
അക്ഷയതൃതീയ (Akshaya Tritiya) പടിവാതിലിൽ എത്തിനിൽക്കേ സ്വർണാഭരണ (gold) പ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് വിലയിൽ (gold rate) ഇന്നു മികച്ച ഇടിവ്. ഗ്രാമിന് (Kerala gold price) 65 രൂപ കുറഞ്ഞ് വില 8,940 രൂപയും പവന് 520 രൂപ താഴ്ന്ന് 71,520 രൂപയുമായി. ഏറെ ദിവസങ്ങൾക്കുശേഷമാണ് ഗ്രാം വില 9,000 രൂപയ്ക്കും പവൻ വില 72,000 രൂപയ്ക്കും താഴെ എത്തുന്നത്. .
ഇക്കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. അതിനുശേഷം ഇതുവരെ വിലയിൽ ഇടിഞ്ഞത് ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ്. 18 കാരറ്റ് സ്വർണവിലയും വെള്ളിവിലയും ഇന്നു കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധ അസോസിയേഷനുകൾക്ക് കീഴിലെ കടകളിൽ വ്യത്യസ്ത വിലയാണുള്ള്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ ഇടിഞ്ഞ് 7,405 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 രൂപയും.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറച്ച് 7,360 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ 109 രൂപ. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്നു വില വ്യത്യാസം 1,500 രൂപയിലധികമാണ്. അതുകൊണ്ടു തന്നെ, 18 കാരറ്റ് സ്വർണത്തിനും കേരളത്തിൽ ആവശ്യക്കാർ ഏറെയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
അക്ഷയതൃതീയ ഇങ്ങെത്തി, ഇനിയും വില കുറയുമോ?
, സ്വർണവില താഴുന്നുണ്ടെന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാണ്. രാജ്യാന്തര സ്വർണവില 3,300 ഡോളർ നിലവാരത്തിൽ നിന്ന് കുത്തനെ കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് കേരളത്തിലും ഇന്നു വില കുറയാൻ വഴിയൊരുക്കിയത്.
രാജ്യാന്തര സ്വർണവില ഔൺസിന് 50 ഡോളറോളം ഇടിഞ്ഞ് 3,282 ഡോളറിലാണ് നിലവിലുള്ളത്. ഒരുവേള വില 3,273 ഡോളർ വരെയും എത്തിയിരുന്നു. രൂപയാകട്ടെ ഡോളറിനെതിരെ ഇന്നു രാവിലെ വ്യാപാരം തുടങ്ങിയതു തന്നെ 12 പൈസ നേട്ടവുമായി 85.33ലും. രൂപ മെച്ചപ്പെടുകയും ഡോളർ ദുർബലമാവുകയും ചെയ്യുമ്പോൾ സ്വർണം ഇറക്കുമതിയുടെ ചെലവ് കുറയും. മാത്രമല്ല, ഡോളർ താഴുന്നത് സ്വർണവില നിർണയത്തിലും പ്രതിഫലിക്കും. ഇതാണ് വില കുറയാൻ സഹായിച്ചത്.
താരിഫ് പ്രശ്നം കത്തിനിന്നപ്പോൾ ഓഹരി, കടപ്പത്ര വിപണികൾ ഇടിയുകയും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ കിട്ടുകയും ചെയ്തിരുന്നു. നിലവിൽ യുഎസ്-ചൈന താരിഫ് പോര് തണുക്കുന്നതും ഓഹരി വിപണി കരകയറുന്നതും സ്വർണ നിക്ഷേപങ്ങളുടെ ഈ ശോഭയ്ക്ക് മങ്ങലേൽപ്പിക്കുന്നു. ഇതാണ്, രാജ്യാന്തര സ്വർണവിലയുടെ ഇടിവിനു കാരണം. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തുന്ന ഇടപെടലുകളും സ്വർണവിലയുടെ കുതിപ്പിന് തടയിടുന്നു.
നിലവിലെ ഈ ഘടകങ്ങൾ സ്വർണവിലയെ 3,000 ഡോളറിലേക്കു വരെ നയിച്ചേക്കാമെന്ന് വിലയിരുത്തുന്നവരുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ ഇനിയും വില ഇടിയും. അതേസമയം, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നീക്കം, വിലക്കുറവ് മുതലെടുത്തുള്ള സ്വർണത്തിലെ വാങ്ങൽതാൽപര്യം (ബൈയിങ് ദ ഡിപ്) എന്നിവ സ്വർണവിലയെ വീണ്ടും ഉയർത്തിയേക്കുമോ എന്ന ആശങ്കയും ശക്തം. ഫലത്തിൽ, വരുംദിവസങ്ങളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
പണിക്കൂലിയും ജിഎസ്ടിയും
സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും കൊടുക്കണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു മൂന്നു മുതൽ 35 ശതമാനം വരെയൊക്കെയാകാം. ഉപഭോക്താക്കൾക്ക് പണിക്കൂലി കുറവുള്ള ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ വാങ്ങൽവിലയിൽ കുറവ് നേടാനാകും. പ്രമാണിച്ച് നിരവധി ജ്വല്ലറികൾ പണിക്കൂലിയിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങാനായി മുൻകൂർ ബുക്കിങ്ങും സജീവമാണെന്ന് വ്യാപാരികൾ പറയുന്നു.