ആലപ്പുഴ∙മഴയും മൺസൂണും  നേരത്തെ ഓടിയെത്തിയതോടെ കുട വിപണിയും കുതിച്ചു ചാടുന്നു.കാലം മാറിയപ്പോൾ കുട കൂടുതൽ സ്റ്റൈലിഷ് ആയി എന്നതാണ് വിപണിയുടെ പ്രത്യേകത.പതിവു സ്കൂൾ വിപണിക്കൊപ്പം ട്രെൻഡിനൊത്ത് പല നിറങ്ങളിലുള്ള കാലൻ കുടകളും ഒരു ശീലമായി മാറി.കാറിന്റെ ഡിക്കിയിൽ കാലൻ കുട,ബാഗിൽ ത്രീഫോൾഡ് കുട,കുട്ടികൾക്ക് കാർട്ടൂൺ കുട അങ്ങനെ പോകുന്നു കുടമാറ്റം. മഴ ശക്തമാകുമ്പോൾ വഴിയരികിലെ ചൈനീസ് നിർമിത ത്രോ എവേ കുടകളും കടന്നു വന്നു കഴിഞ്ഞു.

 ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതു പോലെയാണ് ഇന്നു പലരും കുട ചൂടുന്നത്. പ്രിന്റ്, ഡിസൈൻ, നിറം, ആകൃതി  ഇതൊക്കെ നോക്കി വാങ്ങും. എന്നാൽ, ചിലർക്ക് കംഫർട് ആണ് പ്രധാനം. കാറ്റിൽ ഉലയാത്ത, സൗകര്യമായി കൊണ്ടു നടക്കാവുന്ന, ഭാരവും വലുപ്പവും കുറഞ്ഞ കുടകൾ.

 കുട്ടികളുടെ കാഴ്ചകളെയും മനസ്സിനെയും പിടിച്ചെടുക്കുകയാണു കുട വിപണിയിലെ പ്രധാന തന്ത്രം.പോപ്പിയുടെ ഇല്യുമിന കുടകൾ ഇപ്പോൾ ട്രെൻ‍ഡിങ്ങാണ്. അകത്തെ കമ്പികളിൽ എൽഇഡി ലൈറ്റുകൾ 6 വ്യത്യസ്ത തരത്തിൽ മിന്നുന്ന സുതാര്യമായ കുടകളാണവ. 

ഇല്യുമിന കുടകളുമായി കുരുന്നുകൾ. ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ.

ത്രീ ഫോൾഡ് (3 മടക്കുള്ള കുട) കുടയുടെ വിലയ്ക്കു ഫൈവ്ഫോൾഡ് കുടയുമായാണ് ഈ മഴക്കാലത്ത് ജോൺസിന്റെ വരവ്. 560 രൂപയ്ക്കു ജോൺസിന്റെ 5 ഫോൾഡ് കുട കിട്ടും.കറുപ്പ് ശീലയുള്ള കുടകളോട് ആളുകൾക്ക് ഇഷ്ടം കൂടിത്തുടങ്ങിയിട്ടുണ്ടെന്നാണ് ജോൺസിന്റെ ഡയറക്ടർ ജോപ്പു തയ്യിൽ പറയുന്നത്. കാരണം കാലാവസ്ഥ തന്നെ. മഴക്കാലത്താണ് കുട വിപണി സജീവമാകുന്നതെങ്കിലും വേനലിൽ ആശ്വാസത്തിനും കുട വേണം. 

സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നു സൺ സ്ക്രീനിൽ നിന്നെന്നപോലുള്ള സംരക്ഷണം കറുത്ത കുടകളിൽ നിന്നു ലഭിക്കും. അതുകൊണ്ടു കറുത്ത കുടകൾക്ക് ഡിമാൻഡ് കൂടിയെന്നാണ് നിരീക്ഷണം.ബ്രാൻഡഡ് ഇന്ത്യൻ കുടകളുടെ വ്യാജൻ വിപണിയിലുണ്ട്. പലരും ആ കെണിയിൽ വീഴുന്നതു ദുഃഖകരമാണെന്നു പോപ്പി സിഇഒ ഡേവിസ് തയ്യിൽ പറയുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Early monsoon rains boost umbrella sales! Stylish designs, foldable options, and children’s umbrellas are trending. Learn about the booming umbrella market and popular brands like Poppy’s and Johncy’s.