ന്യൂഡൽഹി ∙ ഇന്ത്യയിലെ റബർ, കാപ്പി കർഷകർക്കടക്കം വെല്ലുവിളിയുയർത്തിയ യൂറോപ്യൻ യൂണിയന്റെ കയറ്റുമതി നിയന്ത്രണചട്ടം നടപ്പാക്കുന്നത് ഒരു വർഷം കൂടി നീട്ടി. വരുന്ന ഡിസംബർ 30ന് നടപ്പാക്കാനിരുന്ന ചട്ടം 2026 ഡിസംബർ 30ലേക്ക് നീട്ടി.
ചട്ടവുമായി ബന്ധപ്പെട്ട ഐടി സംവിധാനം പൂർണതോതിൽ തയാറാകാത്തതു മൂലമാണ് നീട്ടിവച്ചത്.
കർഷകർക്ക് ഇതു തൽക്കാലത്തേക്ക് ആശ്വാസം പകരും. രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.
യൂറോപ്യൻ യൂണിയൻ ഡീഫോറസ്റ്റേഷൻ റഗുലേഷൻ (ഇയുഡിആർ) ചട്ടത്തിനെതിരെ ഇന്ത്യയടക്കം രംഗത്തുവന്നിരുന്നു.
2020 ഡിസംബർ 30ന് ശേഷം വനനശീകരണം നടത്തിയ സ്ഥലത്ത് കൃഷി ചെയ്തതല്ലെന്ന് സാക്ഷ്യപ്പെടുത്തിയ ഉൽപന്നങ്ങൾ മാത്രം യൂറോപ്യൻ യൂണിയനിൽ അംഗമായ 27 രാജ്യങ്ങളിൽ വിൽക്കാൻ അനുവദിക്കുന്നതാണ് ഇയുഡിആർ.
ചട്ടം നടപ്പായാൽ എവിടെ നിന്നാണ് വിളകൾ ഉൽപാദിപ്പിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കുന്ന ജിയോ ടാഗ് അടക്കം സാക്ഷ്യപത്രത്തിൽ വേണം. ഇത് ഉപഗ്രഹ ഡേറ്റയുമായി ഒത്തുനോക്കി വനനശീകരണം നടന്ന സ്ഥലമാണോ എന്ന് അധികൃതർ ഉറപ്പുവരുത്തും.
ലോകമാകെയുള്ള വന നശീകരണത്തിന്റെ 10% യൂറോപ്യൻ യൂണിയന്റെ ഉപഭോഗം മൂലമാണെന്നാണ് കണക്കാക്കുന്നത്.
ഇത് തടയുകയാണ് ചട്ടത്തിന്റെ ലക്ഷ്യം. കൊക്കോ, പാമോയിൽ, കാപ്പി, തടി, റബർ, കരി, പേപ്പർ, സോയ, തുകൽ, ചോക്ലേറ്റ്, ഫർണിച്ചർ തുടങ്ങിയവ ഇയുഡിആറിന്റെ പരിധിയിൽ വരും.
ഇയു നയത്തിനെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കണമെന്ന് വാണിജ്യകാര്യവുമായി ബന്ധപ്പെട്ട
പാർലമെന്റ് സ്ഥിരം സമിതി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തടയാൻ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തുന്ന തീരുവ ഇതര പ്രതിബന്ധമായാണ് (നോൺ താരിഫ് ബാരിയർ) ഇയുഡിആറിനെ സമിതി വിശേഷിപ്പിച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]