ഒടുവിൽ, യൂറോപ്യൻ യൂണിയനുമുന്നിൽ മുട്ടുമടക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്കോട്ലൻഡിൽ യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലെയെനുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ യൂറോപ്യൻ യൂണിയനുമേൽ 15% ഇറക്കുമതി തീരുവ ഈടാക്കാൻ തീരുമാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു.
നേരത്തേ 50 ശതമാനവും പിന്നെ അതുകുറച്ച് 30 ശതമാനവും തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നത്.
ഈ തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിനു 30% തീരുവ പ്രാബല്യത്തിൽ വരുംമുൻപ് യുഎസും യൂറോപ്യൻ യൂണിയനും ചർച്ച നടത്തി സമവായത്തിൽ എത്തുകയായിരുന്നു.
കെമിക്കൽ, എയർക്രാഫ്റ്റുകൾ, എയർക്രാഫ്റ്റ് ഘടകങ്ങൾ, മരുന്നുകൾ എന്നിവയ്ക്ക് ഈ 15% തീരുവ ബാധകമല്ല.
അതേസമയം, യുഎസ് നേരത്തേ പ്രഖ്യാപിച്ച 10% അടിസ്ഥാന തീരുവയേക്കാൾ കൂടുതലാണ് ഇപ്പോൾ തീരുമാനിച്ച 30% എന്നത് തിരിച്ചടിയാണ്. 750 ബില്യൻ ഡോളർ മതിക്കുന്ന യുഎസ് ഊർജോൽപന്നങ്ങൾ വാങ്ങാനും യുഎസിൽ 600 ബില്യൻ ഡോളർ നിക്ഷേപം നടത്താനും യൂറോപ്യൻ യൂണിയൻ സമ്മതിച്ചതായി ട്രംപ് പറഞ്ഞു.
ബില്യൻ കണക്കിനു ഡോളർ മതിക്കുന്ന യുഎസ് ആയുധങ്ങളും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ വാങ്ങും.
കടുപ്പമേറിയ ചർച്ചയാണ് നടന്നതെന്നും വമ്പൻ ഡീലാണ് പ്രഖ്യാപിച്ചതെന്നും ട്രംപും ഫോൻ ഡെർ ലേയെനും പ്രതികരിച്ചു. ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നത് യൂറോപ്യൻ യൂണിയനുമായി ഒരു ഡീലിന് 50:50 സാധ്യതയേയുള്ളൂ എന്നായിരുന്നു.
പുതിയ ഡീലിനെ ജർമനി, നെതർലൻഡ്സ്, ഇറ്റലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രതിവർഷം ശരാശരി 1.97 ട്രില്യൻ ഡോളർ മതിക്കുന്ന വ്യാപാരബന്ധമാണ് യുഎസും യൂറോപ്യൻ യൂണിയനും തമ്മിലുള്ളത്. തീരുവയെച്ചൊല്ലി ഇരുകൂട്ടരും തമ്മിലെ ഭിന്നത രൂക്ഷമായത് കഴിഞ്ഞയാഴ്ചകളിൽ രാജ്യാന്തരതലത്തിൽ തന്നെ ആശങ്ക വിതച്ചിരുന്നു.
ചൈനയുമായും ചർച്ച; ഷീയെ കാണാൻ ട്രംപ്
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ട്രംപ് വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകൾ.
ഇറക്കുമതി തീരുവ സംബന്ധിച്ച് താൽക്കാലിക സമവായത്തിലേക്ക് ഇരു രാജ്യങ്ങളും നേരത്തേ കടന്നിരുന്നു. ഇതുപ്രകാരം ചൈനയ്ക്കുമേലുള്ള തീരുവ ട്രംപ് 145ൽ നിന്ന് 55 ശതമാനത്തിലേക്കും കുറച്ചു.
ഇതും ചൈന അംഗീകരിച്ചിട്ടില്ല. യുഎസ് ഉൽപന്നങ്ങൾക്കുമേൽ ചൈന 32.6% തീരുവയും ഈടാക്കുന്നുണ്ട്.
അപൂർവ മൂലകങ്ങളുടെ (റെയർ എർത്ത്) കയറ്റുമതി സംബന്ധിച്ചുമാത്രമാണ് ഇരുകൂട്ടരും തമ്മിൽ തൽക്കാലം സമവായം. 2024ൽ യുഎസും ചൈനയും തമ്മിൽ 295.5 ബില്യൻ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു.
യുഎസ് ഓഹരികളിൽ ഉണർവ്; ഏഷ്യ സമ്മിശ്രം
ജപ്പാൻ, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയവയ്ക്കു പിന്നാലെ യൂറോപ്യൻ യൂണിയനുമായും യുഎസ് വ്യാപാരഡീലിൽ എത്തിയതോടെ ഓഹരി വിപണികൾ ഉണർവിലായി.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.4%, എസ് ആൻഡ് പി500 ഫ്യൂച്ചേഴേസ് 0.3%, നാസ്ഡാക് 0.4% എന്നിങ്ങനെ ഉയർന്നു.
∙ ഏഷ്യൻ ഓഹരി വിപണികൾ പക്ഷേ, സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ജാപ്പനീസ് നിക്കേയ് 0.66%, ചൈനയിൽ ഷാങ്ഹായ് 0.10% എന്നിങ്ങനെ താഴ്ന്നു.
∙ ഒരു വമ്പൻ കമ്പനിയുമായി 16.5 ബില്യൻ ഡോളർ മതിക്കുന്ന സെമികണ്ടക്ടർ (ചിപ്) വിതരണക്കരാറിൽ എർപ്പെട്ടുവെന്ന് വ്യക്തമാക്കിയ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്ങിന്റെ ഓഹരിവില മൂന്നര ശതമാനത്തിലേറെ കുതിച്ചു.
ഏതു കമ്പനിയുമായാണ് ഡീൽ എന്ന് സാംസങ് വ്യക്തമാക്കിയിട്ടില്ല.
∙ ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.2%, ദക്ഷിണ കൊറിയയുടെ കോസ്പി 0.15% എന്നിങ്ങനെ ഉയർന്നു.
∙ ലണ്ടനിൽ എഫ്ടിഎസ്ഇ സൂചിക 0.20% താഴ്ന്നു.
യുഎസിന് ഈയാഴ്ച സംഭവബഹുലം!
യുഎസിനും രാജ്യാന്തര സാമ്പത്തികമേഖലയ്ക്കും ഈയാഴ്ച സംഭവ ബഹുലമായിരിക്കും.
1) യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയയോഗം നാളെ ആരംഭിക്കും. 30ന് പണനയം പ്രഖ്യാപിക്കും.
ട്രംപിന്റെ കടുംപിടിത്തത്തിനു വഴങ്ങി അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ അതിന്റെ ചലനങ്ങൾ ആഗോളതലത്തിൽതന്നെ അലയടിക്കും. മറിച്ച്, പലിശനിരക്ക് നിലനിർത്തിയാൽ ട്രംപും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലെ തർക്കം വീണ്ടും രൂക്ഷമാകും.
ഈ ഭിന്നത അമേരിക്കയ്ക്കും രാജ്യാന്തര സമ്പദ്വ്യവസ്ഥയ്ക്കും ശുഭകരമല്ല.
2) അമേരിക്കയുടെ ജൂണിലെ പണപ്പെരുപ്പക്കണക്ക് ഈയാഴ്ച പുറത്തുവരും
3) കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനഫലങ്ങളും നിർണായകമാകും. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ആപ്പിൾ തുടങ്ങി 150ലേറെ അമേരിക്കൻ കമ്പനികൾ ഈയാഴ്ച ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടും.
ആവേശമില്ലാതെ ഇന്ത്യ
ഓഗസ്റ്റ് ഒന്നിനകം യുഎസുമായി വ്യാപാരക്കരാറിൽ എത്തിയില്ലെങ്കിൽ കടുത്ത ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇന്ത്യ-യുഎസ് ചർച്ച ഇനിയുമെങ്ങും എത്തിയിട്ടില്ല. 15 ശതമാനത്തിൽ കൂടിയ തീരുവ ചുമത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ് കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്കും ജനിതക മാറ്റം വരുത്തി കാർഷിക
ഉൽപന്നങ്ങൾക്കും ഇന്ത്യയിൽ വിപണി തുറന്നുകിട്ടണമെന്ന യുഎസിന്റെ ആവശ്യവും ഇന്ത്യ അംഗീകരിച്ചിട്ടില്ല. തർക്കവിഷയങ്ങൾ മാറ്റിനിർത്തി ഓഗസ്റ്റ് ഒന്നിനകം താൽക്കാലിക ഹ്രസ്വകാല കരാറിൽ എത്താനാകുമോ എന്നാണ് ഇന്ത്യ ഇപ്പോൾ ഉറ്റുനോക്കുന്നത്.
∙ ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 19 പോയിന്റ് താഴ്ന്നിരുന്നു.
പിന്നീട് നഷ്ടം നികത്തി 11 പോയിന്റ് നേട്ടത്തിലെത്തി. എങ്കിലും, സെൻസെക്സും നിഫ്റ്റിയും ഇന്നു സമ്മർദത്തിലായേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു.
∙ ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, മാസഗോൺ ഡോക്ക്, ഗെയ്ൽ ഇന്ത്യ, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, സംഘി ഇൻഡസ്ട്രീസ് എന്നിവയുടെ ജൂൺപാദ പ്രവർത്തനഫലം ഉടൻ അറിയാം എന്നത് ആശങ്കയാണ്.
∙ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കോട്ടക് ബാങ്ക് എന്നിവ പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു.
ഇരു സ്ഥാപനങ്ങളും ലാഭത്തിൽ കനത്ത ഇടിവാണ് നേരിട്ടത്.
∙ കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 721 പോയിന്റ് (-0.88%) ഇടിഞ്ഞ് 81,463ലും നിഫ്റ്റി 225 പോയിന്റ് (-0.90%) താഴ്ന്ന് 24,837ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ ഇ.ഡി റെയ്ഡിന്റെ പശ്ചാത്തലത്തിൽ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ ഓഹരികളുടെ പ്രകടനവും ഇന്നു ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ രണ്ടു വ്യാപാര സെഷനുകളിലായി ഇരു കമ്പനികളുടെയും ഓഹരിവില 10% വീതം ഇടിഞ്ഞിരുന്നു.
രൂപയും സ്വർണവും എണ്ണയും
രൂപ കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് ഡോളറിനെതിരെ 12 പൈസ ഇടിഞ്ഞ് 86.52ൽ.
ക്രൂഡ് ഓയിൽ വിലയുടെ കരകയറ്റവും ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും തിരിച്ചടിയായി.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ചയും 1,979 കോടി രൂപ പിൻവലിച്ചു.
∙ യൂറോപ്യൻ യൂണിയൻ, യുഎസ് ഡീലിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 0.50% നേട്ടത്തിലായി. ഡബ്ല്യുടിഐ ക്രൂഡ് വില 65.48 ഡോളറിലും ബ്രെന്റ് വില 68.80 ഡോളറിലും എത്തി.
∙ കഴിഞ്ഞയാഴ്ച കൂപ്പുകുത്തിയ സ്വർണവില ഇന്നും നഷ്ടത്തിന്റെ സൂചനയാണ് നൽകുന്നത്.
യൂറോപ്യൻ യൂണിയന-യുഎസ് ഡീൽ സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപം (സെയ്ഫ്-ഹാവൻ) പെരുമ കെടുത്തുന്നുണ്ട്. നിലവിൽ ഔൺസിന് ഒരു ഡോളർ താഴ്ന്ന് 3,333 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
∙ കേരളത്തിൽ ഇന്നു നേരിയ കുറവിനോ വില മാറ്റമില്ലാതെ നിൽക്കാനോ ആണ് സാധ്യതയെന്ന് ഇതു സൂചിപ്പിക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]