
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസ് കറന്‍സി വിപണിയില്‍ കൈയാളുന്ന ആധിപത്യത്തിന് മങ്ങലേല്ക്കുകയാണോ? യുഎസിന്റെ ധനകമ്മി വാനം മുട്ടെ ഉയരുകയും മറ്റ് രാജ്യങ്ങള്‍ ഡോളര്‍ ആശ്രിതത്വം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ `ആയുധവല്‍ക്കരിക്കപ്പെട്ട’ യുഎസ് കറന്‍സിയുടെ മൂര്‍ച്ച കുറയുന്ന സാഹചര്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത നിലനില്ക്കുന്നു.
ഡോളറിന്റെ ആധിപത്യം ദുര്‍ബലമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കാവുന്ന ഒന്നിലേറെ ഘടകങ്ങളാണ് നിലനില്‍ക്കുന്നത്.
മൂഡീസിന്റെ ഡൗണ്‍ഗ്രേഡിങ്
യുഎസിന്റെ ധനകമ്മി 3600 കോടി ഡോളര്‍ കവിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മൂഡീസിനെ പോലുള്ള ഏജന്‍സികള്‍ യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുകയാണ്. ഇത് യുഎസിലെ ബോണ്ട് വരുമാനം കുത്തനെ ഉയരുന്നതിനാണ് വഴിവച്ചിരിക്കുന്നത്. യുഎസിന്റെ കടമെടുപ്പ് ശേഷിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് മൂഡീസിന്റെ ഡൗണ്‍ഗ്രേഡിങ്. ഇത് ഡോളറിന്റെ ആധിപത്യത്തിന് പോറലേല്‍പ്പിക്കാവുന്ന നീക്കമാണ്.
ചൈനയുടെ തന്ത്രങ്ങള്‍
യുവാനിലുള്ള വ്യാപാരം വര്‍ധിപ്പിക്കുന്ന ചൈനയുടെ നീക്കം ഡോളറിലുള്ള വ്യാപാരം കുറയുന്നതിന് കാരണമാകും. നിലവില്‍ ആഗോള വ്യാപാരത്തില്‍ ഡോളറിനുള്ള മേധാവിത്തമാണ് ഇതുവഴി ചോദ്യം ചെയ്യപ്പെടുന്നത്.
സ്വര്‍ണത്തിന് തിളക്കമേറുന്നു
ലോകത്തെ വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ യുഎസ് ബോണ്ടുകളിലുള്ള നിക്ഷേപം കുറയ്ക്കുകയും സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. സ്വര്‍ണ വിലയില്‍ സമീപകാലത്തുണ്ടായ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം സെന്‍ട്രല്‍ ബാങ്കുകളുടെ ഈ നിലപാടാണ്.
ക്രിപ്റ്റോ ഭീഷണി
ട്രംപ് ഭരണകൂടം ക്രിപ്റ്റോ കറന്‍സിക്ക് നല്കുന്ന പ്രാധാന്യം ഈ ആസ്തിമേഖലയിലേക്ക് ഗണ്യമായ നിക്ഷേപം എത്തുന്നതിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ലോകത്തെ കേന്ദ്രീകൃത കറന്‍സി വിപണിയില്‍ ആധിപത്യം വഹിക്കുമ്പോള്‍ തന്നെയാണ് വികേന്ദ്രീകൃതമായ ക്രിപ്റ്റോ കറന്‍സിയുടെ വിപണി വികസിപ്പിക്കാനും യുഎസ് ശ്രമിക്കുന്നത്. ഒരു തരത്തില്‍ വിരോധാഭാസം നിറഞ്ഞ നീക്കമാണ് ഇത്. ഡോളറിന്റെ ആധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് വികേന്ദ്രീകൃത കറന്‍സികളിലേക്കുള്ള കൂടുമാറ്റം വഴിവച്ചാല്‍ അത് യുഎസിനെ സംബന്ധിച്ച് സ്വയം ഉണ്ടാക്കിവയ്ക്കുന്ന കുരുക്കായി മാറില്ലേ എന്ന ചോദ്യം നിലനില്ക്കുന്നു.
സപ്ലെ ചെയിനുകളില്‍ മാറ്റം
ട്രംപിന്റെ തീരുവ നയം പല രാജ്യങ്ങളെയും വ്യാപാരബന്ധങ്ങള്‍ പുന:പരിശോധിക്കുന്നതിനാണ് പ്രേരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ട്രംപ് പിന്നോക്കം പോയെങ്കിലും യൂറോപ്യന്‍ യൂണിയന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ട്രംപിന്റെ നിലപാടുകള്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം യുഎസ് വിപണിയിലുള്ള ആശ്രിതത്വം കുറയ്ക്കാനാണ് മിക്ക രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നത്.
യുഎസ് ബോണ്ടുകള്‍ക്ക് കൈമോശം വന്ന വിശ്വാസ്യത, യുഎസിന്റെ വ്യാപാര നയങ്ങളിലെ ചാഞ്ചാട്ടം, കടുത്ത ധനകമ്മി മൂലം ആ രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കത്തില്‍ വീണിരിക്കുന്ന വിള്ളല്‍….ഇതെല്ലാം ഡോളറിന്റെ പ്രതാപത്തില്‍ നിഴല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടായി നിലനില്‍ക്കുന്ന ഡോളറിന്റെ ആധിപത്യം അവസാനിക്കുകയും വിവിധ കറന്‍സികള്‍ക്ക് പ്രാധാന്യം കൈവരികയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്കാണോ നാം നീങ്ങുന്നത്?
(ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)