ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്തിന്റെ (Mall of Muscat) നിയന്ത്രണം സ്വന്തമാക്കി പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group). 2,000 കോടി രൂപ ചെലവിട്ട് നിർമിച്ചതും 20 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണവുമുള്ള മാൾ ഓഫ് മസ്കത്തിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് തുടങ്ങി 200ലേറെ റീട്ടെയ്ൽ ഔട്ട്‍ലെറ്റുകളുണ്ട്.

മാളിന്റെ നിയന്ത്രണം ലുലു ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ ഗവൺമെന്റിന് കീഴിലെ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും (Tamani Global) ഒപ്പുവച്ചു. ഒമാൻ വാണിജ്യ, വ്യവസായ മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദ്, തമാനി ബോർഡ് അംഗം അബ്ദുൽ അസീസ് അൽ മഹ്റൂഖി എന്നിവരാണ് ഒപ്പുവച്ചത്.

മസ്കത്തിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിലായിരുന്നു കരാർ‌ ഒപ്പിടൽ. മാളിലെ ഷോപ്പിങ് സൗകര്യം കൂടുതൽ ലോകോത്തരമാക്കുന്നതിന്റെ ഭാഗമായാണ് ലുലുവിനു കീഴിലെ ലുലു ഹോൾഡിങ്സുമായുള്ള കരാർ. പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ ആയി തമാനി ഗ്ലോബൽ പ്രവർത്തിക്കും. മാളിന്റെ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതിൽ ഒമാൻ സുൽത്താനും ഗവൺമെന്റിനും നന്ദി അറിയിച്ച എം.എ. യൂസഫലി, ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുമെന്നും വ്യക്തമാക്കി.

English Summary:

M.A. Yusuffali’s Lulu Group Acquires Control Mall of Muscat, One of Oman’s Largest Malls.