
ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വർധിക്കുന്നതിന് അനുസരിച്ച് കടവും കൂടുകയാണ്. കടം കൂടുക മാത്രമല്ല, വായ്പ തിരിച്ചടവിലെ പ്രശ്നങ്ങളും വീഴ്ചകളും കൂടുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. 2024 ൽ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് വീഴ്ചകൾ 6,742 കോടി രൂപയായി ഉയർന്നു. 2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇത് 28.42% വർദ്ധനവ് രേഖപ്പെടുത്തി.
2024-ൽ ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും ഏകദേശം മൂന്നിലൊന്ന് (30%) കടം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫൈ കൊമേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. വിവിധ മേഖലകളിലെ 20,000 വ്യാപാരികളിൽ നിന്നുള്ള ഇടപാട് ഡാറ്റ വിശകലനം ചെയ്തുകൊണ്ട് ‘ഹൗ ഇന്ത്യ പേയ്സ്’ എന്ന തലക്കെട്ടിൽ ഇന്ത്യയുടെ പേയ്മെന്റ് മുൻഗണനകളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇത് പരാമർശിച്ചിരിക്കുന്നത്.
2010-11 കാലയളവിൽ ഇന്ത്യയിലെ മൊത്തം ഗാർഹിക കടം ജിഡിപിയുടെ 8% ആയിരുന്നു, അത് ഇപ്പോൾ ജിഡിപിയുടെ 37% ആയി ഉയർന്നിട്ടുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ പിനാക്കി ചക്രവർത്തി പറയുന്നു.
ഡിജിറ്റൽ ഇടപാടുകൾ കടം കൂട്ടുന്നോ
ഇന്ത്യയിലെ കുത്തനെ ഉയരുന്ന വിദ്യാഭ്യാസ ചെലവുകളും ആരോഗ്യ ചെലവുകളും ആണ് കടം കൂട്ടുന്നതിൽ മുൻപന്തിയിൽ എന്ന് കണക്കുകളിൽ സൂചനയുണ്ട്. നഴ്സറി തലം മുതൽ ഒരു വർഷം കുറഞ്ഞത് ഒരു ലക്ഷം രൂപ ഒരു കുട്ടിക്ക് ട്യൂഷൻ ഫീസ് വരുന്നത് വളരെ സാധാരണമാകുമ്പോൾ സാധാരണക്കാർക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.
ഒറ്റത്തവണ ഉയർന്ന ട്യൂഷൻ ഫീസ് അടക്കുന്നതിനേക്കാൾ വർഷത്തിൽ പല പ്രാവശ്യമായി ഫീസ് അടയ്ക്കാനാണ് മിക്ക മാതാപിതാക്കളും താൽപര്യപ്പെടുന്നത്. അതിനായി ഇഎംഐ അടിസ്ഥാനമാക്കിയുള്ള ഫീസ് പേയ്മെന്റുകൾ എടുക്കുമ്പോൾ വീണ്ടും ക്രെഡിറ്റ് കാർഡ് കടങ്ങൾ കൂടുന്നുണ്ട് എന്ന് റിപ്പോർട്ടിലുണ്ട്. 2024 ൽ, വിദ്യാഭ്യാസ മേഖലയിലെ എല്ലാ ഡിജിറ്റൽ പേയ്മെന്റുകളുടെയും 10% ഇഎംഐ രീതിയിലൂടെയാണ് നടത്തിയത്. എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും 60% നെറ്റ് ബാങ്കിങ്, 30% യുപിഐ, മൊബൈൽ വാലറ്റുകൾ വഴിയാണ് നടത്തിയത്.
ക്രെഡിറ്റ് കാർഡ് കടം തിരിച്ചടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമോ?
ക്രെഡിറ്റ് കാർഡ് കടം ഉൾപ്പെടെയുള്ള കടം തിരിച്ചടയ്ക്കാത്തതിന് തടവ് ശിക്ഷ നൽകാൻ ഇന്ത്യയിലെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. കുടിശിക തുക തിരിച്ചുപിടിക്കാൻ ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് സിവിൽ കേസ് ഫയൽ ചെയ്യുന്നത് പോലുള്ള നിയമനടപടികൾ സ്വീകരിക്കാം. ചില സന്ദർഭങ്ങളിൽ, കടം തിരിച്ചുപിടിക്കാൻ ബാങ്കുകൾ കടം വീണ്ടെടുക്കൽ ട്രൈബ്യൂണലുകളെ ഉപയോഗപ്പെടുത്താറുണ്ട്.
ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങുന്നതിന്റെ അനന്തരഫലങ്ങളിൽ വൈകിയ പേയ്മെന്റ് ഫീസ്, വർദ്ധിച്ച പലിശ നിരക്കുകൾ, ക്രെഡിറ്റ് സ്കോർ തകരാറിലാകൽ, നിയമ നടപടികൾ എന്നിവ ഉൾപ്പെടാം. വളരെ അപൂർവമായ കേസുകളിൽ, വഞ്ചനയുടെയോ മനഃപൂർവമായ വീഴ്ചയുടെയോ തെളിവുണ്ടെങ്കിൽ, ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നത് പരിഗണിക്കും. ക്രെഡിറ്റ് കാർഡ് കടം നേരിടുന്ന വ്യക്തികൾക്ക് നിയമപരമായ ചില സാധ്യതകളും ഉണ്ട്. ഇതിൽ ‘ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ്’ (ഐബിസി) പ്രകാരം കടം പുനഃക്രമീകരിക്കുന്നതിനോ പാപ്പരത്തത്തിനോ ഉള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇത് എല്ലാവരുടെയും കാര്യത്തിൽ ഒരു പോലെയുള്ള പരിഹാരം ആയിരിക്കില്ല. അതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വഷളായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കുന്നതാണ് നല്ലത്