ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും വൻ പ്രതീക്ഷ നൽകി സ്വർണവില ഇന്നും ഇടിഞ്ഞു. കേരളത്തിൽ പവൻ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം 90,000 രൂപയ്ക്ക് താഴെയെത്തി.
ഒരുലക്ഷം രൂപയെന്ന ‘മാജിക്സംഖ്യ’യ്ക്ക് തൊട്ടടുത്തെത്തിയശേഷമാണ് തിരിച്ചിറക്കം.
ഇതോടെ ലക്ഷത്തിലെത്താൻ ഇനിയും സമയമെടുക്കുമെന്ന് ഉറപ്പായി. സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വിപണിക്കും ഇത് ആശ്വാസവുമാണ്.
പവൻവില ഇന്ന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി.
ഗ്രാമിന് 75 രൂപ താഴ്ന്ന് 11,225 രൂപ. കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 7,560 രൂപയാണ് ഇടിഞ്ഞത്; ഗ്രാമിന് 945 രൂപയും.
പണിക്കൂലിയും ഹോൾമാർക്ക് ഫീസും ജിഎസ്ടിയും ചേർത്തുള്ള വാങ്ങൽ വിലയും ആനുപാതികമായി കുറയുമെന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.
18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,280 രൂപയായി. വെള്ളിക്ക് ഗ്രാമിന് വില 158 രൂപ; ഇന്നു കുറഞ്ഞത് 5 രൂപ.
എന്നാൽ, ചില ജ്വല്ലറികൾ 18 കാരറ്റിന് 9,230 രൂപയാണ് ഈടാക്കുന്നത്. വെള്ളിക്ക് 155 രൂപയും.
14 കാരറ്റ് സ്വർണവിലയും ഗ്രാമിന് 7,195 രൂപയിലേക്ക് കുറഞ്ഞു. 9 കാരറ്റിനു വില 4,650 രൂപ.
വില ഇനിയും ഇടിയുമോ അതോ അവസാനിച്ചോ വിലയിറക്കം?
രാജ്യാന്തര വിലയുടെ തകർച്ചയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വൻ വീഴ്ച.
യുഎസ്-ചൈന ‘ഭായി ഭായി’ നീക്കത്തിനിടെ ഗോൾഡ് ഇടിഎഫുകൾ ലാഭമെടുപ്പിൽ മുങ്ങിയതാണ് കേരളത്തിലെ വിലയും കുറയാൻ സഹായിച്ചത്. വ്യാപാരയുദ്ധത്തിൽ യുഎസും ചൈനയും ‘വെടിനിർത്താൻ’ ഏകദേശ ധാരണയായതോടെ രാജ്യാന്തര സ്വർണവില 4,000 ഡോളറിന് താഴേക്കും നിലംപൊത്തി.
ഒരുവേള 140 ഡോളറിലേറെ താഴ്ന്ന് വില 3,979.32 ഡോളർ വരെയെത്തിയ വില ഇപ്പോഴുള്ളത് 3,993 ഡോളറിൽ.
ഏറെക്കാലത്തിനുശേഷമാണ് വില 4,000നു താഴെയാകുന്നത്. കഴിഞ്ഞവാരം 4,390 എന്ന റെക്കോർഡിൽ എത്തിയിരുന്നു.
അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രണം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന ചൈന തത്വത്തിൽ സമ്മതിച്ചതും ചൈനയ്ക്കുമേൽ 100-155% അധികത്തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞതുമാണ് സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടത്.
ചൈനയും യുഎസും ‘കൈ കൊടുക്കാൻ’ തീരുമാനിച്ചതോടെ സ്വർണത്തിന്റെ ‘സുരക്ഷിത നിക്ഷേപപ്പെരുമ’ (സേഫ് ഹാവൻ ഡിമാൻഡ്) മങ്ങുകയാണ്. ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് തകൃതിയായി.
നാളെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കും. പലിശനിരക്ക് കുറയ്ക്കാനാണ് തീരുമാനമെങ്കിൽ സ്വർണവില വീണ്ടും തിരിച്ചുകയറിയേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

