
ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് ഇന്ന് നേട്ടമുണ്ടായില്ല. കൊറിയ ഒഴികെയുള്ള ഏഷ്യൻ വിപണികൾ നഷ്ടം കുറിച്ചപ്പോൾ യൂറോപ്യൻ സൂചികകളും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്ക് കെണിയായി.
ഇന്നലെ 2.9% മുന്നേറി വിപണിയെ വിറപ്പിച്ച പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് 2.8% വീണെങ്കിലും ഐടിസിയുടെ വീഴ്ചയുടെ സമ്മർദം മറികടക്കാൻ വിപണിക്കായില്ല. നിഫ്റ്റി 24864 പോയിന്റ് വരെ മുന്നേറിയ ശേഷം 0.30% നഷ്ടത്തിൽ 24752 പോയിന്റിലും സെൻസെക്സ് 239 പോയിന്റുകൾ നഷ്ടമാക്കി 81312 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്ക് നിഫ്റ്റി നഷ്ടമൊഴിവാക്കിയപ്പോൾ എൻവിഡിയയുടെ റിസൾട്ട് വരാനിരിക്കെ ഇന്ത്യൻ ഐടി ഇന്ന് മുന്നേറാനാകാതെ നിന്നു. ഫിനാൻഷ്യൽ, എനർജി സെക്ടറുകളും, നിഫ്റ്റി മിഡ് & സ്മോൾ ക്യാപ്പ് സൂചികകളും നഷ്ടമൊഴിവാക്കി.
വ്യാവസായികോല്പാദന വളർച്ച കുറഞ്ഞു
മാർച്ചിൽ 3.9% ആയിരുന്ന ഇന്ത്യയുടെ വ്യവസായികോല്പാദന വളർച്ച ഏപ്രിലിൽ 2.7%ലേക്ക് കുറഞ്ഞു. 2024 ഏപ്രിൽ മാസത്തിൽ 5.2% ആയിരുന്ന വ്യാവസായിക വളർച്ച ഏപ്രിലിൽ ഒരു ശതമാനത്തിലേക്ക് വീഴുമെന്നായിരുന്നു അനുമാനം.
മാനുഫാക്ചറിങ് ഔട്ട്പുട്ട് 4%ൽ നിന്നും 3.4%ലേക്കും വൈദ്യുതി ഉത്പാദനം 6.3%ൽ നിന്നും 1.1%ലേക്കും കുറഞ്ഞിരുന്നു.
എഫ്&ഓ ക്ളോസിങ് നാളെ
ഇന്നും സമ്മർദ്ദത്തിൽ തുടർന്ന ഇന്ത്യൻ വിപണിക്ക് നാളെ നടക്കുന്ന എഫ്&ഓ എക്സ്പയറിയും രൂപയുടെയും ഐടി സെക്ടറിന്റെയും ചലനങ്ങള് പ്രധാനമാണ്.
ഇന്ന് നഷ്ടം ഒഴിവാക്കിയ ബാങ്ക് നിഫ്റ്റി റെക്കോർഡ് നിരക്കിലേക്ക് മുന്നേറിയാൽ അതാകും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക. ഇന്നും ഡോളറിനെതിരെ 85.30/- നിരക്കിൽ തുടരുന്ന രൂപയുടെ നീക്കങ്ങളും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
ഐടിസി
ബ്രിട്ടീഷ് ടുബാക്കോ കമ്പനി ഐടിസിയിലെ രണ്ടര ശതമാനം ഓഹരികൾ 400 രൂപ അടിസ്ഥാന വിലയിൽ കൈമാറുന്നുവെന്ന വാർത്തയാണ് ഓഹരിക്ക് ഇന്ന് തിരുത്തൽ നൽകിയത്. ഐടിസി 3.16% നഷ്ടത്തിൽ 420.20 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. പുതിയ നിക്ഷേപകരെത്തുന്നതോടെ ഐടിസി ഓഹരി തിരിച്ചു വരവ് പ്രതീക്ഷിക്കുന്നതിനാൽ തിരുത്തൽ ഓഹരിയിൽ അവസരമാണ്.
അമേരിക്കൻ ജിഡിപി നാളെ
നാളെ വരാനിരിക്കുന്ന അമേരിക്കയുടെ ഒന്നാം പാദ ജിഡിപിക്കണക്കുകളും വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ പിസിഇ പണപ്പെരുപ്പക്കണക്കുകളും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയെയും സ്വാധീനിക്കും. പിസിഇ ഇൻഡക്സിനെയാണ് ഫെഡ് റിസർവ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ആശ്രയിക്കുന്നത്.
ഇന്ത്യയുടെ നാലാം പാദ ജിഡിപി കണക്കുകളും, ധനക്കമ്മി കണക്കുകളും വെള്ളിയാഴ്ചയാണ് വരുന്നത്.
എൻവിഡിയ റിസൾട്ട് ഇന്ന്
ഇന്ന് വിപണി സമയത്തിന് ശേഷം വരുന്ന അമേരിക്കൻ ടെക്ക് ഭീമനായ എൻവിഡിയയുടെ റിസൾട്ടും അമേരിക്കൻ വിപണിയുടെ തുടർഗതി നിർണയിക്കും. ചൈനീസ് ഡീപ് സീക്ക് വിപ്ലവം സെമികണ്ടക്ടർ മേഖലയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന കണക്കെടുപ്പാകും ഇന്ന് നടക്കുക. ഇന്ത്യൻ ഐടിയും എൻവിഡിയ സ്വാധീനത്തിലാകും നാളെ ഓപ്പൺ ചെയ്യുക എന്നതിനാൽ എൻവിഡിയയുടെ റിസൾട്ട് പ്രാധാനമാണ്.
സ്വർണം
ഡോളർ ക്രമപ്പെടുന്നതും ബോണ്ട് യീൽഡ് മുന്നേറുന്നതും ക്ഷീണമാണെങ്കിലും സ്വർണം മുന്നേറ്റം നേടി. രാജ്യാന്തര സ്വർണവില ഔൺസിന് 3339 ഡോളറിൽ തുടരുന്നു.
ക്രൂഡ് ഓയിൽ
ഇന്ന് നടക്കുന്ന ഒപെക് ഊർജ്ജ മന്ത്രിതല യോഗം ജൂലൈ മുതൽ ഉത്പാദനം ദിവസേന 411000 ബാരലിന്റെ ഉല്പാദന വർദ്ധനവ് നടത്തുമെന്ന സൂചന ക്രൂഡ് ഓയിലിന് ക്ഷീണമാണെങ്കിലും ബ്രെന്റ് ക്രൂഡ് ഓയിൽ ഏഷ്യൻ വിപണി സമയത്ത് നേട്ടത്തോടെ 64 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
ഇറാനുമായുള്ള ന്യൂക്ലിയർ ചർച്ചകൾ മുന്നോട്ട് പോകാത്തതും റഷ്യൻ എണ്ണക്ക് മേൽ ഉപരോധം വന്നേക്കാവുന്നതും ക്രൂഡ് ഓയിലിന് അനുകൂലമാണ്.
നാളത്തെ റിസൾട്ടുകൾ
മാസഗോൺ ഡോക്സ്, എഞ്ചിനിയേഴ്സ് ഇന്ത്യ, എൻബിസിസി, ബജാജ് ഓട്ടോ, ശോഭ, സുസ്ലോൺ എനർജി, ഐടിഡിസി, ഇക്ര, എസ്ജെവിഎൻ, അമര രാജ, ഐപിസിഎ ലാബ്സ്, കിറ്റെക്സ്, ലെമൺ ട്രീ ഒറ്റാൽ, കെഎൻആർ കൺസ്ട്രക്ഷൻസ്, വോക് ഫാർമ, ആൽകെം ലാബ്സ്, സെങ്കോ ഗോൾഡ്, യാത്ര ഓൺലൈൻ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ചൊവ്വാഴ്ച ആരംഭിച്ച പ്രോസ്റ്റാം ഇൻഫോ സിസ്റ്റംസിൻെറ ഐപിഓ ഇന്ന് അവസാനിക്കും. ഇന്നലെ ആരംഭിച്ച സ്കോഡ ട്യൂബ്സിന്റെ ഐപിഓ നാളെയാണ് അവസാനിക്കുന്നത്.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക