
ഒടുവിൽ ട്രംപും (Donald Trump) മസ്കും (Elon Musk) തമ്മിൽ തെറ്റി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പുതിയ ബില്ലിനെ (Trump spending bill) ഇലോൺ മസ്ക് പരസ്യമായി വിമർശിക്കുക കൂടി ചെയ്തതോടെ ഇനി ഇരുവരും ഒന്നിച്ചുനീങ്ങാനുള്ള സാധ്യതയും മങ്ങി.
മാത്രമല്ല, രാഷ്ട്രീയത്തിൽ നിന്ന് കളംമാറ്റി ഇനി 24 മണിക്കൂറും സ്വന്തം കമ്പനികളിൽ തന്നെ ശ്രദ്ധിക്കുമെന്ന് മസ്ക് കഴിഞ്ഞദിവസം എക്സിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇലോൺ മസ്കും ഡോണൾഡ് ട്രംപും. File Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP
യുഎസ് ഗവൺമെന്റിന്റെ ക്ഷേമച്ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തരനികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് കഴിഞ്ഞവാരം പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്നത്.
ബിൽ കഴിഞ്ഞദിവസം യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് പാസാക്കിയിരുന്നു. ഇനി സെനറ്റിലെ വോട്ടിങ്ങിൽ കൂടി പാസായാലേ നിയമമാകൂ.
നിലവിൽ തന്നെ 30 ലക്ഷം കോടി ഡോളറിലേറെ കടബാധ്യതയുണ്ട് യുഎസ് ഗവൺമെന്റിന്. ഇതിലേക്ക് അധികമായി 3.3 ലക്ഷം കോടി ഡോളർ കൂടി കൂട്ടിച്ചേർക്കാൻ വഴിവയ്ക്കുന്നതാണ് ട്രംപ് ‘ദ് ബിഗ്, ബ്യൂട്ടിഫുൾ ടാക്സ് ആക്റ്റ്’ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ബിൽ.
യുഎസ് ഗവൺമെന്റിന്റെ അധികച്ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) പ്രവർത്തനലക്ഷ്യത്തെ തന്നെ തച്ചുടയ്ക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇലോൺ മസ്ക് തുറന്നടിച്ചു. ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികഭാരം (ധനക്കമ്മി) കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല.
അതിലേതെങ്കിലും ഒന്നേ പറ്റൂ എന്നും മസ്ക് പറഞ്ഞു. മസ്ക് കോടതി കയറും! ജീവനക്കാരുടെ എണ്ണവും പദ്ധതിച്ചെലവുകളും വെട്ടിക്കുറച്ച് യുഎസ് ഗവൺമെന്റിന്റെ അധികച്ചെലവ് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോജ് ആവിഷ്കരിച്ചതും മസ്കിനെ അതിനെ തലവനായി ട്രംപ് നിയമിച്ചതും.
എന്നാൽ ജീവനക്കാരെ പിരിച്ചുവിടാനും ചെലവുകൾ വെട്ടിക്കുറയ്ക്കാനും ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചതെന്നു കാട്ടി ഇലോൺ മസ്കിനെതിരെ നിയമനടപടി എടുക്കാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തന്യാ ചട്ക്യാൻ (Tanya Chutkan) ഉത്തരവിട്ടു.
(Photo by Anna Moneymaker / Getty Images via AFP)
കേസ് എടുക്കരുതെന്ന യുഎസ് നികുതി വകുപ്പിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്) അപേക്ഷ ജഡ്ജി തള്ളി. എന്നാൽ, പ്രസിഡന്റ് ട്രംപിനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു.
പ്രസിഡന്റിന്റെ അധികാരങ്ങളെ നിയന്ത്രിക്കാൻ കോടതിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ അധികാരം മസ്കിനും ഡോജിന്റെ തലവൻ എന്ന നിലയിൽ നൽകിയിട്ടുണ്ടെന്ന വാദം തന്യാ ചട്ക്യാൻ അംഗീകരിച്ചില്ല.
തനിക്ക് പ്രത്യേക അധികാരമില്ലെന്ന് മസ്ക് തന്നെ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒടുവിൽ, രണ്ടു വഴിക്ക്? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി വോട്ടഭ്യർഥിച്ചും ട്രംപിന് 300 മില്യൻ ഡോളറിലേറെ (ഏകദേശം 2,500 കോടി രൂപ) ‘സംഭാവന’ നൽകിയും മസ്ക് ശക്തമായി പിന്തുണച്ചിരുന്നു.
തുടർന്ന് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെയായിരുന്നു ഡോജിന്റെ രൂപീകരണവും അതിന്റെ തലവനായി മസ്ക് എത്തിയതും. ഗവൺമെന്റ് ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടുന്നത് ഉൾപ്പെടെ മസ്ക് എടുത്ത നടപടികൾ കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, എക്സ്, സ്പേസ്എക്സ് തുടങ്ങിയവയുടെ തലവനുമാണ് മസ്ക്. ഡോജ് തലവൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ടെസ്ലയുടെ ബഹിഷ്കരണത്തിന് മാത്രമല്ല, ടെസ്ല കാറുകൾക്കും ഷോറൂമുകൾക്കും തീയിടുന്നതിലും നാശനഷ്ടങ്ങളുണ്ടാക്കുന്നതിലും വരെ കാര്യങ്ങളെ എത്തിച്ചു. ഇതോടെയാണ്, ‘രാഷ്ട്രീയം’ ഉപേക്ഷിക്കുന്നതായും ഇനി 24 മണിക്കൂറും സ്വന്തം കമ്പനികളിൽ തന്നെ ശ്രദ്ധിക്കുമെന്നും മസ്ക് പറഞ്ഞത്.
സ്പേസ്എക്സ് ‘സ്റ്റാർഷിപ്പിന്റെ’ ലോഞ്ച് നടക്കാനിരിക്കേ കൂടിയായിരുന്നു പ്രഖ്യാപനം. ഇന്നലെ നടന്ന സ്റ്റാർഷിപ്പിന്റെ വിക്ഷേപണം പാളിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]