
തുറമുഖങ്ങളെയും കടൽ വഴിയുള്ള വ്യാപാരത്തെയും ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുന്ന മൈൻ കൗണ്ടർമെഷർ വെസ്സലുകളുടെ (MCMVs) നിർമാണപദ്ധതി പൊടിതട്ടിയെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സബ്മറീനുകളുടെ സാന്നിധ്യം ശക്തമായ പശ്ചാത്തലത്തിലാണിത്.
സമുദ്രാന്തർഭാഗങ്ങളിൽ ചൈനീസ് ന്യൂക്ലിയർ സബ്മറീനുകൾക്ക് മൈനുകൾ സ്ഥാപിക്കാനാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം ഈ യുദ്ധക്കപ്പൽ നിർമാണപദ്ധതി വീണ്ടും പരിഗണിക്കുന്നത്. ഇത്തരം മൈനുകൾക്ക് ഇന്ത്യയുടെ കപ്പലുകളെ നശിപ്പിക്കാനോ തുറമുഖങ്ങളിൽ അടുക്കുന്നത് തടയാനോ കഴിയും. മാത്രമല്ല, ചൈനയിൽ നിന്ന് പാക്കിസ്ഥാന് വൈകാതെ 8 പുത്തൻ യുവാൻ-ക്ലാസ് ഡീസൽ-ഇലക്ട്രിക് ഹൈബ്രിഡ് സബ്മറീനുകൾ ലഭിക്കുമെന്ന സൂചനകളുമുണ്ട്.
12 എംസിഎംവികളുടെ നിർമാണ പദ്ധതിയാണ് കേന്ദ്രം വീണ്ടും പരിഗണിക്കുന്നത്. ഇതിന് മൊത്തം 44,000 കോടി രൂപ ചെലവ് വന്നേക്കും. ഈ വെസ്സലുകൾക്ക് അണ്ടർവാട്ടർ മൈനുകൾ കണ്ടെത്തി നശിപ്പിക്കാൻ കഴിയും. പദ്ധതി സംബന്ധിച്ച പ്രൊപ്പോസൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നയിക്കുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ വൈകാതെ പരിഗണിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കൗൺസിലിൽ നിന്ന് അനുമതി (acceptance of necessity /AoN) ലഭിച്ചാൽ ടെൻഡർ ക്ഷണിക്കും.
ഇന്ത്യക്ക് 7,500 കിലോമീറ്ററിലേറെ തീരവും 13 മേജർ തുറമുഖങ്ങളും 200 മൈനർ തുറമുഖങ്ങളുമുണ്ട്. ഇവയുടെ സംരക്ഷണം ഉറപ്പാക്കാൻ മിനിമം 24 എംസിഎംവികൾ എങ്കിലും വേണമെന്നാണ് വിലയിരുത്തൽ.2005ൽ 12 എംസിഎംവികൾ നിർമിക്കാൻ കേന്ദ്രം ആലോചിച്ചിരുന്നു. ഇതിനായി ഗോവ ഷിപ്പ്‍യാർഡ് ഒരു ദക്ഷിണ കൊറിയൻ കമ്പനിയുമായി ധാരണയിലും എത്തിയിരുന്നു. 32,000 കോടി രൂപയുടേതായിരുന്നു പദ്ധതി. അഭിപ്രായഭിന്നതകളെ തുടർന്ന് പദ്ധതി യാഥാർഥ്യമായില്ല.
കേന്ദ്രം എംസിഎംവി നിർമാണപദ്ധതി സജീവമാക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് കപ്പൽ നിർമാണശാലകളുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നലെ 4 ശതമാനം വരെ മുന്നേറിയ മാസഗോൺ ഡോക്ക്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് (ജിആർഎസ്ഇ) ഓഹരികൾ ഇന്ന് 1.3-3.2 ശതമാനം ഉയർന്നു. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളും ഇന്ന് 1.38% നേട്ടത്തിലാണ്. അതേസമയം, ഏത് കമ്പനിക്കാണ് കേന്ദ്രത്തിൽ നിന്ന് ഓർഡർ ലഭിക്കാൻ സാധ്യതയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
India revives ₹44,000 crore plan to build mine-hunting warships
mo-auto-cochinshipyardlimited mo-business-stockmarket mo-business-business-news 7q27nanmp7mo3bduka3suu4a45-list 1dspg4a03gkgc7as3r3rm5m8sv 3sdn5dbhvlnj360kbfi72l9e03-list