
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര തർക്കവും ഗൗനിക്കാതെ ഇന്ത്യൻ ഓഹരി വിപണികളുടെ കുതിച്ചുകയറ്റം. രണ്ടുദിവസത്തെ നഷ്ടയാത്രയ്ക്ക് വിരാമമിട്ട് സെൻസെക്സും നിഫ്റ്റിയും ഇന്നു വ്യാപാരം ചെയ്യുന്നത് നേട്ടത്തിന്റെ പാതയിൽ. കഴിഞ്ഞവാരം അവസാനിപ്പിച്ച 79,212ൽ നിന്ന് ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി സെൻസെക്സ് ഒരുഘട്ടത്തിൽ 800ലേറെ പോയിന്റ് കുതിച്ച് 80,088 വരെ എത്തി. നിലവിൽ, ഉച്ചയ്ക്കുമുമ്പത്തെ സെഷനിൽ സൂചികയുള്ളത് 700 പോയിന്റോളം (0.9%) നേട്ടവുമായി 79,900 നിലവാരത്തിൽ.
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഒരുവേള 24,283 വരെ എത്തിയ നിഫ്റ്റിയും 190 പോയിന്റോളം (0.8%) ഉയർന്ന് 24,229ലാണുള്ളത്. . ഇതിനകം 300ലേറെ പോയിന്റ് കുതിപ്പിന്റെ ആവേശവും സമ്മാനിച്ചത് റിലയൻസ്. മികച്ച നാലാംപാദ പ്രവർത്തനഫലത്തിന്റെ കരുത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വ്യാപാരം ചെയ്യുന്നത് 4.15% ഉയർന്ന് 1,354 രൂപയിൽ. 126 പോയിന്റിന്റെ സംഭാവനയുമായി ഐസിഐസിഐ ബാങ്ക് ഓഹരിയാണ് (+1.47%) രണ്ടാംസ്ഥാനത്ത്.
റിലയൻസിനും ഐസിഐസിഐ ബാങ്കിനും പുറമെ സൺ ഫാർമ, ടാറ്റാ സ്റ്റീൽ, അദാനി പോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, പവർഗ്രിഡ്, ടാറ്റാ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവയും സെൻസെക്സിന്റെ കുതിപ്പിന് വലിയ പിന്തുണയുമായി രംഗത്തുണ്ട്. ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസുസുവിന്റെ 58.96% ഓഹരികൾ ഓഹരിക്ക് 650 രൂപ പ്രകാരം മൊത്തം 555 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ മഹീന്ദ്ര ശ്രമിക്കുന്നുണ്ട്.
അദാനി പോർട്സ് ഒരു ബ്രോക്കറേജ് സ്ഥാപനം ‘വാങ്ങൽ’ (buy) റേറ്റിങ്ങും 1,245 രൂപ ലക്ഷ്യവിലയും (target price) നൽകിയിട്ടുണ്ട്. എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സൊമാറ്റോ (എറ്റേണൽ), നെസ്ലെ, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ് 0.11-1.90 ശതമാനം ഇടിഞ്ഞ് സെൻസെക്സിൽ നഷ്ടത്തിലുള്ളത്.
നിഫ്റ്റി50ൽ റിലയൻസ് 4.11% മുന്നേറി നേട്ടത്തിൽ ഒന്നാമതാണ്. ബെൽ (+2.96%), സൺ ഫാർമ (+2.50%), ഡോ. റെഡ്ഡീസ് ലാബ് (+2.26%), ജെഎസ്ഡബ്ല്യു സ്റ്റീൽ (+2.01%) എന്നിവ തൊട്ടുപിന്നാലെയുണ്ട്. 5.06% ഇടിഞ്ഞ് ശ്രീറാം ഫിനാൻസാണ് നഷ്ടത്തിൽ മുന്നിൽ. ബജാജ് ഫിനാൻസ് 1.18 ശതമാനവും സൊമാറ്റോ (എറ്റേണൽ) 1.12 ശതമാനവും എച്ച്സിഎൽ ടെക് 0.69 ശതമാനവും ഇൻഫോസിസ് 0.43 ശതമാനവും നഷ്ടവുമായി തൊട്ടുപിന്നിലുണ്ട്.
നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 0.86 ശതമാനവും മിഡ്ക്യാപ്100 സൂചിക 1.04 ശതമാനവും ഉയർന്ന് വ്യാപാരം ചെയ്യുന്നു. വിശാല വിപണിയിൽ ഐടി ഓഹരികൾ മാത്രമാണ് വിൽപനസമ്മർദം നേരിടുന്നത്. നിഫ്റ്റി ഐടി സൂചിക 0.68% വീണു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 2.54% ഉയർന്നു. നിഫ്റ്റി ഫാർമ (+1.96%), മെറ്റൽ (+1.45%), പൊതുമേഖലാ ബാങ്ക് (+1.44%), ഹെൽത്ത്കെയർ (+1.89%), സ്വകാര്യ ബാങ്ക് (+1.17%) എന്നിവയും തിളക്കത്തിലാണ്. 1.03% ഉയർന്നാണ് ബാങ്ക് നിഫ്റ്റിയുമുള്ളത്.
കുതിപ്പിന്റെ കാരണങ്ങൾ
∙ ഓഹരി വിപണിയിലെ വമ്പന്മാർ ഏവരെയും ആശ്ചര്യപ്പെടുത്തി പ്രതീക്ഷകളെ കടത്തിവെട്ടുന്ന മാർച്ചുപാദ പ്രവർത്തനഫലം പ്രഖ്യാപിച്ചതാണ് ഓഹരി വിപണിയുടെ കുതിപ്പിന് മുഖ്യകാരണം. റിലയൻസും എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും മികച്ച നേട്ടമാണ് കൈവരിച്ചത്.
∙ ഇന്ത്യയോട് മുഖംതിരിച്ചുനിന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും വാങ്ങൽ താൽപര്യവുമായി രംഗത്തെത്തിയതും നേട്ടമാണ്. കഴിഞ്ഞ 8 ട്രേഡിങ് സെഷനുകളിലായി മാത്രം അവർ ഇന്ത്യൻ ഓഹരികളിൽ ഒഴുക്കിയത് 32,466 കോടി രൂപയാണ്.
∙ ഡോളർ തളരുന്നതും രൂപ കുതിക്കുന്നതും ഓഹരി നിക്ഷേപകർ പോസിറ്റിവായി കാണുന്നു. ഇന്നു ഡോളറിനെതിരെ 12 പൈസ ഉയർന്ന് 85.29 എന്ന ഏതാനും ആഴ്ചയിലെ ശക്തമായ നിലവാരത്തിലാണ് രൂപയുള്ളത്.
∙ ഉപഭോക്താവിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് വൻ ആശ്വാസവുമായി ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിനു താഴെ തുടരുന്നതും ഓഹരി നിക്ഷേപകർക്ക് ആത്മവിശ്വാസം സമ്മാനിക്കുന്നു. മറ്റ് ഏഷ്യൻ ഓഹരി സൂചികകളായ ജാപ്പനീസ് നിക്കേയ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവയും നേട്ടത്തിന്റെ ട്രാക്കിലാണെന്നതും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്. യുഎസ്-ചൈന, യുക്രെയ്ൻ-റഷ്യ തർക്കങ്ങൾക്ക് അയവുണ്ടായേക്കുമെന്ന സൂചനകളും അനുകൂല ഘടകമാണ്.
മിന്നിത്തിളങ്ങി കേരള ഓഹരികളും
ഓഹരി വിപണിയുടെ മുന്നേറ്റത്തിന്റെ ആവേശത്തിൽ ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് നേട്ടത്തിലാണുള്ളത്. പ്രൈമ അഗ്രോയാണ് 8.88 ശതമാനം ഉയർന്ന് നേട്ടത്തിൽ ഒന്നാമത്. ഈസ്റ്റേണ്ഡ ട്രെഡ്സ് 8.5% കുതിച്ച് രണ്ടാമതും. എങ്കിലും ശ്രദ്ധേയ താരങ്ങൾ കൊച്ചിൻ ഷിപ്പ്യാർഡും കിറ്റെക്സുമാണ്. കപ്പൽശാലയുടെ ഓഹരികൾ 6 ശതമാനത്തിലധികം കുതിച്ച് 1,500 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യുന്നു. കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്മെന്റ് ഫണ്ടിന് എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (ഇഎഫ്സി) പച്ചക്കൊടി വീശിയിട്ടുണ്ട്.
കപ്പൽശാലയുടെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് കഴിഞ്ഞദിവസം നോർവേ കമ്പനിയായ വിൽസൺ ഷിപ്പ് മാനേജ്മെന്റിന് കരാർ പ്രകാരമുള്ള ആദ്യ വെസ്സൽ കൈമാറിയതും ഓഹരിക്ക് ആവേശം പകർന്നു. കിറ്റെക്സ് ഇൻവെസ്റ്റർ പ്രസന്റേഷൻ പുറത്തുവിട്ടിരുന്നു. നടപ്പുവർഷം ആയിരം കോടി രൂപയ്ക്കുമേൽ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതു സൂചിപ്പിക്കുന്നു. റെക്കോർഡാണിത്. 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലാണ് ഓഹരി.
പ്രൈമ ഇൻഡസ്ട്രീസ്, പാറ്റ്സ്പിൻ, കല്യാൺ ജ്വല്ലേഴ്സ്, കിങ്സ് ഇൻഫ്ര, പോപ്പുലർ വെഹിക്കിൾസ്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഫിനാൻസ്, ആസ്റ്റർ എന്നിവയും 1.3 മുതൽ 5% വരെ നേട്ടത്തിലാണുള്ളത്. സോൾവ് പ്ലാസ്റ്റിക്, യൂണിറോയൽ മറീൻ, കെഎസ്ഇ, ന്യൂമലയാളം സ്റ്റീൽ, പോപ്പീസ്, ബിപിഎൽ, നിറ്റ ജെലാറ്റിൻ ഇൻഡിട്രേഡ്, സ്റ്റെൽ ഹോൾഡിങ്സ് തുടങ്ങിയവ 1-5% വരെ നഷ്ടത്തിലുമാണുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)