യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ പ്രഖ്യാപിച്ച 50% ഇറക്കുമതി ചുങ്കം തൽകാലം പിൻവലിച്ചതും യുഎസിൽ ഉപഭോക്തൃ സംതൃപ്തി നിരക്ക് മെച്ചപ്പെട്ടതും ഡോളറിന്റെ കുതിപ്പും മൂലം രാജ്യാന്തര സ്വർണവില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില മാറിയില്ല.

ഔൺസിന് ഇന്നലെ 3,348 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില, ഇന്ന് 3,293 ഡോളർ വരെ താഴ്ന്നിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,297 ഡോളറിൽ. എന്നിട്ടും കേരളത്തിൽ വില ഗ്രാമിന് ഇന്നലത്തെ 8,935 രൂപയിലും പവൻ 71,480 രൂപയിലും തുടരുകയാണ്.

18 കാരറ്റ് സ്വർണവില ചില കടകളിൽ ഗ്രാമിന് 7,360 രൂപ, മറ്റ് ചില കടകളിൽ 7,325 രൂപ. വെള്ളി വിലയും മാറിയില്ല; ഗ്രാമിന് 110 രൂപ. ഇന്നലെ ഉച്ചയ്ക്ക് കേരളത്തിൽ സ്വർണവില മാറിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറയുകയാണുണ്ടായത്. രാജ്യാന്തര സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, ബോംബെ വിപണിയിലെ സ്വർണവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്) എന്നിവ വിലയിരുത്തിയാണ് കേരളത്തിൽ ഓരോ ദിവസവും സ്വർണവില നിർണയം. ഇന്നലെ ഉച്ചയ്ക്കത്തെ ബോംബെ റേറ്റും നിലവിലെ റേറ്റും തമ്മിൽ കാര്യമായ വ്യത്യാസമില്ലാത്തതിനാലാണ് ഇന്ന് സ്വർണവില മാറാതിരുന്നതെന്ന് വ്യാപാരികൾ പറ‍ഞ്ഞു.

പുറമെ, ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇന്ന് 28 പൈസ ഇടിഞ്ഞ് 85.62ൽ വ്യാപാരം ആരംഭിച്ചതും സ്വർണവിലയുടെ ഇടിവിന് തടയിട്ടു. രൂപ തളരുകയും ഡോളർ മെച്ചപ്പെടുകയും ചെയ്യുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് ഏറുമെന്നതും വിലനിർണയത്തെ സ്വാധീനിക്കും. അതേസമയം, രാജ്യാന്തര വില വലിയ ചാഞ്ചാട്ടമാണ് കാഴ്ചവയ്ക്കുന്നത്. തകർച്ചയിൽ നിന്ന് കരകയറിയെങ്കിലും  യുഎസ് ഡോളർ ഇൻഡക്സിന്റെ നില ഇപ്പോഴും ഭദ്രമല്ലെന്നാണ് വിലയിരുത്തൽ.

യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കരുത്താർജ്ജിച്ചിട്ടില്ല. ട്രംപിന്റെ നിലപാടുകൾ മാറിമറിയുന്നതും റഷ്യ-യുക്രെയ്ൻ സംഘർഷവും യുഎസിലും ചൈനയിലും ഇന്ത്യയിലും അടിസ്ഥാന പലിശനിരക്കുകൾ കുറയാനുള്ള സാധ്യതകളും സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴിയായേക്കുമെന്ന വിലയിരുത്തലുകളുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Gold Price: Gold rate remains steady in Kerala amid fall in spot prices.