വന്നുവന്ന് വെറും കറിവേപ്പില പോലും മലയാളിക്ക് ഓൺലൈനായി. രാജ്യത്ത് ഏറ്റവും വേഗം വളരുന്ന ക്വിക് കൊമേഴ്സ് വിപണിയായി മാറി കൊച്ചിയും.
2025ൽ കൊച്ചിയിലെ ഒരു ഉപഭോക്താവ് 1,089 ഓർഡറുകളാണ് ഇൻസ്റ്റാമാർട്ട് വഴി നടത്തിയത്. ഒരു ദിവസം ശരാശരി മൂന്ന് തവണയെങ്കിലും ഇയാൾ ഓർഡർ നൽകിയെന്ന് ഇൻസ്റ്റാമാർട്ട് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളായ കൊൽക്കത്ത, മുംബൈ, ഗുരുഗ്രാം തുടങ്ങിയവക്കൊപ്പം ‘പവർ യൂസർ’ നഗരമെന്ന പദവിയും കൊച്ചി സ്വന്തമാക്കി. ഒരു വർഷം ആയിരത്തിൽ കൂടുതൽ ഓർഡർ നൽകിയ ഒരാളെങ്കിലുമുള്ള നഗരങ്ങൾക്കാണ് ഈ പദവി നൽകുന്നത്.
ഓർഡർ ചെയ്ത് പത്ത് മുതൽ 30 മിനിറ്റുകൾക്കുള്ളിൽ ഡെലിവറി സാധ്യമാകുന്ന സേവനമാണ് ക്വിക് കൊമേഴ്സ്.
കറിവയ്ക്കാൻ തുടങ്ങിയശേഷം ചേരുവകൾ ഓർഡർ ചെയ്താൽ മതിയെന്നു പറഞ്ഞാലും അതിശയോക്തിയില്ല! ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ആളുകളുടെ ഓർഡർ ശീലങ്ങളെ കുറിച്ച് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
2025ൽ 1,197 ഓർഡറുകൾ നൽകിയ ഉപഭോക്താവുള്ള കൊൽക്കത്തയാണ് പവർ യൂസർ നഗരങ്ങളിൽ മുന്നിൽ.
1,142 ഓർഡറുകളുമായി മുംബൈയും 1,033 ഓർഡറുകളുമായി ഗുരുഗ്രാമും പട്ടികയിലുണ്ട്. ഇക്കൂട്ടത്തിലേക്കാണ് താരതമ്യേന കുറഞ്ഞ ജനസംഖ്യയുള്ള കൊച്ചിയുമെത്തിയിരിക്കുന്നത്.
ടിയർ-2 (രണ്ടാംനിര) നഗരമായ കൊച്ചിയിൽ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വ്യാപനം അതിവേഗത്തിലാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
കറിവേപ്പില വാങ്ങാനും ഇൻസ്റ്റാമാർട്ട്
രാജ്യത്തിന്റെ മറ്റിടങ്ങളിൽ ചിപ്സ്, പനീർ, പാൽ പോലുള്ള ഉൽപന്നങ്ങളാണ് ആളുകൾ കൂടുതൽ വാങ്ങിയതെങ്കിൽ കേരളത്തിലെ ട്രെൻഡ് വേറെ. കൊച്ചിയിലെ ഒരു ഉപഭോക്താവ് ഇൻസ്റ്റാമാർട്ടിലൂടെ കറിവേപ്പില വാങ്ങിയത് 368 തവണ.
അതായത് എല്ലാ ദിവസവും ഒരു ഓർഡറെങ്കിലുമുണ്ട്. രാജ്യത്തെ അടുക്കളയിലെ താരം അല്ലെങ്കിൽ ‘മോസ്റ്റ് വാല്യൂബിൾ പ്ലയർ ഇൻ കിച്ചൻ’ എന്ന പദവിയും കറിവേപ്പില സ്വന്തമാക്കി.
സെക്കൻഡിൽ നാല് പാക്കറ്റ് പാൽ
2025ൽ ഇന്ത്യക്കാരുടെ പാൽ ഉപയോഗം റെക്കോഡിലെത്തിയെന്നും റിപ്പോർട്ടിലുണ്ട്.
സെക്കൻഡിൽ നാല് പാക്കറ്റ് പാൽ വീതമാണ് ഇന്ത്യക്കാർ ഓർഡർ ചെയ്തത്. പത്തിൽ 9 നഗരങ്ങളിലെയും ആളുകൾ രാത്രിയായാൽ കൂടുതലും ഓർഡർ ചെയ്യുന്നത് ‘മസാല’ ഫ്ലേവറുള്ള ചിപ്സാണ്.
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിൽപ്പനയും കൂടി.
പൂനെയിലെയും അഹമ്മദാബാദിലെയും ഉപഭോക്താക്കൾക്ക് ഐഫോൺ 17 മോഡലുകൾ ഓർഡർ നൽകി മൂന്ന് മിനിറ്റുകൾക്കുള്ളിലാണ് ലഭിച്ചത്. ഒറ്റ ഓർഡറിൽ ഏറ്റവും തുക ചെലവഴിച്ചത് ഹൈദരാബാദിലെ ഒരു ഉപഭോക്താവാണ്.
മൂന്ന് ഐഫോണുകൾക്കായി ഒറ്റ ഓർഡറിൽ ഇയാൾ 4.3 ലക്ഷം രൂപ ചെലവാക്കി.
എന്നാൽ പല ഓർഡറുകളിലായി മറ്റൊരാൾ 22 ലക്ഷം രൂപ ചെലവിട്ടതായും കണക്ക് പറയുന്നു. 22 ഐഫോൺ 17എസ്, 24 കാരറ്റ് സ്വർണ കോയിൻ, എയർ ഫ്രെയർ തുടങ്ങിയവയാണ് ഇയാൾ വാങ്ങിയത്.
ധൻതേരസ് ദിവസം സ്വർണ ഓർഡറുകളിൽ 400 ശതമാനം വർധനയുണ്ടായി. ബെംഗളൂരുവിലെ ഒരു ഉപഭോക്താവ് 1.97 ലക്ഷം രൂപ വരുന്ന വെള്ളിക്കട്ടി വാങ്ങി.
127ൽ ഒന്ന് ഗർഭ നിരോധന ഉറ
രാജ്യത്ത് 127 സാധനങ്ങൾ ആപ്പിലൂടെ ഓർഡർ ചെയ്യുമ്പോൾ അതിലൊന്ന് ഗർഭ നിരോധന ഉറയാണ് (കോണ്ടം).
സെപ്റ്റംബറിൽ ഇവയുടെ വിൽപ്പന 24% വർധിച്ചു. ചെന്നൈയിലുള്ള ഒരു ഉപഭോക്താവ് 228 ഓർഡറുകളിലായി 1,06,398 രൂപയുടെ ഗർഭനിരോധന ഉറകൾ വാങ്ങി.
ഇക്കൊല്ലത്തെ വാലന്റൈൻ ദിനത്തിൽ മിനിറ്റിൽ 666 റോസാപ്പൂക്കൾ വീതം വിറ്റതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓർഡറുകൾക്ക് ടിപ്പ് നൽകുന്നതിൽ മുന്നിൽ ബെംഗളൂരുവാണ്.
ഒരാൾ ടിപ് ആയി മാത്രം നൽകിയത് 68,600 രൂപ. 59,505 രൂപ ഒരാൾ ടിപ്പ് നൽകിയ ചെന്നൈയാണ് തൊട്ടുപിന്നിൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

