ന്യൂഡൽഹി ∙ രാജ്യവ്യാപകമായി 72,000 ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിനു ഭൂമി കണ്ടെത്തണമെന്നു സംസ്ഥാനങ്ങൾക്കു നിർദേശം. സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടത്.
പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 2,000 കോടി രൂപ വീതം ഇൻസെന്റീവും സംസ്ഥാനങ്ങൾക്കു കിട്ടും. നോഡൽ ഏജൻസികളുടെ രൂപീകരണം, ചാർജിങ് കേന്ദ്രങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഇവി ചാർജിങ് സ്റ്റേഷനുകളിൽ ട്രാൻസ്ഫോമർ ഉൾപ്പെടെ വേണ്ടതിനാൽ ഇതിനാവശ്യമായ സ്ഥല സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഓഫിസുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ചാർജർ വയ്ക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കും.
മറ്റു സ്ഥലങ്ങളിൽ ചാർജർ വയ്ക്കാൻ ചെലവാകുന്നതിന്റെ 80% തുകയും നൽകും. ഇന്ത്യയിൽ നിർമിച്ച ചാർജർ തന്നെ വയ്ക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ള സംസ്ഥാനങ്ങൾക്കു ആദ്യം പദ്ധതിരേഖ നൽകി ആനുകൂല്യം നേടാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിതി ആയോഗിന്റെ കണക്കനുസരിച്ച് ഡൽഹി, ചണ്ഡിഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണു കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ളത്. സംസ്ഥാന സർക്കാരുകൾക്കു പുറമേ, കേന്ദ്ര മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കി നൽകാം.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ നൽകിയ കണക്കനുസരിച്ച് ഓഗസ്റ്റ് ഒന്നു വരെ രാജ്യത്താകെ 29,200 ഇവി പബ്ലിക് ചാർജിങ് സ്റ്റേഷനുകളുണ്ട്.
ചാർജിങ് സ്റ്റേഷനുകളുടെ അഭാവം കൊണ്ടു മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ ഇവി ചാർജിങ് സംവിധാനം കാര്യക്ഷമമല്ലെന്ന് നിതി ആയോഗും വിമർശിച്ചിരുന്നു.
കേന്ദ്ര സബ്സിഡി ഉപയോഗിച്ചു വിവിധയിടങ്ങളിൽ സ്ഥാപിച്ച 4,500 ചാർജറുകളിൽ 251 എണ്ണം മാത്രമേ ശരിയായി പ്രവർത്തിക്കുന്നുള്ളൂ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

