യുഎസ്-ചൈന ‘ഭായി ഭായി’ നീക്കത്തിനിടെ കേരളത്തിൽ സ്വർണവില കൂടുതൽ താഴ്ചയിലേക്ക്. വ്യാപാരയുദ്ധത്തിൽ യുഎസും ചൈനയും ‘വെടിനിർത്താൻ’ ഏകദേശ ധാരണയായതോടെ രാജ്യാന്തര സ്വർണവില 4,000 ഡോളറിന് താഴേക്ക് നിലംപൊത്തിയിട്ടുണ്ട്.
ഒരുവേള 140 ഡോളറിലേറെ താഴ്ന്ന് വില 3,979.32 ഡോളർ വരെയെത്തി. ഏറെക്കാലത്തിനുശേഷമാണ് വില 4,000നു താഴെയാകുന്നത്.
കഴിഞ്ഞവാരം 4,390 എന്ന റെക്കോർഡിൽ എത്തിയിരുന്നു.
അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രണം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന ചൈന തത്വത്തിൽ സമ്മതിച്ചതും ചൈനയ്ക്കുമേൽ 100-155% അധികത്തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിൽ വിച്ചുവീഴ്ച ചെയ്യാമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞതുമാണ് സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടത്.
ചൈനയും യുഎസും ‘കൈ കൊടുക്കാൻ’ തീരുമാനിച്ചതോടെ സ്വർണത്തിന്റെ ‘സുരക്ഷിത നിക്ഷേപപ്പെരുമ’ (സേഫ് ഹാവൻ ഡിമാൻഡ്) മങ്ങി. ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് തകൃതിയായി.
അതോടെ വില ഇടിയുകയായിരുന്നു.
എന്നാൽ, തൊട്ടുപിന്നാലെ ഡോളർ ഇൻഡക്സും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) തളർന്നതോടെ സ്വർണവില അൽപം കയറി 4,010 ഡോളറിലെത്തി. പിന്നാലെ വീണ്ടും ഇടിഞ്ഞ് 3,983 ഡോളറിലായി.
കൂടുതൽ താഴാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. ഇന്നും കേരളത്തിൽ വില വൻതോതിൽ ഇടിയുമെന്ന് ഉറപ്പായി.
ഇന്നലെ ഒറ്റദിവസം പവന് 1,720 രൂപ കുറഞ്ഞ് വില 90,400 രൂപയായിരുന്നു. ഇന്ന് 90,000നും താഴെയെത്തും.
പലിശഭാരം വെട്ടിക്കുറയ്ക്കാൻ അമേരിക്ക
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാളെ പണനയം പ്രഖ്യാപിക്കാനിരിക്കേയാണ് ഡോളറും ട്രഷറി യീൽഡും വീണത്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.09% താഴ്ന്ന് 98.70ൽ ആണുള്ളത്. 10-വർഷ ട്രഷറി യീൽഡ് 0.002% താഴ്ന്ന് 3.981 ശതമാനത്തിലും.
ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനാണ് സാധ്യത. പലിശ നിരക്ക് കുറയുന്നത് ഡോളറിനും ട്രഷറി യീൽഡിനും കൂടുതൽ തിരിച്ചടിയാകും.
ഇതുപിടിവള്ളിയാക്കി സ്വർണവില തിരിച്ചുകയറാനുള്ള സാധ്യതയുണ്ട്. വിലിയിടിവ് മുതലെടുത്തുള്ള വാങ്ങൽതാൽപര്യങ്ങളും (ബയിങ് ദ ഡിപ്പ്) സ്വർണത്തിന് കരുത്തായേക്കും.
ജപ്പാനുമായി നിർണായക നീക്കം
ട്രംപ്-ഷി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലും ചൈന-യുഎസ് സമവായനീക്കത്തിനിടയിലും ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.
ജപ്പാനിലെത്തിയ ട്രംപ്, പ്രധാനമന്ത്രി സനയ് തകയ്ചിയുമായി ചർച്ച നടക്കാനിരിക്കേ, ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 0.47% താഴ്ന്നു. റെക്കോർഡിൽ നിന്നാണ് വീഴ്ച.
ചൈനയിൽ ഷാങ്ഹായ് സൂചിക 0.21%, ഹോങ്കോങ് സൂചിക 0.24% എന്നിങ്ങനെ ഇടിഞ്ഞു.
ദക്ഷിണ കൊറിയയുടെ കോസ്പി 1.4 ശതമാനവും ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.32 ശതമാനവും നഷ്ടത്തിലായി. ജപ്പാനുമായി റെയർ എർത്ത് വിതരണം സംബന്ധിച്ച് ട്രംപ് ധാരണയിലെത്തിയേക്കും.
പകരം ജപ്പാൻ അമേരിക്കയുടെ ആയുധങ്ങളും വാഹനങ്ങളും വാങ്ങിക്കൂട്ടും. യുഎസിൽ നിക്ഷേപ പദ്ധതികളും പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.
ഒരു കണ്ടീഷനുണ്ടെന്ന് ഇന്ത്യ
റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കണമെങ്കിൽ ഒരു ‘കണ്ടീഷനുണ്ടെന്ന്’ യുഎസിനോട് ഇന്ത്യ.
നിലവിൽ 30 ശതമാനത്തിലധികം വിഹിതവുമായി ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ എത്തുന്നത് റഷ്യയിൽ നിന്നാണ്. ഇതു പൂർണമായി നിർത്തുക പ്രായോഗികമല്ല.
എന്നാൽ, ഇറക്കുമതി നിർത്തണമെങ്കിൽ ഇന്ത്യയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ച 50% തീരുവ 15-16 ശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ് ഇന്ത്യ മുന്നോട്ടുവച്ച ഡിമാൻഡ്.
ഈ ആവശ്യത്തിലൂന്നിയാണ് ഇപ്പോൾ ഇന്ത്യ-യുഎസ് വ്യാപാരച്ചർച്ചകൾ പുരോഗമിക്കുന്നതെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ ചില ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയോട് മുഖംതിരിച്ചുകഴിഞ്ഞു. യുഎസിന്റെ ഉപരോധത്തെ മാനിക്കുമെന്ന് ഇന്ത്യൻ ഓയിലും വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, ഉപരോധം ബാധകമല്ലാത്ത വിതരണക്കാർ വഴി ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയും. ഈ പശ്ചാത്തലത്തിലാണ് ചർച്ചയിൽ ഇന്ത്യ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നത്.
യുഎസിൽ ടെൻഷൻകൂട്ടി വമ്പന്മാരുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’
യുഎസ് ഓഹരി വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സെപ്റ്റംബർപാദ പ്രവർത്തനഫലങ്ങളാണ് വൈകാതെ പുറത്തുവരുന്നത്.
ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ), ആപ്പിൾ, മെറ്റ പ്ലാറ്റ്ഫോംസ്, മൈക്രോസോഫ്റ്റ് എന്നിവയുടെ പ്രവർത്തനഫലം നാളെയും മറ്റന്നാളുമായി പുറത്തുവരും. യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.15% നേട്ടത്തിലായിരുന്നു.
നാസ്ഡാക് 0.1% കയറി. എസ് ആൻഡ് 500 കാര്യമായി മാറ്റമില്ലാതെ നിൽക്കുന്നു.
കുതിപ്പ് തുടരാൻ ഇന്ത്യൻ വിപണി
ആഗോളചലനങ്ങളുടെ ചുവടുപിടിച്ചും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകാതെ യാഥാർഥ്യമാകാനുള്ള സാധ്യതകളും ഇന്നലെ ഇന്ത്യൻ ഓഹരി വിപണികൾക്ക് നേട്ടമായിരുന്നു.
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി നേരിയ നഷ്ടത്തിലേക്ക് വീണെങ്കിലും പിന്നീട് 40 പോയിന്റ് കയറി. സെൻസെക്സും നിഫ്റ്റിയും ഇന്ന് ചാഞ്ചാടാനുള്ള സാധ്യതയാണുള്ളത്.
∙ മഹാരാഷ്ട്രയിലെ കൊങ്കൺ തീരമേഖലയിലെ ദിഘി തുറമുഖ പദ്ധതിക്കായി 42,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി പോർട്സ്.
ഇതിനുള്ള കരാർ ഒപ്പുവച്ചു.
∙ മുംബൈ റിഫൈനറിയിൽ ചില പ്രവർത്തന തടസ്സങ്ങൾ ഉണ്ടായെന്ന് എച്ച്പിസിഎൽ.
∙ മാസഗോൺ ഡോക്കിന്റെ ലാഭം 28 ശതമാനവും വരുമാനം 6.3 ശതമാനവും ഉയർന്നു. ഓഹരിക്ക് 6 രൂപവീതം ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.
∙ ഇൻഡസ് ടവേഴ്സിന്റെ ലാഭം 17.3% കുറഞ്ഞു.
∙ ഇന്ത്യൻ ഓയിൽ 169.6 കോടിയുടെ നഷ്ടത്തിൽ നിന്ന് 7,817.6 കോടി രൂപയുടെ ലാഭത്തിലേക്ക് കുതിച്ചുകയറി.
∙ അദാനി എനർജി സൊല്യൂഷൻസിന്റെ ലാഭം 20.9 ശതമാനം ഇടിഞ്ഞു.
∙ ഇന്ന് ശ്രീസിമന്റ്, ടാറ്റ ക്യാപിറ്റൽ, ടിവിഎസ് മോട്ടോർ, മഹീന്ദ്ര ഫിനാൻഷ്യൽ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, ജിൻഡാൽ സ്റ്റീൽ, സ്റ്റാർ ഹെൽത്ത് തുടങ്ങിയവ പ്രവർത്തനഫലം പുറത്തുവിടും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

