
പച്ചത്തേങ്ങാ കിട്ടാനില്ല; കറിയ്ക്കുപോലും തികയുമോ? വെളിച്ചെണ്ണ വില തിളയ്ക്കുന്നു
കൊച്ചി∙ വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280 രൂപയായി.
ഉൽപാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക കൊപ്രയുടെ വരവു നിലച്ചതാണു വിലക്കയറ്റത്തിനു കാരണം. സാധാരണഗതിയിൽ വിഷുവിനോടടുപ്പിച്ചു തമിഴ്നാട്ടിൽ നിന്നു ലഭിക്കാറുള്ള പുതിയ സ്റ്റോക്ക് കൊപ്ര വിപണിയിൽ എത്തിയില്ലെങ്കിൽ വില വീണ്ടും ഉയരും. തമിഴ്നാട്ടിൽ പച്ചത്തേങ്ങ ഉൽപാദനം കുറഞ്ഞതിനാൽ സ്റ്റോക്ക് എത്താൻ സാധ്യത വിരളമാണെന്നാണു വെളിച്ചെണ്ണ ഉൽപാദകർ പറയുന്നത്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ സ്റ്റോക്കുണ്ടായിരുന്ന കൊപ്ര ഏതാണ്ടു പൂർണമായും വിറ്റഴിച്ചു കഴിഞ്ഞു. കഴിഞ്ഞ നവരാത്രി–ദീപാവലി കാലം മുതൽ കൊപ്രയ്ക്കു വില കൂടി നിന്നതിനാലാണു കച്ചവടക്കാർ സ്റ്റോക്ക് മൊത്തം വിറ്റഴിച്ചത്. മൺസൂണിൽ മഴ ലഭിക്കാതിരുന്നതിനാൽ തമിഴ്നാട്ടിലും കർണാടകത്തിലും തേങ്ങ ഉൽപാദനം വൻ തോതിൽ കുറഞ്ഞു. ഉണക്കാൻ തേങ്ങ കിട്ടാത്തതിനാൽ തമിഴ്നാട് തിരുപ്പൂർ കാങ്കയത്തെ അയ്യായിരത്തോളം കൊപ്രാക്കളങ്ങളിൽ 90 ശതമാനത്തിലും കൊപ്രയുണക്കു നിലച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ കൊപ്രയ്ക്കു പ്രധാനമായും തമിഴ്നാടിനെ ആശ്രയിക്കുന്ന കേരളത്തിലെ ചെറുകിട വെളിച്ചെണ്ണ മില്ലുകൾ കടുത്ത പ്രതിസന്ധിയിലാകും.
പച്ചത്തേങ്ങ വിലയിലും വർധനയുണ്ട്. ഈ മാസം ആദ്യം 53 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയുടെ വില 61 രൂപയായി. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പച്ചത്തേങ്ങ കറിക്കും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനുമേ നിലവിൽ തികയുന്നുള്ളൂ. കാസർകോട്, പൊന്നാനി, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു തേങ്ങ വാങ്ങി കൊപ്രയാക്കി വെളിച്ചെണ്ണ ഉൽപാദിപ്പിച്ചിരുന്നവരും പ്രതിസന്ധിയിലാണ്. ഈ സ്ഥിതി തുടർന്നാൽ അടുത്ത മാർച്ച് വരെയെങ്കിലും വെളിച്ചെണ്ണ വില ഉയർന്നു നിൽക്കാനാണു സാധ്യത.
English Summary:
Kerala Faces Coconut Oil Crisis: Coconut oil prices soar to ₹260-₹280/kg due to copra shortage from Tamil Nadu and Karnataka. The price hike is attributed to reduced coconut production and low monsoon rainfall, potentially lasting until March.
mo-news-common-price-hike m-r-harikumar mo-business-business-news 617jml2u4t02gmc97mivproemt 7q27nanmp7mo3bduka3suu4a45-list mo-agriculture-coconut 6u09ctg20ta4a9830le53lcunl-list