സ്വർണവില ലക്ഷവും കടന്ന് കുതിക്കുന്നതിന്റെ അമ്പരപ്പിലാണ് ആഭരണപ്രേമികൾ. എന്നാൽ നിങ്ങളിതു കേൾക്കുക… സ്വർണത്തേക്കാൾ പലയിരട്ടി വിലയുള്ള ലോഹം, നല്ല വെള്ളിപോലെ വെളുപ്പ്.
വില ഒറ്റ ഗ്രാമിന് 242 കോടി രൂപ. ഒരു ഗ്രാം കൊടുത്താൽ 200 കിലോഗ്രാം സ്വർണം മേടിക്കാം.
പേര് കലിഫോർണിയം. ലാബുകളിൽ കൃത്രിമമായി നിർമിക്കുന്ന കലിഫോർണിയത്തിന് വില ഗ്രാമിന് 27 ദശലക്ഷം ഡോളർ (രൂപയിൽ 242 കോടി).
എന്തുകൊണ്ടാണ് കലിഫോർണിയത്തിന് ഇത്രയും വില? രണ്ട് മൂലകങ്ങളുടെയും ഉൽപാദന രീതിയും ലഭ്യതയും തന്നെ പ്രധാന കാരണം.
സ്വർണം വ്യവസായിക അടിസ്ഥാനത്തിൽ വലിയ അളവിലാണ് ഉൽപാദിപ്പിക്കുന്നത്.
രാജ്യാന്തര തലത്തിൽ വ്യാപാരം നടക്കുന്നതും കുറഞ്ഞ അളവിൽ മാത്രം. എന്നാൽ, മൈക്രോസ്കോപ്പിക്ക് അളവിൽ ലാബുകളിൽ മാത്രമേ കലിഫോർണിയം ഉൽപാദിപ്പിക്കാൻ സാധിക്കൂ.
സ്വർണത്തെപ്പോലെ കുഴിച്ചെടുക്കുന്ന ലോഹമല്ല ഇത്. ഉയർന്ന വിലയും സങ്കീർണമായ പ്രക്രിയയും മൂലം വളരെ കുറച്ച് മാത്രമാണ് രാജ്യാന്തര തലത്തിൽ കാലിഫോർണിയമുള്ളത്.
എന്താണ് കലിഫോർണിയം?
വെള്ളി പോലെ വെളുത്ത ലോഹമാണിത്.
ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും വിലക്കൂടിയ കൃത്രിമ മൂലകം. ഇതിന്റെ കലിഫോർണിയം-252 എന്നൊരു ഐസോടോപ്പാണ് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
1952ൽ കലിഫോർണിയ യൂണിവേഴ്സിറ്റിയാണ് ആദ്യമായി ഇതു വേർതിരിച്ചെടുക്കുന്നത്. അറ്റോമിക നമ്പർ 98.
പീരിയോഡിക്ക് ടേബിളിൽ ക്യൂറിയത്തിനൊപ്പം സ്ഥാനം. വലിയ രീതിയിൽ റേഡിയോ ആക്ടീവായ മൂലകത്തിന്റെ പരമാവധി ആയുസ്സ് 2.6 വർഷമാണ്.
കാൻസർ ചികിത്സയ്ക്ക് നിർണായകം
റേഡിയോ ആക്ടിവിറ്റി കൂടിയത് കൊണ്ടുതന്നെ കാൻസർ ചികിത്സ പോലുള്ള പല ആവശ്യങ്ങൾക്കും കലിഫോർണിയം ഉപയോഗിക്കുന്നുണ്ട്.
ഭൂമിയിലെ എണ്ണസമ്പത്ത് കണ്ടെത്താനും ആണവ റിയാക്ടറുകളിലെ ന്യൂക്ലിയർ ഫിഷൻ നിരക്ക് നിയന്ത്രിക്കുന്നതിനും മറ്റ് കൃത്രിമ മൂലകങ്ങളുടെ ഉൽപാദനത്തിനും കലിഫോർണിയം ഉപയോഗിക്കുന്നുണ്ട്. സ്ഫോടക വസ്തുക്കൾ തിരിച്ചറിയുന്നത് അടക്കമുള്ള പല ഗവേഷണങ്ങൾക്കും കലിഫോർണിയം ആവശ്യമാണ്.
ഒരു മൈക്രോ ഗ്രാം കലിഫോർണിയം ഓരോ മിനിറ്റിലും 170 ദശലക്ഷം ന്യൂട്രോണുകളെ പുറത്തുവിടുന്നുണ്ടെന്നാണ് കണക്ക്.
ചുറ്റുമുള്ള മനുഷ്യർക്കും മൃഗങ്ങൾക്കും റേഡിയോ വികിരണം ഏൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ കലിഫോർണിയം കൈകാര്യം ചെയ്യമ്പോൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയുമുണ്ട്.
ഇതും വില വർധിക്കാനുള്ള മറ്റൊരു കാരണമാണ്.
10,000 കോടി വിപണി
രാജ്യാന്തര തലത്തിൽ ഏകദേശം 0.7 ബില്യൻ ഡോളറിന്റെ വിപണിയാണ് കലിഫോർണിയത്തിന്റേത്. 2032ൽ എത്തുമ്പോൾ ഇത് 1.15 ബില്യൻ ഡോളറിന്റെ വിപണിയായി വർധിക്കുമെന്ന് കരുതുന്നു.
ഓരോ വർഷവും 5 ശതമാനത്തിന് മുകളിൽ വളർച്ചനിരക്ക് രേഖപ്പെടുത്തും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

