പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡിങ്, മൈസ് ടൂറിസം (മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോൺഫറൻസ്, എക്സിബിഷൻ) മേഖലയിൽ തിരിച്ചടിയാകുന്നു. സംസ്ഥാനത്ത് നടത്തേണ്ടിയിരുന്ന 150ലധികം ആഡംബര വിവാഹങ്ങളും രാജ്യാന്തര കോണ്‍ഫറൻസുകളുമാണ് മാറ്റിവക്കുകയോ റദ്ദാക്കുകയോ ചെയ്തത്.
ഇതിലൂടെ 150 കോടി രൂപയിലധികം നഷ്ടമുണ്ടായെന്നും പ്രാഥമിക കണക്ക്. യുദ്ധം നീണ്ടാൽ പ്രതിസന്ധി കൂടുതൽ കനക്കുമെന്നും ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നവർ പറയുന്നു.
പാചകവാതകത്തിന് നിയന്ത്രണം വന്നതും വിമാന സർവീസുകൾ തടസപ്പെട്ടതുമാണ് ഈ മേഖലയെ പ്രധാനമായും ബാധിച്ചത്.
മതിയായ അളവിൽ എൽപിജി ലഭിക്കാത്തതോടെ പല ഇവന്റുകള്‍ക്കും ഭക്ഷണം വിളമ്പാന്‍ കഴിയുന്നില്ല. കേറ്ററിങ് സർവീസുകൾ പ്രതിസന്ധിയിലായി.
വിവാഹ സർവീസുകൾ മുടങ്ങിയതോടെ വിദേശത്ത് നിന്ന് അതിഥികൾക്ക് എത്താൻ തടസങ്ങളുണ്ട്. ടിക്കറ്റ് നിരക്ക് ഉയർന്നതും തിരിച്ചടിയായി.
ഏകദേശം 150 ഇവന്റുകളെങ്കിലും ഇത്തരത്തിൽ റദ്ദാക്കപ്പെട്ടു. സംസ്ഥാനത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിങ്, കോൺഫറൻസ് സീസൺ സജീവമാകുന്ന സമയത്ത് തന്നെ യുദ്ധമുണ്ടായത് പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ മനോരമ ഓൺലൈനോട് പറഞ്ഞു.
5,000 കോടി
ഏതാണ്ട് 5,000 കോടി രൂപയുടെ ബിസിനസാണ് ഓരോ വർഷവും കേരളത്തിൽ ഇവന്റ് മാനേജ്മെന്റ് മേഖലയിൽ നടക്കുന്നതെന്നാണ് അസോസിയേഷന്റെ കണക്ക്.
അസംഘടിത മേഖലയിലെ കണക്കു കൂടി ചേർത്താൽ ഇത് വീണ്ടും ഉയരും. മൂന്നു ലക്ഷം തൊഴിലാളികളും ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്.
നിലവിലെ പ്രതിസന്ധി 150 കോടി രൂപയിലധികം രൂപയുടെ നഷ്ടമുണ്ടാക്കും. സംസ്ഥാനത്ത് നടക്കുന്ന ഡെസ്റ്റിനേഷൻ വെഡിങുകള്ക്ക് ശരാശരി 5 കോടി രൂപ വരെ ചെലവിടാറുണ്ട്.
ഇത്തരത്തിലുള്ള ചെറുതും വലുതുമായ 1,000 വിവാഹങ്ങളെങ്കിലും കേരളത്തിൽ നടക്കാറുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാൽ സ്വകാര്യ റിസോർട്ടുകളിലും മറ്റും നടക്കുന്നതിനാൽ ഇതിനെക്കുറിച്ചുള്ള ശരിയായ കണക്കുകൾ ലഭ്യമല്ല.
അന്ന് കിട്ടിയത് 175 കോടി
മൈസ് ടൂറിസം മേഖലയിലെ സാധ്യത കേരളത്തിന്റെ സാധ്യതകളുടെ ഉദാഹരണമാണ് 2024ൽ കൊച്ചിയിൽ നടന്ന ശിശുരോഗ വിദഗ്ധരുടെ സമ്മേളനമെന്നും രാജു പറയുന്നു.
അന്ന് 9,500 ഡോക്ടർമാരും ഇവരുടെ ബന്ധുക്കളും ആരോഗ്യമേഖലയിലെ ജീവനക്കാരും കൊച്ചിയിലെത്തി. എറണാകുളത്തെയും സമീപ ജില്ലകളിലെയും ഹോട്ടലുകൾ മുഴുവൻ നിറഞ്ഞു.
ടാക്സി കാറുകൾ മതിയാകാതെ വന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചു. അഞ്ചു ദിവസത്തെ കോൺഫറന്‍സിനു ശേഷം ഇവർ കേരളത്തിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളും സന്ദർശിച്ചു.
വലിയ രീതിയിലുള്ള ഷോപ്പിങും ഇവർ നടത്തി. അതിഥികൾ രണ്ടു ടൺ കായ ഉപ്പേരി വാങ്ങിയെന്നാണ് കണക്ക്.
ഏതാണ്ട് 170 കോടി രൂപയാണ് ഒറ്റ ഇവന്റിലൂടെ കേരളത്തിന്റെ വിപണിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

