
തിരുപ്പൂർ ∙ തിരുപ്പൂരിൽ 4,000 കോടി രൂപയുടെ വസ്ത്രങ്ങൾ ഇപ്പോൾതന്നെ കെട്ടിക്കിടക്കുന്നു എന്നാണു വ്യവസായ സംഘടനകൾ പറയുന്നത്. യുഎസിലേക്കുള്ള കയറ്റുമതിക്ക് താരിഫ് വർധന നിലവിൽ വന്നതോടെ, നേരത്തെ കരാറാക്കുകയും ഉൽപാദനം പാതിവഴിയിലെത്തുകയും ചെയ്ത ക്രിസ്മസ്, പുതുവർഷ ഓർഡറുകൾ വിദേശകമ്പനികൾ റദ്ദാക്കുന്നുണ്ട്.
ഉൽപാദനം പൂർത്തിയായവ തൽക്കാലം അയയ്ക്കേണ്ട എന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്.
യുഎസിന്റെ താരിഫ് വർധന മൂലം പ്രതിദിനം 500 മുതൽ 700 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള മൊത്തം വസ്ത്ര കയറ്റുമതിയിൽ 65% തിരുപ്പൂരിൽ നിന്നാണ്. തിരുപ്പൂരിൽ നിന്നുള്ള മൊത്തം വസ്ത്ര കയറ്റുമതിയുടെ 40% യുഎസിലേക്കാണ്.
കയറ്റുമതിയിൽ 30% കുറവാണു പ്രതീക്ഷിക്കുന്നത്. നേരിട്ടും അല്ലാതെയും 10 ലക്ഷം തൊഴിൽ ലഭ്യമാക്കുന്ന മേഖലയിൽ ഉൽപാദനം പകുതിയായി കുറയ്ക്കാൻ നിർബന്ധിതരാവുമെന്നാണു വ്യവസായികൾ പറയുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ആരംഭിച്ചതായി തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം.സുബ്രഹ്മണ്യം പറഞ്ഞു.
യുഎസ് ഉപയോക്താക്കൾക്കായി തയാറാക്കിയ വസ്ത്രങ്ങൾ മറ്റു വിദേശരാജ്യങ്ങളിലെ വിപണിക്ക് യോജ്യമല്ല. ആഭ്യന്തര വിപണിയിൽ ഇവ വിൽക്കുന്നത് നഷ്ടം ഇരട്ടിയാക്കും.
അതേസമയം, യുകെയുമായുള്ള വ്യാപാര കരാറിനു ശേഷം അവിടെ നിന്നുള്ള ഓർഡറുകളിൽ വർധന ഉണ്ടായിട്ടുണ്ട്.
സംഘടനകളുടെ ആവശ്യങ്ങൾ
∙ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തി വില കുറയ്ക്കാൻ നടപടി വേണം. ∙ കയറ്റുമതിക്കു കേന്ദ്ര സർക്കാർ നൽകി വരുന്ന ഡ്യൂട്ടി ഡ്രോബാക് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുക.
∙ വസ്ത്രനിർമാണ കയറ്റുമതി സ്ഥാപനങ്ങൾക്കുള്ള ബാങ്ക് വായ്പയുടെ പലിശ കുറയ്ക്കുക. നികുതിയിളവു നൽകുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]