
ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട് മാസങ്ങളായി താഴ്ന്നു കൊണ്ടിരിക്കുകയാണ്. 20219 നു ശേഷം ആദ്യമായി സൂചിക ജൂണിൽ 2.1ശതമാനത്തിലേയ്ക്ക് താഴ്ന്നു.
മെയ് മാസത്തിൽ ഇത് 2.82 ശതമാനമായിരുന്നു ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പണാവലോകന യോഗം അടുത്ത ആഴ്ചയിൽ ചേരാനൊരുങ്ങുന്നത്. ഓഗസ്റ്റ് നാല് മുതൽ ആറ് വരെ ചേരുന്ന ഈ യോഗത്തിലും റിപ്പോ നിരക്ക് കുറയ്ക്കുമെന്നും അതിന് സാധ്യതയില്ലെന്നും രണ്ട് പക്ഷമുണ്ട്.
ഈ വർഷം ഇതു വരെ റിസർവ് ബാങ്ക് മൂന്ന് തവണയായി നിരക്ക് ഒരു ശതമാനം കുറച്ചതാണ് ഈ ചർച്ചകൾക്ക് വഴിവച്ചിട്ടുള്ളത്.
ജൂണിലെ പണാവലോകന യോഗത്തിന് ശേഷം റിപ്പോ നിരക്ക് അര ശതമാനം കുറച്ചത് സാധാരണക്കാരെയും സാമ്പത്തികവിദഗ്ധരെയും ഒരു പോലെ അമ്പരപ്പിച്ചിരുന്നു. ബാങ്കുകളുടെ കരുതൽ ധനാനുപാതത്തിലും ഒരു ശതമാനം കുറവ് വരുത്തിയിരുന്നു.
എന്നാൽ ഇത് തുടർച്ചയായി കുറയ്ക്കുന്ന രീതിയല്ല, നിലവിലെ സാഹചര്യങ്ങളും ഭാവിയിലെ സംഭവവികാസങ്ങളും കൂടി കണക്കിലെടുത്ത് മാത്രമേ ഇനി നിരക്ക് കുറയ്ക്കുകയുള്ളു എന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയിരുന്നു.
സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണം
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണമെത്തിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. ആഗോള മേഖലയിലെ സംഭവ വികാസങ്ങൾ കൂടി പരിഗണിച്ചായിരിക്കും ആർബിഐ നിരക്ക് പുനർനിശ്ചയിക്കുക.
രാജ്യാന്തര തലത്തിലെ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം വന്നിട്ടില്ല. തന്നെയുമല്ല, അമേരിക്കയിൽ ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കാത്തതിനാൽ ആർബിഐയും തിരക്കിട്ടൊരു നിരക്കുകുറയ്ക്കലിന് സാധ്യത കുറവാണ്.
വീണ്ടും വിലക്കയറ്റ സാധ്യത
ആഭ്യന്തര ഘടകങ്ങളും നിരക്കു കുറയ്ക്കലിനെ സാധൂകരിക്കുന്നില്ല എന്ന് കണക്കാക്കാം.
കാരണം കാലാവസ്ഥയിലെ മാറ്റം കാർഷികവിളവിനെ ബാധിക്കാനിടയുള്ളത് സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമല്ല. വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകൾ പൊതുവേ കാർഷികോൽപ്പന്ന കയറ്റുമതിയെ ബാധിക്കാനിടയുള്ളതും ഭീഷണിയാണ്.
ഇത് വരും നാളുകളിൽ വീണ്ടും വിലക്കയറ്റത്തിനിടയാക്കിയേക്കും.
കഴിഞ്ഞ തവണത്തെ റിപ്പോനിരക്ക് കുറയ്ക്കലിന്റെ നേട്ടം ആർബിഐ ബാങ്കുകൾക്ക് കൈമാറിക്കഴിഞ്ഞു. അതിനാൽ ബാങ്കുകളുടെ പക്കൽ ആവശ്യത്തിന് ഫണ്ട് ലഭ്യതയുണ്ട്.
ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താൽ ഡിസംബറിനു ശേഷമേ റിസർവ് ബാങ്ക് അടുത്ത നിരക്ക് കുറയ്ക്കലിന് മുതിരൂ എന്ന് കണക്കാക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]