ എളുപ്പത്തിൽ ഇത് പൂർത്തിയാക്കാം.
∙ ബാങ്കിൽ പുതിയ നിരക്ക്
റിസർവ് ബാങ്കിന്റെ പുതിയ പലിശ നയം അനുസരിച്ച് പ്രമുഖ ബാങ്കുകൾ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്.
വായ്പ, നിക്ഷേപ പലിശ നിരക്കിൽ വരുന്ന മാറ്റം ജനുവരി ഒന്ന് മുതലാണ് നിലവിൽ വരുന്നത്. ആർബിഐ നിരക്ക് കുറച്ചതോടെ വായ്പയുടെ പലിശ കുറയും.
സ്ഥിരനിക്ഷേപങ്ങൾക്കും പുതിയ നിരക്ക് അനുസരിച്ചാകും നേട്ടം ലഭിക്കുക.
∙ യുപിഐയിൽ പുതിയ നിയമം
ഇനി മുതൽ എല്ലാ ആഴ്ചയും യുപിഐ ആപ്പിലൂടെ ക്രെഡിറ്റ് സ്കോർ അറിയാം. നിലവിൽ ഇത് പുതുക്കുന്നത് 15 ദിവസത്തിനിടയിലാണ്.
യുപിഐ ആപ്പുകളിൽ സിം കാർഡ് രജിസ്റ്റർ ചെയ്യുന്നതിലെ മാനദണ്ഡങ്ങളും കർശനമാക്കി. ഡിജിറ്റൽ തട്ടിപ്പ് തടയാനാണിത്.
∙ ഇപിഎസ് പെൻഷൻ പിൻവലിക്കൽ എളുപ്പമാകും
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് പദ്ധതി (ഇപിഎസ്) പെൻഷൻകാർക്ക് സന്തോഷിക്കാം.
ഇനിമുതൽ ഇപിഎസ് പെൻഷൻ രാജ്യത്തെ ഏത് ബാങ്ക് ബ്രാഞ്ചിൽ നിന്നും പിൻവലിക്കാം. ഏതാണ്ട് 78 ലക്ഷം പെൻഷൻകാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
∙ വാഹനവില കൂടും
ജിഎസ്ടി ഇളവോടെ കുറഞ്ഞ രാജ്യത്തെ വാഹന വില വീണ്ടും വർധിക്കാനൊരുങ്ങുന്നു.
ജനുവരി ഒന്ന് മുതൽ വില വർധിപ്പിക്കുമെന്ന് നിസാൻ, ബിഎംഡബ്ല്യു, എംജി, റെനോ, ഏതർ എനർജി തുടങ്ങിയ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളും വില വർധന നടപ്പാക്കാനാണ് സാധ്യത.
ഉൽപാദനച്ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയും വർധിച്ചതാണ് കാരണം.
∙ ശമ്പളം കൂടും
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള എട്ടാം ശമ്പള കമ്മിഷൻ ജനുവരി ഒന്ന് മുതൽ പ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഡിഎ വർധിപ്പിക്കുമെന്നാണ് സൂചന. നിർദേശങ്ങൾ നടപ്പാക്കിയാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള വർധനയ്ക്ക് കളമൊരുങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

