സംസ്ഥാനത്ത് ഒരു ദിവസത്തെ വിശ്രമത്തിന് തിരശീലയിട്ട് സ്വർണ വിലയിൽ ഇന്നും റെക്കോർഡിന്റെ തിളക്കം. ഗ്രാമിന് 40 രൂപ വർധിച്ച് വില 7,100 രൂപയായി. 320 രൂപ ഉയർന്ന് 56,800 രൂപയാണ് പവൻ വില. രണ്ടും സർവകാല റെക്കോർഡ്. ഈ മാസം 25ലെ പവന് 56,480 രൂപയും ഗ്രാമിന് 7,060 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം.
സ്വർണാഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആഘോഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി അനുദിനം റെക്കോർഡ് തിരുത്തി കുതിക്കുകയാണ് ഈ മാസം സ്വർണ വില. ഈ മാസത്തിന്റെ തുടക്കത്തിൽ കേരളത്തിൽ ഗ്രാമിന് 6,670 രൂപയും പവന് 53,360 രൂപയുമായിരുന്നു വില. തുടർന്ന് ഇതുവരെ പവന് 3,440 രൂപയും ഗ്രാമിന് 430 രൂപയും വർധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവന് 2,200 രൂപയും ഗ്രാമിന് 275 രൂപയും കൂടി. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും അധികമാണ്.
18 കാരറ്റും വെള്ളിയും
കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 5,870 രൂപയിലെത്തി. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 99 രൂപ. രാജ്യാന്തര വിപണിയിൽ വെള്ളി വില പൊന്നിനെ കടത്തിവെട്ടുംവിധം കുതിപ്പിലാണ്. ഇന്നലെ ഔൺസിന് വില (സ്പോട്ട് സിൽവർ) 12 വർഷത്തെ ഉയരമായ 32.24 ഡോളറിലെത്തി. നിക്ഷേപകരിൽ നിന്നും ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകളിൽ നിന്നും വലിയ ഡിമാൻഡ് കിട്ടുന്നതാണ് കരുത്ത്.
പൊന്നാണ് സുരക്ഷിത നിക്ഷേപം!
അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വർണം, വെള്ളി വിലകളിൽ കുതിപ്പുണ്ടാക്കുന്ന മുഖ്യഘടകം. ഉപഭോക്തൃ സംതൃപ്തി നിരക്ക് ഇടിഞ്ഞതിന് പിന്നാലെ അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്കും ആശങ്കപ്പെടുത്തുന്നുണ്ട്. അതായത്, അമേരിക്കൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്കിൽ വീണ്ടും വലിയ വെട്ടിക്കുറയ്ക്കൽ നടത്താനുള്ള സാധ്യതയേറി.
Image : shutterstock/AI Image Generator
പലിശ കുറയുമ്പോൾ കടപ്പത്രങ്ങളും ഡോളറും ദുർബലമാകും. ഇത് സ്വർണ നിക്ഷേപ പദ്ധതികൾക്കാണ് നേട്ടമാകുക. അതോടെ വിലയും കൂടും. ഇസ്രയേൽ-ഹിസ്ബുല്ല യുദ്ധം കനക്കുന്നതും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പെരുമ നൽകുന്നു. പുറമേ ലോകത്തെ മുൻനിര ഉപഭോഗ രാജ്യമായ ഇന്ത്യയിൽ ഉത്സവകാല സീസണായതിനാൽ ഡിമാൻഡ് കൂടുന്നതും വില വർധനയ്ക്ക് ആക്കം കൂട്ടുകയാണ്. രാജ്യാന്തര വില ഔൺസിന് കഴിഞ്ഞദിവസത്തെ 2,668 ഡോളർ എന്ന റെക്കോർഡ് തകർത്ത് ഇന്ന് 2,677.51 ഡോളറിലെത്തി. ഇതാണ് ഇന്ത്യയിലും വില കൂടാനിടയാക്കിയത്.
ജിഎസ്ടി ഉൾപ്പെടെ ഇന്നത്തെ വില
ഒരു പവന് ഇന്ന് വില 56,800 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,484 രൂപ കൊടുത്താൽ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാം; ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,685 രൂപയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]